
അമേരിക്കയിൽ ജനിച്ച് വളർന്ന, ഇവിടെ പൗരത്വമുള്ള എന്റെ കുട്ടികൾ അമേരിക്കക്കാരാണോ, അതോ ഇന്ത്യക്കാരാണോ? നിങ്ങൾ എന്തിന്റെ അടിസ്ഥാനത്തിലാണ് പൗരത്വം തീരുമാനിക്കുന്നത് എന്നത് വല്ലാത്ത ചോദ്യമാണ്. കാനഡ, അമേരിക്ക, ബ്രസീൽ, അർജന്റീന തുടങ്ങിയ ചില രാജ്യങ്ങൾ അവിടെ ജനിക്കുന്ന കുട്ടികൾക്ക്, ആ രാജ്യത്ത് ജനിച്ചു എന്ന ഒരേ ഒരു കാരണം കൊണ്ട് പൗരത്വം നൽകും.
രാജ്യത്തിന് പുറത്ത് ജനിച്ചവർക്കും, അവരുടെ കഴിവിനെ അടിസ്ഥാനത്തിൽ കുടിയേറുന്നവർക്ക് ഒരു നിശ്ചിത വർഷം കഴിയുമ്പോൾ, ചില നിബന്ധനകൾക്ക് വിധേയമായി പൗരത്വം നൽകും. സ്വിറ്റ്സർലൻഡ്, ഫിൻലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ അവിടെയുള്ള പൗരന്മാർക്ക് നിർബന്ധിത സൈനിക സേവനവും ഉണ്ട്.
എന്നാൽ ഒരാളുടെ മതത്തിന്റെ അടിസ്ഥാനത്തിൽ മാത്രം പൗരത്വം നൽകുന്ന ഒരേ ഒരു രാജ്യം ഇസ്രയേൽ ആണ്. ലോകത്ത് എവിടെയുള്ള ആളായാലും, എത്രായിരം വർഷങ്ങളായി നിങ്ങൾ ആ രാജ്യത്ത് താമസിക്കുന്നവരായാലും, നിങ്ങൾ ജൂതമത വിശ്വാസി ആണെങ്കിൽ നിങ്ങൾക്ക് ഇസ്രയേൽ പൗരത്വം ലഭിക്കും. ഇങ്ങിനെ ലോകത്തിന്റെ നാനാഭാഗത്ത് നിന്ന് വന്നുകൊണ്ടിരിക്കുന്നവർക്ക് താമസിക്കാൻ ഇസ്രയേലിൽ സ്ഥലം എവിടെയാണ് ചോദ്യത്തിന്റെ ഉത്തരം ലളിതമാണ്.
ആയിരക്കണക്കിന് വർഷങ്ങളായി പലസ്തീനിൽ ജീവിക്കുന്ന ആളുകളെ ബലം പ്രയോഗിച്ച് പുറത്താക്കി, ഐക്യരാഷ്ട്രസഭയുടെ നിർദേശങ്ങൾ കാറ്റിൽ പറത്തി അനധികൃതമായി പലസ്തീൻ ഭൂമി പിടിച്ചെടുത്ത് സെറ്റിൽമെന്റ് പണിതാണ് ഇങ്ങിനെ വരുന്നവർക്ക് വീടൊരുക്കുന്നത്.
ഗാസയെയും ഹമാസിനെയും കുറ്റം പറയുന്നവർ ഉത്തരം പറയേണ്ട ഒന്നാണ് ഹമാസ് ഇല്ലാത്ത വെസ്റ്റ് ബാങ്കിൽ ഈ വർഷമാദ്യം ഇസ്രയേൽ പ്രഖ്യാപിച്ച അഞ്ച് സെറ്റിൽമെന്റുകൾ. ഇതുൾപ്പെടെ 144 അനധികൃത സെറ്റിൽമെന്റുകൾ വെസ്റ്റ് ബാങ്കിലുണ്ട്. ഓർക്കുക വെസ്റ്റ് ബാങ്കും, ഗാസയും ഇസ്രയേലിന്റെ ഭാഗമേ അല്ല. ഇങ്ങിനെയുള്ള അനധികൃത സെറ്റിൽമെന്റുകളിൽ മാത്രം അഞ്ചു ലക്ഷത്തിലേറെ ജൂതന്മാർ താമസിക്കുന്നുണ്ട്.
എന്റെ കുട്ടികളുടെ ഉദാഹരണം തന്നെ എടുത്ത് കേരളത്തിന്റെ ഭൂമിശാസ്ത്രവുമായി ബന്ധപ്പെടുത്തി ഒരു ഉദാഹരണം പറഞ്ഞാൽ ഇതിന്റെ പ്രശ്നം നിങ്ങൾക്ക് കൂടുതൽ വ്യക്തമാകും. കൊച്ചിയിൽ ജനിച്ച് അമേരിക്കയിലേക്ക് കുടിയേറിയ എന്റെ കുട്ടികളുടെ എൺപതാമത്തെ തലമുറയിൽ പെട്ട കുറച്ച് ആളുകൾ ഇന്നേക്ക് രണ്ടായിരം വർഷങ്ങൾക്ക് ശേഷം, എറണാകുളം നഗരം അവർക്ക് കൂടി സ്വന്തമായതാണെന്ന അവകാശത്തോടെ വന്നു എന്ന് കരുതുക. അവർ സൈനികമായി ആക്രമിച്ച് എറണാകുളം പിടിച്ചെടുക്കുന്നു. അവിടെ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കുന്ന മുസ്‌ലിങ്ങളെ കൊച്ചിക്ക് പുറത്തേക്ക് പോകാൻ ആജ്ഞാപിക്കുകയും, അത് ചെയ്യാത്ത ലക്ഷക്കണക്കിന് മുതിർന്നവരെയും കുട്ടികളെയും മട്ടാഞ്ചേരിയിലേക്ക് നിർബന്ധിച്ച് മാറ്റുകയും ചെയ്യുന്നു എന്ന് കരുതുക.
ഇതിന്റെ കൂടെ പട്ടാള ചെക്ക് പോസ്റ്റുകളും സ്ഥാപിക്കുന്നു. മട്ടാഞ്ചേരിയിൽ നിന്ന് ഒരു അത്യാവശ്യത്തിന് ആളുകൾ ഓടിച്ചെല്ലുന്ന ആശുപത്രിയാണ് മെഡിക്കൽ ട്രസ്റ്റ്. അങ്ങോട്ട് പോകുന്ന വഴിക്ക് പത്തോളം ചെക്ക് പോസ്റ്റുകൾ സ്ഥാപിക്കുകയും, ഓരോ ചെക്ക് പോസ്റ്റിലും ഓരോ മണിക്കൂർ വീതം ഇപ്പറഞ്ഞ ആളുകൾ കാത്തിരിക്കേണ്ട അവസ്ഥയും ആലോചിക്കുക. ഇത് ഞാൻ ഉണ്ടാക്കിപ്പറയുന്നതല്ല, അനേകം പലസ്തീൻ സ്ത്രീകളാണ് ഇസ്രയേൽ ചെക്ക് പോസ്റ്റുകളിലെ കാലതാമസം കാരണം ആശുപത്രിയിൽ പോകാനാകാതെ ചെക്ക് പോസ്റ്റുകളിൽ പ്രസവിക്കുന്നത്. ആളുകളെ തോക്കെടുക്കാൻ പ്രേരിപ്പിക്കുന്ന അനേകം കാര്യങ്ങൾ തങ്ങൾ ബലപ്രയോഗത്തിലൂടെ അധിനിവേശം നടത്തിയ ഗാസയിലും വെസ്റ്റ് ബാങ്കിലും ഇസ്രയേൽ ചെയ്യുന്നുണ്ട്. രാവിലെ ജോലിക്ക് പോകാൻ ഓരോ പലസ്തീനിക്കും ഇസ്രയേലിന്റെ പെർമിറ്റ് വേണം.
എഴുതിക്കൊണ്ടിരുന്നാൽ നീളം ഇനിയും കൂടുമെന്നുളത് കൊണ്ട് മാത്രം നിർത്തുന്നു
Content Highlights: