
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലോകം ഭരിക്കുന്ന കാലത്തിലൂടെയാണ് നമ്മൾ കടന്നുപോകുന്നത്! എന്തിനും ഏതിനും എഐ എന്ന രീതിയിലേക്ക് കാര്യങ്ങൾ മാറിക്കഴിഞ്ഞു. പല കാര്യങ്ങളിലും മനുഷ്യർക്ക് പകരം എഐ എന്ന രീതിയിലേക്കും കാര്യങ്ങൾ എത്തുകയാണ്. ഓരോ കമ്പനികളും മത്സരിച്ചാണ് തങ്ങളുടെ എഐ ചാറ്റ്ബോട്ടുകളെയും മറ്റും പുറത്തിറക്കുന്നത്. ശതകോടീശ്വരൻ ഇലോൺ മസ്കും ഇത്തരത്തിൽ ഗ്രോക് എഐ പുറത്തിറക്കിയിരുന്നു. ഇപ്പോൾ ഗ്രോക് എഐയെ കുറച്ച് കാര്യങ്ങൾ പഠിപ്പിക്കാൻ മനുഷ്യരെ തിരയുകയാണ് മസ്‌ക്.
ഗ്രോക് എഐയെ വീഡിയോ ഗെയിം ലോകത്തെക്കുറിച്ച് പഠിപ്പിക്കാൻ ആളെത്തിരയുകയാണ് മസ്‌ക് എന്നാണ് റിപ്പോർട്ടുകൾ. കമ്പനിയുടെ കരിയർ പേജിലാണ് 'വീഡിയോ ഗെയിം ട്യൂട്ടർസ്' എന്ന പേരിൽ ഓപ്പണിങ് ആരംഭിച്ചിട്ടുള്ളത്. ഗ്രോക് എഐയിനെ ഗെയിം മെക്കാനിക്സ്, സ്റ്റോറിടെല്ലിങ് ഡിസൈൻ, യൂസർ എക്സ്പീരിയൻസ് എന്നിവയിൽ ട്രെയിൻ ചെയ്യിക്കാനാണ് മസ്‌ക് ആളെ തേടുന്നത്. എഴുത്തുകൾ മൂലമുളള ആശയവിനിമയത്തിന് പുറമെ വീഡിയോ ഗെയിമുകളിൽ കൂടി ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഈ നീക്കം എന്നാണ് റിപ്പോർട്ടുകൾ. തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികൾ ഗ്രോക്കിനെ കൃത്യമായി നിരീക്ഷിക്കും. കൂടാതെ ഗ്രോക്കിന്റെ വീഡിയോ ഗെയിമിങ് പ്രക്രിയ നിരീക്ഷിക്കുകയും ചെയ്യും.
ഗെയിമുകൾക്ക് വേണ്ട ഇൻപുട്ടുകൾ നൽകുക, മെക്കാനിക്സ് ഉണ്ടാക്കുക, അവയുടെ സ്റ്റോറിലൈൻ, ഡിസൈൻ എന്നിവ നിർമിക്കുക എന്നതെല്ലാമാണ് തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികളുടെ ജോലി. വീഡിയോ ഗെയിമുകളെ എങ്ങനെ മികച്ചതാക്കാം, താത്പര്യം എങ്ങനെ വർദ്ധിപ്പിക്കാം എന്നതടക്കമുള്ള ആശയങ്ങളും തിരഞ്ഞെടുക്കപ്പെടുന്നവർ നൽകണം. X AIയുടെ സാങ്കേതികവിദഗ്ധരോടൊപ്പവും ഇവർ ജോലി ചെയ്യേണ്ടിവരും. എഐയെ ട്രെയിൻ ചെയ്യിക്കാൻ മനുഷ്യ ഇടപെടലുകൾ അനിവാര്യമാണ് എന്നത് അടിവരയിടുന്നതാണ് മസ്കിൻ്റെ പുതിയ നീക്കം എന്നാണ് വിലയിരുത്തൽ.
ഗെയിം ഡിസൈൻ, കംപ്യൂട്ടർ സയൻസ്, അവയോടനുബന്ധ മേഖലകൾ തുടങ്ങിയവയിൽ പ്രാവീണ്യം ഉള്ളവരെയാണ് ജോലിക്കെടുക്കുക. പ്രോജക്ടുകൾ തയ്യാറാക്കാനും അവതരിപ്പിക്കാനുമുള്ള കഴിവ്, ഗെയിം ഡെവലപ്മെന്റിലെ പരിചയസമ്പത്ത് എന്നിവയും പരിഗണിക്കുന്നുണ്ട്. ഇത് കൂടാതെ എഐ അസിസ്റ്റഡ് ഗെയിം ഡെവലപ്മെന്റ്, ഗെയിമുകൾ കളിച്ചുള്ള വലിയ പരിചയം എന്നിവയും പരിഗണിക്കുന്നുണ്ട്.
പാലോ ആൾട്ടോ, കാലിഫോർണിയ ഓഫീസുകളിലാണ് ജോലി ഒഴിവുകൾ ഉള്ളത്. അഞ്ച് ദിവസം ഓഫീലെത്തണം. വർക്ക് ഫ്രം ഹോമും പരിഗണിക്കുന്നതാണ് എന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. വ്യോമിംഗ്, ഇല്ലിനോയിസ് എന്നിവിടങ്ങളിലുള്ളവരെ അപേക്ഷിക്കുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അപേക്ഷകർക്ക് ക്രോംബുക്ക് ആക്സസ്, macOS 11 അല്ലെങ്കിൽ അതിനും മുകളിലുള്ള മാക് സിസ്റ്റം, അല്ലെങ്കിൽ വിൻഡോസ് 10 കംപ്യൂട്ടർ, സ്മാർട്ട്ഫോൺ എന്നിവ ഉണ്ടായിരിക്കണം എന്നതും നിർബന്ധമാണ്.
Content Highlights: Musk want humans to train grokAI