
ആക്‌സിയം 4 ദൗത്യത്തിന്റെ ഭാഗമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ പതിനെട്ട് ദിവസം ചിലവഴിച്ച ശേഷം ഭൂമിയിലേക്ക് മടങ്ങിയെത്തിയ ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ല വീണ്ടും നടക്കാന്‍ പഠിക്കുകയാണ്. കഴിഞ്ഞാഴ്ചയാണ് ദൗത്യ സംഘം തിരികെ എത്തിയത്. ഗുരുത്വാകര്‍ഷണ ബലവുമായി വീണ്ടും പൊരുത്തപ്പെടാനും നടക്കാനും ശീലിക്കുകയാണ് ശുഭാംശു. ഇതിന്റെ വീഡിയോ അദ്ദേഹം തന്നെ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്.
ഓരോ അടിയും മുന്നോട്ടു വച്ചു നടക്കുന്ന ശുഭാംശുവിനെ സഹായിക്കാനായി രണ്ട് പേര്‍ ഒപ്പമുള്ളത് വീഡിയോയില്‍ കാണാം. തന്റെ ആരോഗ്യത്തെ കുറിച്ച് ആശങ്കയുള്ള നിരവധി പേര്‍ തനിക്ക് മെസേജുകള്‍ അയക്കുന്നുണ്ടെന്നും അതിന് നന്ദി അറിയിക്കുന്നതായും അദ്ദേഹം സമൂഹമാധ്യമത്തില്‍ കുറിച്ചിട്ടുണ്ട്. മൈക്രോ ഗ്രാവിറ്റിയില്‍ ശരീരത്തില്‍ നിരവധി മാറ്റങ്ങള്‍ സംഭവിക്കും. ഹൃദമിടിപ്പും, മസിലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളൊക്കെ ഉണ്ടാവും. ഭൂമിയിലേക്ക് തിരികെ എത്തുമ്പോള്‍ പതിയെ അത് മാറും. ഇത് ഓരോ ബഹിരാകാശ സഞ്ചാരിക്കും ഓരോ തരത്തിലായിക്കുമെന്നും ശുക്ല കുറിപ്പില്‍ പറയുന്നു. മാത്രമല്ല തന്റെ ശരീരം പുതിയ മാറ്റങ്ങളില്‍ എങ്ങനെ ഇണങ്ങി ചേരുന്നുവെന്ന് നിരീക്ഷിക്കുമ്പോള്‍ അതിശയമാണെന്നും അദ്ദേഹം പറയുന്നുണ്ട്.
ജൂലായ് 25 വരെ ശുഭാംശു ശുക്ലയും മറ്റ് മൂന്ന് ബഹിരാകാശ സഞ്ചാരികളും ക്വാറന്‍ടൈനിലായിരിക്കും. ഈ മാസം 15ന്, ഇന്ത്യന്‍ സമയം വൈകിട്ട് മൂന്ന് മണിയോടെയാണ് ശുഭംശു ശുക്ല ഭൂമിയിലേക്ക് തിരിച്ചെത്തിയത്. സ്‌പേസ് എക്‌സിന്റെ ക്രൂ ഡ്രാഗണ്‍ പേടകം തെക്കന്‍ കാലിഫോര്‍ണിയന്‍ തീരത്ത് പസഫിക്ക് സമുദ്രത്തിലാണ് വന്നു പതിച്ചത്. അന്താരാഷ്ട്ര ബഹിരാകാശ നിലയം സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരിയാണ് ശുഭാംശു ശുക്ല. വിംഗ് കമാന്‍ഡര്‍ രാകേഷ് ശര്‍മയ്ക്ക് ശേഷമുള്ള ഇന്ത്യയുടെ രണ്ടാത്തെ ബഹിരാകാശ സഞ്ചാരി.
Content Highlights: Group Captain Shubhanshu Shukla is relearning to walk on Earth again