
ഐഫോണുമായി ബന്ധപ്പെട്ട് എപ്പോഴും ഉയർന്നുവരുന്ന പ്രധാനപ്പെട്ട വിമർശനം എപ്പോഴും ഒരുപോലത്തെ ഡിസൈൻ ആകും ഉണ്ടാകുക എന്നതാണ്. സാങ്കേതികവിദ്യയുടെ കാര്യത്തിൽ മാറ്റങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും അന്നും ഇന്നും ഡിസൈനില്‍ അത് പ്രതിഫലിച്ച് കണ്ടിട്ടില്ല. മറ്റ് പല മൊബൈൽ കമ്പനികൾ പലതരത്തിലുള്ള മോഡലുകൾ പരീക്ഷിക്കുമ്പോഴും ഐഫോൺ എന്നും ഒരേപോലെയാണെന്ന വിമർശനം പതിവായി ഉയരാറുണ്ട്. ഇതിനെല്ലാം അടുത്ത വർഷം മുതൽ ഒരു അറുതി വരികയാണ്.'
ആപ്പിൾ തങ്ങളുടെ ആദ്യത്തെ ഫോൾഡബിൾ ഐഫോൺ പുറത്തിറക്കാനിരിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ. അടുത്ത വർഷം സെപ്തംബറിലായിരിക്കും ഐഫോൺ 18 ആയി ഫോൾഡബിൾ ഐഫോണും പുറത്തിറങ്ങുക. മറ്റ് കമ്പനികൾ ഈ മോഡലുകൾ നേരത്തെ പുറത്തിറക്കിയിരുന്നെങ്കിലും ആപ്പിൾ അതിന് മുതിർന്നിരുന്നില്ല.
ഫോൾഡബിൾ ഐഫോണിൽ എന്തൊക്കെ ഫീച്ചറുകളാണ് ഉണ്ടായിരിക്കുക എന്നത് സംബന്ധിച്ചുള്ള ചില വിവരങ്ങളും ലഭിക്കുന്നുണ്ട്. മാധ്യമസ്ഥാപനമായ ബ്ലൂംബെർഗിലെ മാർക്ക് ഗൺമാൻ എന്ന മാധ്യമപ്രവർത്തകൻ പറയുന്നത് പ്രകാരം സാംസങ് ഗാലക്‌സി Z ഫോൾഡ് റേഞ്ച് പോലെയുള്ള ഒരു ഫോണായിരിക്കും ഫോൾഡബിൾ ഐഫോണും. നാല് കാമറകളാകും ഉണ്ടാകുക. ടച്ച് ഐഡി തിരിച്ചുവരും.
ആപ്പിളിന്റെ വിതരണകമ്പനികൾ പുതിയ മോഡൽ നിർമിക്കാനുള്ള നടപടികൾ ആരംഭിച്ചുകഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ. നിലവിൽ ഡിസൈൻ എങ്ങനെയാകണം എന്നത് സംബന്ധിച്ചുള്ള ചർച്ചകൾ നടക്കുകയാണ്. കറുപ്പും വെളുപ്പും നിറങ്ങൾ മാത്രമുള്ള മോഡലുകൾ ആദ്യം പുറത്തിറങ്ങും എന്നാണ് സൂചന. ആപ്പിളിന്റെ പുതിയ C2 മോഡം ചിപ്പ് ആയിരിക്കും ഫോണിൽ ഉണ്ടാകുക. 18 പ്രൊ സീരീസിലും ഈ ചിപ്പ് ആകും ഉണ്ടാകുക.
എയർ ഗ്യാപ്പുകൾ മൂലം സ്‌ക്രീനിൽ ഉണ്ടാകുന്ന ക്രീസുകൾ എങ്ങനെ ഇല്ലാതാക്കാം എന്നതായിരിക്കും ആപ്പിൾ നേരിടാൻ പോകുന്ന പ്രതിസന്ധി. നേരത്തെ ഓൺ സെൽ ടച്ച് സെൻസസറുകളാണ് ഫോൾഡബിൾ ഐഫോണുകളിൽ ആപ്പിൾ ഉപയോഗിക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ ഇൻ സെൽ ടച്ച് ടെക്നൊളജിയാകും ആപ്പിൾ ഉപയോഗിക്കുക.
സാംസങ് ഗാലക്‌സി Z ഫോൾഡ് മോഡലുകളെക്കാൾ അൽപ്പം ചെറുതായിരിക്കും ഫോൾഡബിൾ ഐഫോൺ എന്നും സൂചനകളുണ്ട്. 7.8-ഇഞ്ച് ഇന്നർ ഡിസ്പ്ലേ, 5.5-ഇഞ്ച് കവർ സ്ക്രീൻ എന്നിങ്ങനെയായിരിക്കും ഉണ്ടാകുക എന്നാണ് റിപ്പോർട്ടുകൾ. വിപണിയിലെ ഏറ്റവും 'മെലിഞ്ഞ' മോഡൽ ആയിട്ടായിരിക്കും ഫോൺ എത്തുക എന്നും അഭ്യൂഹങ്ങളുണ്ട്. ഫോൾഡബിൾ ഐഫോണിന്റെ ഇന്ത്യയിലെ വില 1.75 ലക്ഷമാകും എന്നാണ് കരുതപ്പെടുന്നത്. പ്രൊ മാക്സ് മോഡലിനേക്കാൾ വില കൂടും എന്നർത്ഥം. സാധാരണയായി ഫോൾഡബിൾ ഫോണുകൾക്ക് ലഭിച്ചുവരുന്ന ജനപ്രീതി സ്വാഭാവികമായും ഐഫോണിനും ലഭിക്കുമെന്നാണ് കരുതുന്നത്.
Content Highlights: what will be there at foldable iphone?