
ചാറ്റ്ജിപിടിയുടെ അമിതമായ ഉപയോഗത്തില്‍ യുവാക്കള്‍ക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ഓപ്പണ്‍ എഐ സിഇഒ സാം ഓള്‍ട്ട്മാന്‍. വ്യക്തിപരമായ കാര്യങ്ങള്‍ തീരുമാനിക്കുന്നതില്‍ വരെ എഐയെ ആശ്രയിക്കുന്ന നിലയിലേക്ക് യുവാക്കള്‍ കടക്കുന്നതോടെയാണ് അദ്ദേഹം മുന്നറിയിപ്പുമായി എത്തിയത്. ചാറ്റ്‌ബോട്ടിനെ ആശ്രയിക്കാതെ ഒരു തീരുമാനം എടുക്കാന്‍ കഴിയാത്ത യുവാക്കളുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ഓള്‍ട്ട്മാന്‍ പറയുന്നത് ചാറ്റ്ജിപിടി അത്തരത്തില്‍ ഉപയോഗിക്കുന്നത് മോശവും അപകടകരവുമാണെന്നാണ്.
ചാറ്റ്ജിപിടിക്ക് എന്നെ അറിയാം, അതിന് എന്റെ സുഹൃത്തുക്കളെ അറിയാം. അത് പറയുന്നതാണ് താന്‍ അനുസരിക്കുന്നത് എന്ന് പറയുന്ന കൗമാരക്കാരും കുറവല്ലെന്നും അദ്ദേഹം പറഞ്ഞു. ഫെഡറല്‍ റിസര്‍വ് സംഘടിപ്പിച്ച ഒരു ബാങ്കിങ് കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു ഓള്‍ട്ട്മാന്‍. ഇത് വ്യാപകമായ ഒരു രീതിയായി തന്നെ യുവാക്കള്‍ക്കിടയില്‍ സ്വാധീനം ചെലുത്തുന്നുണ്ട്. അമിതമായ ഈ ആശ്രയത്വം എങ്ങനെ നേരിടാമെന്നതിനുള്ള വഴികളാണ് ഇപ്പോള്‍ ഓപ്പണ്‍ എഐ കണ്ടെത്താന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പഴയകാല ഉപഭോക്താക്കള്‍ ചാറ്റ്ജിപിടിയെ സെര്‍ച്ച് എന്‍ജിന്‍ പോലെ കണക്കാക്കുമ്പോള്‍, കൗമാരക്കാരും ഇരുപതകളിലുള്ളവരും ജീവിതത്തിന് ഉപദേശം നല്‍കുന്ന വഴിയായാണ് ചാറ്റ്ജിപിടിയെ കണക്കാക്കുന്നത്. അതേസമയം കോളേജ് വിദ്യാര്‍ഥികള്‍ ചാറ്റ് ബോട്ടിനെ ഓപ്പറേറ്റിങ് സിസ്റ്റമായാണ് കാണുന്നത്.
ചാറ്റ് ജിപിടിക്ക് ചുറ്റുമുള്ള ആളുകളെകാള്‍ ഒരാളെ അത്രയധികം അടുത്തറിയാം എന്ന രീതിയിലേക്ക് മാറുന്നത് ഒരു തരത്തില്‍ മാനസികമായ അടുപ്പത്തിലേക്കും ആശ്രയത്തിനും വരെ കാരണമായേക്കാം. 13നും 17നും ഇടയില്‍ പ്രായമുള്ളവരില്‍ അമ്പത്തിരണ്ട് ശതമാനവും ഓരോ മാസവും കുറച്ച് നേരമെങ്കിലും എഐ ഉപയോഗിക്കുന്നവരാണെന്ന് സര്‍വേ വ്യക്തമാക്കുന്നുണ്ട്. കൗമാരപ്രായക്കാരില്‍ ഭൂരിഭാഗവും എഐ പറയുന്നത് അതേപടി വിശ്വസിക്കുന്നതിലും മുന്നിലാണ്. എഐ പറയുന്ന രീതിയില്‍ ജീവിക്കാന്‍ തീരുമാനിക്കുക എന്നത് മോശവും അപകടകരവുമാണെന്നും ഓള്‍ട്ട്മാന്‍ ചൂണ്ടിക്കാട്ടുന്നു.
Content Highlights: Open AI CEO Sam Altman says Chat GPT is Bad and Dangerous