

2026 ടി20 ലോകകപ്പില്‍ ശ്രീലങ്കയ്ക്ക് വിജയത്തുടക്കം. ഗ്രൂപ്പ് ബിയില്‍ നടന്ന മത്സരത്തിൽ അയര്‍ലന്‍ഡിനെ 20 റൺസിന് പരാജയപ്പെടുത്തിയാണ് ലങ്ക വരവറിയിച്ചത്. ലങ്ക ഉയർത്തിയ 164 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ അയർലൻഡ് 19.5 ഓവറില്‍ 143 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ വനിന്ദു ഹസരങ്കയും മഹീഷ് തീക്ഷ്ണയുമാണ് അയർലൻഡിനെ എറിഞ്ഞിട്ടത്. ശ്രീലങ്കയ്ക്ക് വേണ്ടി മതീഷ പതിരാന രണ്ട് വിക്കറ്റും വീഴ്ത്തി.
കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സാണ് നേടിയത്. കുശാല്‍ മെന്‍ഡിസ് (43 പന്തില്‍ 56), കാമിന്ദു മെന്‍ഡിസ് (19 പന്തില്‍ 44) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ലങ്കയെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്.
മറുപടി ബാറ്റിംഗില്‍ ശ്രീലങ്കൻ ബോളിങ് കരുത്തിന് മുന്നിൽ അയർലൻഡിന് പിടിച്ചുനിൽക്കാനായില്ല. 34 പന്തില്‍ 40 റണ്‍സെടുത്ത ഹെറി ടെക്ടറാണ് അയര്‍ലന്‍ഡിന്റെ ടോപ് സ്‌കോറര്‍. 23 പന്തില്‍ 34 റണ്‍സെടുത്ത ഓപ്പണര്‍ റോസ് അഡയറും 18 പന്തില്‍ 21 റണ്‍സെടുത്ത ലോര്‍കാന്‍ ടക്കറും ഭേദപ്പെട്ട സംഭാവന നല്‍കി.
Content Highlights: T20 World Cup 2026, SL vs IRE: Sri Lanka begin campaign with victory, beat Ireland by 20 runs in Colombo