
ഇസ്ലാമാബാദ്: അറബിക്കടലിൽ തുറമുഖം നിർമിക്കുന്നതിനായി പാകിസ്താൻ അമേരിക്കയെ ക്ഷണിച്ചതായി റിപ്പോർട്ട്. പാക് സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീറിന്റെ ഉപദേഷ്ടാക്കൾ യുഎസ് ഊദ്യോഗസ്ഥരെ സമീപിച്ചതായാണ് വിവരം. പാകിസ്താനിലെ സുപ്രധാന ധാതുക്കളുള്ള പസ്‌നി ടൗണിലേക്ക് അമേരിക്കൻ നിക്ഷേപകർക്ക് കൂടി പ്രവേശനം സാധ്യമാക്കുന്നതാണ് പദ്ധതിയെന്ന് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.ബലൂചിസ്ഥാനിലെ ഗവാധാർ ജില്ലയിലെ തുറമുഖ പട്ടണമാണ് പസ്‌നി. അഫ്ഗാനിസ്ഥാൻ, ഇറാൻ എന്നീ രാജ്യങ്ങൾ അതിർത്തിയായി വരുന്ന പ്രദേശമാണ് ഇവിടം.
സെപ്തംബറിൽ പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫും സൈനിക മേധാവി അസിം മുനീറും യുഎസിലെത്തി പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് സുപ്രധാന നീക്കം. കൂടിക്കാഴ്ചയിൽ പാകിസ്താനിലെ കാർഷികം, സാങ്കേതികം, ഖനനം, ഊർജ മേഖലകളിൽ യുഎസ് കമ്പനികളുടെ നിക്ഷേപം പാക് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു. ഈ കൂടിക്കാഴ്ചയ്ക്കിടെ അസിം മുനീർ യുഎസ് ഉദ്യോഗസ്ഥരെ മുഖേന തുറുഖ നിർമാണം സംബന്ധിച്ച കാര്യങ്ങൾ അറിയിച്ചെന്നാണ് റിപ്പോർട്ടുകൾ. തുറമുഖ നിര്‍മാണം, നടത്തിപ്പ് എന്നിവയ്ക്കുള്ള ചുമതല യുഎസിന് നല്‍കുമെന്നാണ് സൂചന.
തുറമുഖം നിർമിച്ചാലും യുഎസ് സൈനിക താവളങ്ങൾക്കായി അത് ഉപയോഗപ്പെടുത്തിയേക്കില്ല. എന്നാൽ ധാതു സമ്പന്നമായ പ്രദേശത്തെ ബന്ധിപ്പിച്ച് ട്രെയിൻ സംവിധാനം നടപ്പാക്കാനാണ് പദ്ധതിയിലൂടെ പാകിസ്താൻ ലക്ഷ്യമിടുന്നത്.
Content Highlights: Pakistan Approaches US To Construct Port On Arabian Sea