
തിരുവനന്തപുരം: വര്‍ക്കലയില്‍ വിദേശ പൗരന് ക്രൂരമര്‍ദ്ദനം. ഗ്രീക്ക് സ്വദേശിയായ റോബര്‍ട്ടിനാണ് മര്‍ദ്ദനമേറ്റത്. വര്‍ക്കല ബീച്ചില്‍ വാട്ടര്‍ സ്‌പോര്‍ട്‌സ് നടത്തുന്ന തൊഴിലാളികളാണ് മര്‍ദ്ദിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. കഴിഞ്ഞ ദിവസം റോബര്‍ട്ടിന്റെ ഫോണ്‍ കാണാതായിരുന്നു.
ഇതന്വേഷിച്ചിറങ്ങിയ റോബര്‍ട്ട് രാവിലെ കടലില്‍ കുളിക്കാനിറങ്ങി. ഈ സമയം വാട്ടര്‍ സ്‌പോര്‍ട്‌സ് നടത്തിപ്പുകാരായ തൊഴിലാളികള്‍ വിദേശിയെ കടലിലിറങ്ങാന്‍ അനുവദിച്ചില്ല. തുടര്‍ന്ന് ഇരുകൂട്ടരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായി. പിന്നാലെയാണ് മര്‍ദ്ദനം ഉണ്ടായത്. വിദേശിയുടെ കണ്ണിന് സാരമായി പരിക്കേറ്റിട്ടുണ്ട്. നാട്ടുകാര്‍ ഇടപെട്ടതിനെ തുടര്‍ന്ന് സംഘം പിന്മാറുകയായിരുന്നു. പരിക്കേറ്റ റോബര്‍ട്ടിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Content Highlights: foreigner attacked in varkala