ഇസ്രയേലിൻ്റെ വംശഹത്യയ്‌ക്കെതിരെ ലോകത്തെ ഒരുമിപ്പിച്ച പൊളിറ്റിക്കൽ ആക്ടിവിസം; മാനവികതയുടെ പ്രതീകമായി ഫ്ളോട്ടില

ഗാസയിലേക്കുള്ള 42 ഗ്ലോബൽ സുമുദ് ഫ്ലോട്ടില ബോട്ടുകളും കഴിഞ്ഞ ദിവസം ഇസ്രയേൽ പിടിച്ചെടുത്തെങ്കിലും ഒരു മാനുഷിക സന്ദേശത്തിൻ്റെ, പോരാട്ടത്തിൻ്റെ പുതിയ മുഖമായി ഫ്ലോട്ടില മാറി

ഇസ്രയേലിൻ്റെ വംശഹത്യയ്‌ക്കെതിരെ ലോകത്തെ ഒരുമിപ്പിച്ച പൊളിറ്റിക്കൽ ആക്ടിവിസം; മാനവികതയുടെ പ്രതീകമായി ഫ്ളോട്ടില
ആമിന കെ
1 min read|04 Oct 2025, 05:01 pm
dot image

പ്രത്യാശയുടെയും മാനവികതയുടെയും ധീരമായ പ്രഖ്യാപനമായിരുന്നു ആ ചെറിയ ബോട്ടുകൾ, ആയുധങ്ങളോ അക്രമാഹ്വാനമോ ഇല്ലാതെ സമാധാനത്തോടെയുള്ള യാത്ര. വിശന്ന് വലഞ്ഞിരിക്കുന്ന കുഞ്ഞുങ്ങളടക്കമുള്ള ജനതയ്ക്കുള്ള ഭക്ഷണവും വെള്ളവും അവശ്യ മരുന്നുകളും ഒപ്പം തനിച്ചല്ലെന്നുള്ള സന്ദേശവും പേറിയായിരുന്നു ഈ ബോട്ടുകളുടെ യാത്ര. ഗാസയിലേക്കുള്ള 42 ഗ്ലോബൽ സുമുദ് ഫ്ലോട്ടില ബോട്ടുകളും കഴിഞ്ഞ ദിവസം ഇസ്രയേൽ പിടിച്ചെടുത്തെങ്കിലും ഒരു മാനുഷിക സന്ദേശത്തിൻ്റെ, പോരാട്ടത്തിൻ്റെ പുതിയ മുഖമായി ഫ്ലോട്ടില മാറി. ഒരു തരത്തിൽ പറഞ്ഞാൽ ​ഗാസയ്ക്ക് വേണ്ടിയുള്ള പോരാട്ടങ്ങളിൽ നി‍ർണായകമായ നിലപാട് പ്രഖ്യാപനം കൂടി ഫ്ലോട്ടില നടത്തിയെന്ന് വേണം വിലയിരുത്താൻ. അതൊരു തരത്തിൽ അധിനിവേശത്തിനും വംശഹത്യയ്ക്കും എതിരായി ലോകത്തെ ഒരുമിച്ച് നിർത്താനുള്ള പ്രചോദനം കൂടിയായി മാറി.

ഗാസയ്ക്ക് വേണ്ടി കഴിഞ്ഞ കാലങ്ങളിൽ തെരുവുകളിൽ ആയിരങ്ങളാണ് പ്രതിഷേധവുമായി ഇറങ്ങി കൊണ്ടിരിക്കുന്നത്. എന്നാൽ ഫ്ലോട്ടില പിടിച്ചെടുത്തതോടെ പ്രതിഷേധത്തിൻ്റെ ഗതിയും വ്യാപ്തിയും മാറി. ​പലസ്തീൻ ഐക്യദാർഢ്യ നീക്കത്തെ ലോകമെമ്പാടും ഏകോപിപ്പിക്കുന്ന ഒരു ചാലകശക്തിയായി ഫ്ലോട്ടില മാറി കഴിഞ്ഞു. ഫ്ലോട്ടിലയെ ഇസ്രയേൽ തടഞ്ഞതിന് പിന്നാലെ വലതുപക്ഷ രാഷ്ട്രീയത്തെ പിന്തുണയ്ക്കുന്ന പല രാജ്യങ്ങളുടെയും തെരുവുകൾ പോലും സ്തംഭിച്ചു. അവിടെ അവർ ഫ്ളോട്ടിലയ്ക്കുള്ള ഐക്യദാർഢ്യത്തിനൊപ്പം ഗാസ തനിച്ചല്ലെന്നും കൂടി ഉറക്കെ അടയാളപ്പെടുത്തി.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായാണ് ഇസ്രയേൽ ഗാസയിലേക്ക് തിരിച്ച 42 ഫ്ലോട്ടില ബോട്ടുകളും പിടിച്ചെടുത്തത്. ബോട്ടുകളിലെ 44 രാജ്യങ്ങളിൽ നിന്നുള്ള 462 ആക്ടിവിസ്റ്റുകളെ തടവിലാക്കുകയും ചെയ്തു. പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തുൻബർഗ്, അമേരിക്കൻ നടി സൂസൻ സറണ്ടൻ, നെൽസൻ മണ്ടേലയുടെ ചെറുമകൻ മണ്ട്‌ല മണ്ടേല, ബാഴ്‌സലോണ മേയർ അദ കൊളോ തുടങ്ങിയ ആക്ടിവിസ്റ്റുകളാണ് ഫ്ലോട്ടിലയിൽ യാത്ര തിരിച്ചത്. സ്‌പെയിനിൽ നിന്ന് 49 ഉം ഇറ്റലിയിൽ നിന്ന് 22 ഉം പേരടങ്ങുന്ന സംഘവും ഇതിൽ ഉൾപ്പെടുന്നു. എന്നാൽ ഇസ്രയേലിൻ്റെ മുന്നിൽ അടിയറവ് പറയില്ലെന്ന് പ്രഖ്യാപിച്ച് ഫ്രീഡം ഫ്‌ലോട്ടിലയുടെ പങ്കാളിത്തത്തിൽ മദ്‌ലീൻ, കോൺസയൻസ് ബോട്ടുകൾ ഗാസയിലേക്ക് തിരിച്ചിട്ടുണ്ട്.

ഫ്ലോട്ടിലയെ തടഞ്ഞതിനെതിരെ ലോകം മുഴുവൻ പ്രതിഷേധവുമായി രംഗത്തെത്തിയതാണ് കഴിഞ്ഞ ദിവസങ്ങളിൽ നാം കണ്ടത്. മറ്റെവിടെയും കാണാത്ത രീതിയിലുള്ള പിന്തുണയാണ് ഫ്ലോട്ടിലയ്ക്ക് ലഭിച്ചത്. തുർക്കി, മലേഷ്യ, സൗത്ത് ആഫ്രിക്ക, കൊളംബിയ, യുകെ, ജർമനി, സ്‌പെയ്ൻ, ഗ്രീസ്, പാകിസ്താൻ, ബെൽജിയം, ഫ്രാൻസ് അടക്കമുള്ള രാജ്യങ്ങളിൽ ഇസ്രയേലിനെതിരെ ശക്തമായ പ്രതിഷേധം ഫ്ളോട്ടിലയുടെ പേരിൽ ശക്തമായി ഉയർന്നിരുന്നു.

ഇസ്രയേൽ അനുകൂല നിലപാട് സ്വീകരിക്കുന്ന ഇറ്റാലിയൻ ഭരണകൂടത്തെ പിടിച്ച് കുലുക്കുന്ന കാഴ്ചയാണ് നാം കണ്ടത്. പൊതുവേ തങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടിയാണ് തൊഴിലാളി യൂണിയനുകൾ അതത് രാജ്യങ്ങളിൽ പണിമുടക്ക് നടത്താറുള്ളത്. എന്നാൽ പലസ്തീന് വേണ്ടി, ഫ്ലോട്ടില പിടിച്ചെടുത്ത ഇസ്രയേലിന്റെ നടപടിക്കെതിരെ ഇറ്റലിയിൽ ഇന്നലെ പൊതുപണിമുടക്ക് നടന്നു. ഏതാണ്ട് രണ്ട് ദശലക്ഷത്തിലധികം ആളുകളാണ് ഒക്ടോബർ 3ന് ഇറ്റലിയിൽ പൊതുപണിമുടക്കിൽ അണിനിരന്നത്. ഇറ്റലിയിലെ തുറമുഖങ്ങൾ പണിമുടക്കിൽ സ്തംഭിക്കുകയും ഇസ്രയേലി കപ്പലുകൾക്ക് കയറ്റുമതിയോ ഇറക്കുമതിയോ സാധ്യമാകാതെ മടങ്ങേണ്ടി വന്നതും യൂറോപ്പിനെ സംബന്ധിച്ച് അപൂർവ്വ കാഴ്ചയായിരുന്നു. പണിമുടക്കിനെതിരെ പ്രധാനമന്ത്രി ജോർജിയ മലോണി രംഗത്തെത്തിയിട്ടും പ്രതിഷേധം തുടരുകയായിരുന്നു.

Protest in Italy for Gaza
ഇറ്റലിയിലെ പ്രതിഷേധത്തിൽ നിന്നും

ഇറ്റലിയിൽ മാത്രമല്ല, യൂറോപ്പ് മുതൽ ഓസ്‌ട്രേലിയയും സൗത്ത് അമേരിക്കയും വരെയുള്ള പ്രദേശങ്ങളിൽ വ്യാപക പ്രതിഷേധമാണുണ്ടായത്. Gaza You are not alone എന്ന് പറഞ്ഞാണ് ബാഴ്‌സലോണയിൽ 15000ത്തിലധികം പേർ സംഘടിച്ചത്. സ്‌പെയ്‌നിലെ വിവിധ നഗരങ്ങൾക്ക് പുറമെ, ഡബ്ലിനിലും പാരിസിലും ഫ്ളോട്ടിലയക്കും ഗാസയ്ക്കും വേണ്ടി ആയിരങ്ങളാണ് രംഗത്ത് ഇറങ്ങിയത്. റോമിൽ മാത്രം 10000 പേരും സംഘടിച്ചു. ട്യൂണിസ്, ബ്രസീലിയ, ബ്യൂണസ് ഐറിസ്, സിഡ്‌നി, ഇസ്താംബൂൾ അടക്കമുള്ള രാജ്യങ്ങളിൽ പ്രതിഷേധം അലയടിച്ചു. ബ്രസൽസിൽ യൂറോപ്യൻ യൂണിയൻ്റെ പാർലമെൻ്റിന് പുറത്ത് 3000 പേരാണ് സംഘടിച്ചത്.

ചുരുക്കി പറഞ്ഞാല്‍ കഴിഞ്ഞ രണ്ട് കൊല്ലമായി ഗാസയ്ക്ക് വേണ്ടി ലോകത്ത് പലയിടങ്ങളില്‍ നടന്ന ഒറ്റപ്പെട്ട പ്രതിഷേധങ്ങളെ ഒരൊറ്റ സമരമെന്ന വൈകാരികതയിലേയ്ക്ക് കോര്‍ത്തെടുക്കാന്‍ ഫ്‌ളോട്ടിലയ്ക്ക് സാധിച്ചിട്ടുണ്ട്. ആ അര്‍ത്ഥത്തില്‍ പറയുമ്പോള്‍ ഈ ബോട്ടിലുണ്ടായിരുന്ന അഞ്ഞൂറോളം പേര്‍ ലോകത്തെ മാറ്റിമറിച്ചിരിക്കുകയാണ്. ഗാസയ്ക്കായി ലോകത്തിന്റെ പല ഭാഗങ്ങളില്‍ സമരം ചെയ്യുന്ന ലക്ഷകണക്കിന് മനുഷ്യരുടെ പ്രതീകമായി ഫ്‌ലോട്ടില അക്ഷരാര്‍ത്ഥത്തില്‍ മാറി. മാനവികതയ്ക്ക് വേണ്ടി ഉയരുന്ന രാഷ്ട്രീയ പ്രതിരോധങ്ങള്‍ ഒരു ന്യൂനപക്ഷത്തിന്റെ മാത്രം ആവശ്യമെന്ന നിലയില്‍ പലപ്പോഴും ചിതറി പോകുകയും ലക്ഷ്യത്തിലേയ്ക്ക് എത്താതെ തളര്‍ന്ന് വീഴുകയും ചെയ്യുന്ന കാലത്താണ് നാമിപ്പോള്‍ ജീവിക്കുന്നത്. ഗാസയ്ക്ക് വേണ്ടിയുള്ള പ്രതിഷേധങ്ങളെയും അധിനിവേശത്തിനെതിരെയുള്ള പോരാട്ടങ്ങളെയും ആ രീതിയില്‍ മുദ്ര കുത്താനുള്ള ശ്രമങ്ങള്‍ ഇപ്പോള്‍ നടക്കുന്നുണ്ട്. ഇവിടെയാണ് ഗാസയ്ക്കായി ഒരുമിക്കുന്ന ലോകത്തിന്റെ മുഖമായി ഫ്‌ലോട്ടില മാറുന്നത്. ദേശത്തിനും വംശത്തിനും ജാതിയ്ക്കും മതത്തിനും എല്ലാം അപ്പുറത്തേക്ക് സാര്‍വദേശീയമായ മാനുഷിക ഇടപെടലിന്റെ രാഷ്ട്രീയ മുഖമായി ഫ്‌ലോട്ടില എന്ന ബോട്ട് മാറിയിരിക്കുന്നു.

വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരുടെ സാന്നിധ്യം ഉണ്ടായിരുന്നതിനാൽ തന്നെ ഈ സമരങ്ങൾ അതത് രാജ്യങ്ങളെ പിടിച്ചുലക്കിയിട്ടുണ്ട്. സ്വന്തം പൌരന്മാർ ബോട്ടുകളിലുണ്ടായത് കൊണ്ട് തന്നെ ഫ്ളോട്ടിലയിലെ ആക്ടിവിസ്റ്റുകളെ വിടാൻ പലരാജ്യങ്ങൾക്കും ഇസ്രയേലിനോട് ആവശ്യപ്പെടേണ്ടി വന്നിട്ടുണ്ട്. ഈ തടവുകാരെ ഇസ്രയേൽ വിട്ടുനൽകുമെന്നത് തീർച്ചയാണ്. എന്നാൽ 100 വർഷത്തേക്ക് ഇസ്രയേലിലേക്ക് പ്രവേശിക്കുന്നത് വിലക്കി കൊണ്ടുള്ള നാടുകടത്തൽ അടക്കമുള്ളവ പ്രയോഗിച്ചായിരിക്കും ഫ്ളോട്ടിലയിൽ നിന്ന് തടവിലാക്കിയ ആക്ടിവിസ്റ്റുകളെ ഇസ്രയേൽ തിരിച്ചയക്കുക. എന്നാൽ ഇതുകൊണ്ടൊന്നും ​ഗാസയിലെ ജനങ്ങളുടെ പക്ഷം ചേരാനുള്ള മാനവിക പക്ഷത്തുള്ളവരുടെ തീരുമാനത്തെ തടയാൻ ഇസ്രയേലിന് കഴിയില്ലെന്നാണ് ലോകം പ്രഖ്യാപിക്കുന്നത്. ​ഒരുപക്ഷെ ഒന്നും സംഭവിക്കാതെ ​ഗാസയുടെ തീരം അണയുമായിരുന്ന ഫ്ളോട്ടില ദൗത്യത്തെക്കാൾ കരുത്തുറ്റതായി മാറിയിരിക്കുകയാണ് പാതിവഴിയിൽ തടയപ്പെട്ട ആ ദൗത്യം. പൊളിറ്റിക്കൽ ആക്ടിവിസത്തിൻ്റെ സാർവദേശീയ ഇടപെടലുകളെ വലതുപക്ഷ രാഷ്ട്രീയം അരാഷ്ട്രീയമായി അടിച്ചമർത്തി ദുർബലപ്പെടുത്തുന്ന കാലത്ത് ഫ്ളോട്ടില പ്രതീക്ഷയുടെ തുരുത്താണ്, ​ഗാസയ്ക്ക് മാത്രമല്ല മാനവികത ചോദ്യം ചെയ്യപ്പെടുന്ന ഏത് ഭൂമികകളെ സംബന്ധിച്ചും.

Content Highlights: Global Sumud Flotila make s new space for protection in Globally for Gaza

dot image
To advertise here,contact us
dot image