
ഓരോ ഐഫോൺ മോഡലുകളുടെയും ലോഞ്ച് തിയതിക്കായി ഐഫോൺ ആരാധകർ ആകാംക്ഷയോടെയാണ് കാത്തിരിക്കുക. ആപ്പിൾ സ്റ്റോറുകളിലും ഷോറൂമുകളിലും നീണ്ട വരിയാണ് ആദ്യ വില്‍പന ആരംഭിക്കുന്നത് മുതല്‍. ഐഫോണുകളോട് മറ്റ് ഫോണുകളെ അപേക്ഷിച്ച് ആളുകൾക്ക് ഇഷ്ടം കൂടുതലാണ്. ഇപ്പോള്‍ ഐഫോൺ ആരാധകരെ നിരാശപ്പെടുത്തുന്ന ഒരു റിപ്പോർട്ടാണ് പുറത്തുവരുന്നത്.
എല്ലാ വർഷവും സെപ്റ്റംബറിലാണ് ഐഫോൺ ലോഞ്ച് ഉണ്ടാകുക. ഈ വർഷം ഐഫോൺ 17 ആണ് പുറത്തിറങ്ങുക. എന്നാൽ 2026 സെപ്റ്റംബറിൽ നടക്കേണ്ട ഐഫോൺ 18 ലോഞ്ചിൽ ഒരു പ്രധാന മാറ്റമുണ്ടാകും എന്നാണ് സൂചന. ഐഫോൺ 18 സീരീസിൽ അക്കൊല്ലം ഐഫോൺ 18 ബേസ് മോഡൽ ഉണ്ടാകില്ല. പകരം ആപ്പിളിന്റെ ഏറ്റവും പുതിയ ഫോൾഡബിൾ ഐഫോണാകും ഉണ്ടാകുക. അതായത് ഐഫോൺ 18 എയർ, ഐഫോൺ 18 പ്രൊ, ഐഫോൺ 18 പ്രൊ മാക്സ്, ഒപ്പം പുതിയ ഫോൾഡബിൾ ഐഫോണും. ബേസ് മോഡലായ ഐഫോൺ 18,18e എന്നിവ 2027ലെ ആദ്യമാസങ്ങളിലാണ് ഉണ്ടാകുക എന്നാണ് സൂചന.
ആദ്യമായാണ് ആപ്പിൾ ഫോൾഡബിൾ ആയ ഐഫോൺ പുറത്തിറക്കുന്നത്. മറ്റ് മൊബൈൽ ഫോൺ കമ്പനികൾ എല്ലാം ഫോൾഡബിൾ ഫോണുകൾ പുറത്തിറക്കി വർഷങ്ങൾ പിന്നിട്ട ശേഷമാണ് ആപ്പിളിന്റെ ഒരു ഫോൾഡബിൾ ഫോൺ പുറത്തിറങ്ങുന്നത്. സാംസങിന്റെ Z ഫോൾഡ് സീരീസുമായി സാമ്യമുള്ളതാകും ഫോൾഡബിൾ ഐഫോണിന്റെ ഡിസൈൻ എന്നാണ് റിപ്പോർട്ടുകൾ. കുറഞ്ഞത് ഒന്നേമുക്കാൽ ലക്ഷം രൂപ വില വരുമെന്നാണ് കരുതപ്പെടുന്നത്. അങ്ങനെയങ്കിൽ ഐഫോൺ സീരീസിലെ ഏറ്റവും വിലയേറിയ ഫോണാകും ഫോൾഡബിൾ ഐഫോൺ.
അതേസമയം, ഐഫോൺ 17 ഈ വർഷം സെപ്റ്റംബറിൽ പുറത്തിറങ്ങാനിരിക്കുകയാണ്. ഐഫോൺ 17,17 പ്രൊ, 17 പ്രൊ മാക്സ്, 17 എയർ എന്നീ മോഡലുകളാണ് പുറത്തിറങ്ങുക. ഒപ്പം ആപ്പിൾ വാച്ച് സീരീസ് 11, ആപ്പിൾ വാച്ച് SE 3, ആപ്പിൾ വാച്ച് അൾട്രാ 3 എന്നിവയും പുറത്തിറങ്ങും.
ഐഫോൺ 17 സീരീസിന്റെ വില പ്രതീക്ഷിക്കുന്നത് ഇങ്ങനെയാണ്. ഐഫോൺ 17 പ്രൊ 1,45,990 രൂപയും, പ്രൊ മാക്സ് 1,64,990 രൂപയും വിലവരുമെന്നാണ് കരുതപ്പെടുന്നത്. നിലവിലെ ഐഫോൺ മോഡലുകളുടെ അതെ ഡിസ്‌പ്ളേ ആകും പുതിയ സീരീസിനും എന്നാണ് വിവരം. പ്രൊ മോഡലിന് 6.3 ഇഞ്ചിന്റെ ഡിസ്‌പ്ളേയും പ്രൊ മാക്സിന് 6.9 ഇഞ്ചിന്റെ ഡിസ്പ്ളേയുമാണ് ഉണ്ടാകുക.
എല്ലാ മോഡലുകൾക്കും പ്രൊ മോഷൻ ടെക്‌നോളജിയാണ് ഉണ്ടാകുക. കാമറയിലാകും പ്രധാന അപ്‌ഡേറ്റ് എന്നും സൂചനയുണ്ട്. 24എംപി ഫ്രണ്ട് കാമറ കൂടാതെ ഐഫോൺ പ്രൊ മാക്സിന് 48 എംപിയുടെ മൂന്ന് റെയർ കാമറകളും ഉണ്ടാകും. ഐഫോൺ എയറിന് 48എംപിയുടെ ഒരു സിംഗിൾ കാമറയാകും ഉണ്ടാകുക.
Content Highlights: this iphone model may not get place at 18 series launch