
ലോകത്തെങ്ങും ഐഫോണിന് ആരാധകർ ഏറെയാണ്. എപ്പോൾ ഐഫോൺ ലോഞ്ച് ചെയ്താലും അവ ബുക്ക് ചെയ്യാനും വാങ്ങാനും ഉപയോക്താക്കൾ മത്സരമാണ്. ഇന്ത്യയിലും ഇതിന് മാറ്റമില്ല. ഐഫോൺ ക്രേസ് നമുക്ക് ഊഹിക്കാവുന്നതിലും അധികമാണ്. മുംബൈയിലെയും ഡൽഹിയിലെയും ആപ്പിൾ സ്റ്റോറുകളിൽ നീണ്ട തിരക്ക് നമ്മൾ കാണാറുള്ളതാണ്. ഏറ്റവും ഒടുവിൽ ഐഫോൺ 17 സീരീസ് പുറത്തിറക്കിയപ്പോൾ ആപ്പിൾ സ്റ്റോറുകൾ മുന്നിൽ സംഘർഷമുണ്ടായതും വാർത്തയായിരുന്നു.
ആപ്പിളിന്റെ ഈ വളർച്ച പതിയെപ്പതിയെ ഉണ്ടായതാണ്. നല്ല പ്രൊഡക്ടുകൾ മാർക്കറ്റിൽ ഇറങ്ങിയാൽ അവ വാങ്ങാൻ ആളുണ്ടാകും എന്നതാണ് ആപ്പിളിന്റെ സക്സസ് സ്റ്റോറി എന്ന് വിലയിരുത്തലുകളുണ്ട്. ഇതിനിടെ ആപ്പിളിന്റെ ഇന്ത്യൻ സ്മാർട്ട്ഫോൺ മാർക്കറ്റിനെ സംബന്ധിച്ച് ഒരു കണക്ക് പുറത്തുവന്നിരിക്കുകയാണ്.
ഇന്ത്യൻ സ്മാർട്ട്ഫോൺ മാർക്കറ്റിലെ ഐഫോണിന്റെ പങ്ക് 8 മുതൽ 10 ശതമാനത്തോളമാണ് എന്നാണ് കണക്കുകൾ. ഐഫോണിന്റെ മാർക്കറ്റും വില്പനചരിത്രവും പഠനവിധേയമാക്കുകയാണെങ്കിൽ ഇത് വലിയ വളർച്ചയാണ്.
2019ൽ വെറും 1 ശതമാനമായിരുന്നു ആപ്പിളിന്റെ ഇന്ത്യയിലെ മാർക്കറ്റ്. മൂന്ന് വർഷത്തിൽ, അതായത് 2022ൽ അവ ഒറ്റയടിക്ക് 4.6 ശതമാനമായി ഉയർന്നു. സൈബർ മീഡിയ റിസർച്ചിന്റെ കണക്കുകൾ അനുസരിച്ച് 2023 വർഷത്തിലെ ആദ്യ പകുതിയാകുമ്പോഴേക്കും അവ വീണ്ടും ഉയർന്ന് 6 ശതമാനമായി. ആ വർഷം അവസാനിക്കുമ്പോൾ 7 ശതമായിരുന്നു മാർക്കറ്റ് ഷെയർ. 2024ലെ ഒക്ടോബർ - ഡിസംബർ പാദത്തിലെ ഫെസ്റ്റിവൽ സീസണിൽ വലിയ വിൽപ്പനയാണ് ആപ്പിൾ നേടിയത്. ഐഡിസി, കൗണ്ടർപോയിന്റ് എന്നിവർ നൽകുന്ന ഡാറ്റകൾ പ്രകാരം 9 മുതൽ 10 ശതമാനമാണ് മാർക്കറ്റ് ഷെയർ. ഇതോടെ ആപ്പിൾ ഇന്ത്യയിലെ സ്മാർട്ട്ഫോൺ മാർക്കറ്റിലെ ആദ്യ 5ൽ സ്ഥാനമുറപ്പിച്ചിരിക്കുകയാണ്.
നല്ല ടൈമിംഗ്, ഡിസൈൻ എന്നിവയാണ് ആപ്പിളിന്റെ ഈ വിജയത്തിന് പിന്നിൽ എന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ട്രേഡ് ഇൻ സ്കീമുകൾ, ക്യാഷ്ബാക്ക് പാർട്ണർഷിപ്പുകൾ, എളുപ്പത്തിൽ ലഭിക്കുന്ന ഇഎംഐ പ്ലാനുകൾ എന്നിവയും ഐഫോണിനെ ഇന്ത്യക്കാർക്കിടയിൽ പ്രിയങ്കരനാക്കിയിട്ടുണ്ട്. ഫെസ്റ്റിവ് വിലക്കിഴിവുകൾ, ഓൺലൈൻ ഡീലുകൾ എന്നിവയും ഐഫോണിന്റെ വിൽപ്പനയെ സ്വാധീനിച്ചിട്ടുണ്ട്. 24 മാസത്തെ നോ കോസ്റ്റ് ഇഎംഐകളും ഇതിന് കാരണമായിട്ടുണ്ട്.
ഇവയ്‌ക്കെല്ലാം പുറമെ ഇന്ത്യയിലെ പ്രീമിയം സ്മാർട്ട്ഫോൺ മാർക്കറ്റും വലിയ തോതിൽ വളരുകയാണ്. ആപ്പിളിന് യുവതീയുവാക്കൾക്കിടയിൽ വലിയ സ്വാധീനമുണ്ടാക്കാനും കഴിഞ്ഞിട്ടുണ്ട്. ഇവയെല്ലാമാണ് ഐഫോണിന്റെ വിൽപ്പനയിലെ ഉയർച്ചയ്ക്ക് കാരണം എന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇന്ത്യയിലെ റീട്ടെയ്ൽ സ്റ്റോറുകളും ഐഫോണിന്റെ വളർച്ചയ്ക്ക് വലിയ കാരണമായിട്ടുണ്ട്. 2020ലാണ് ഇന്ത്യയിൽ ആപ്പിളിന്റെ ഓൺലൈൻ സ്റ്റോർ വരുന്നത്. 2023ൽ ടിം കുക്ക് തന്നെ മുംബൈ, ഡൽഹി എന്നിവിടങ്ങളിലെ ആദ്യ റീടെയ്ൽ സ്റ്റോറുകൾ ഉദ്‌ഘാടനം ചെയ്തു. ഇതോടെ ആപ്പിളിന്റെ വളർച്ചയും ആർമഭിക്കുന്നു. നിലവിൽ ബംഗളൂരുവിലും പുട്ടിനെയിലും ആപ്പിൾ സ്റ്റോറുകളുണ്ട്. കൂടുതൽ നഗരങ്ങളിലേക്ക് സ്റ്റോറുകൾ വ്യാപിപ്പിക്കാൻ തീരുമാനമായിട്ടുണ്ട്. ഇതോടെ ആപ്പിളിന്റെ ജനപ്രീതി ഇനിയും ഉയരുമെന്നാണ് കണക്കാക്കപ്പെടുന്നത്.
Content Highlights: iphones india market share and how it achieved that