

ഫഹദ് ഫാസിലിനെ നായകനാക്കി ജിത്തു മാധവൻ ഒരുക്കിയ ആക്ഷൻ കോമഡി ചിത്രമാണ് ആവേശം. ചിത്രത്തിൽ ഫഹദ് അവതരിപ്പിച്ച രംഗ എന്ന കഥാപാത്രം ഏറെ കയ്യടികൾ നേടിയിരുന്നു. ഹിപ്സ്റ്റർ, മിഥുൻ രാജ് ശങ്കർ, റോഷൻ ഷാനവാസ് തുടങ്ങിയവരും സിനിമയിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു. വമ്പൻ വിജയം നേടിയ സിനിമയുടെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു. ഇപ്പോഴിതാ ഇതിൽ അപ്‌ഡേറ്റുമായി എത്തിയിരിക്കുകയാണ് ഫഹദ് ഫാസിൽ.
ആവേശം 2 ഉറപ്പായും ഉണ്ടാകുമെന്നും ചിത്രം 2027 അല്ലെങ്കിൽ 2028 ൽ പുറത്തിറങ്ങുമെന്നും ഫഹദ് പറഞ്ഞു. സുഷിൻ ശ്യാമാണ് ആവേശത്തിന്റെ സംഗീതം നിർവഹിച്ചത്. ഫഹദിന് പുറമെ ആശിഷ് വിദ്യാർത്ഥി, സജിൻ ഗോപു, റോഷൻ, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റർ, മിഥുൻ ജെഎസ്, പൂജ മോഹൻരാജ്, നീരജ രാജേന്ദ്രൻ, ശ്രീജിത്ത് നായർ, തങ്കം മോഹൻ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തിയിരുന്നു. ഛായാഗ്രാഹണം സമീർ താഹിറാണ്. ആവേശം ഒടിടി പ്ലാറ്റ്ഫോമായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ ലഭ്യമാണ്.
#FahadhFaasil officially confirms #Aavesham2 is definitely happening.
— Cine Safari (@CineSafari) February 8, 2026
Set to release in 2027/2028 🔥#Aavesham pic.twitter.com/AKGAqNID0E
മമ്മൂട്ടി-മോഹൻലാൽ ബിഗ് ബജറ്റ് ചിത്രം പേട്രിയറ്റ് ആണ് ഇനി പുറത്തിറങ്ങാനുള്ള ഫഹദ് ചിത്രം. ചിത്രത്തിൽ താൻ വില്ലൻ വേഷമാണ് അവതരിപ്പിക്കുന്നതെന്നും ഫഹദ് പറഞ്ഞിരുന്നു. ഒരുപാട് സർപ്രൈസുകൾ ഉള്ള ഒരു കൊമേഴ്സ്യല്‍ സിനിമ ആണ് പേട്രിയറ്റ് എന്നും സിനിമയിൽ ഫാൻ മോമെന്റുകൾ ഉറപ്പായും ഉണ്ടാകുമെന്നും സംവിധായകൻ മഹേഷ് നാരായണൻ നേരത്തെ പറഞ്ഞിരുന്നു. ഏപ്രിൽ 23 നാണ് ആഗോളതലത്തിൽ പേട്രിയറ്റ് റിലീസിന് എത്തുന്നത്. 'വിമത ശബ്ദങ്ങൾ ദേശസ്നേഹത്തിന്‍റേതാണ്.. ദേശദ്രോഹികൾ നിറയുന്ന ഈ ലോകത്ത് ഒരു ദേശസ്നേഹിയാകൂ', എന്ന കുറിപ്പോടെയാണ് സിനിമയിലെ അഭിനേതാക്കളുടെ ക്യാരക്ടർ പോസ്റ്ററുകൾ പുറത്തുവിട്ടിരുന്നത്.
ചിത്രം നിർമ്മിക്കുന്നത് ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ ചേർന്നാണ്. സി ആർ സലിം പ്രൊഡക്ഷൻസ്, ബ്ലൂ ടൈഗേഴ്സ് ലണ്ടൻ എന്നീ ബാനറുകളിൽ സി.ആര്‍.സലിം, സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവരാണ് ചിത്രത്തിൻ്റെ സഹ നിർമ്മാണം നിർവഹിക്കുന്നത്. ഒരു വലിയ ഇടവേളക്ക് ശേഷം മമ്മൂട്ടി - മോഹൻലാൽ ടീം ഒന്നിച്ചഭിനയിക്കുന്ന ഈ ചിത്രത്തിലെ ഹൈലൈറ്റ് ആയിരിക്കും ഇവരുടെ കോമ്പിനേഷൻ രംഗങ്ങൾ.
Content Highlights: Aavesham 2 will happen in 2027 or 2028 confirms fahadh faasil