
ചാറ്റ്ജിപിടിയിൽ നിന്നും ഗ്രോക്കിൽ നിന്നും സ്‌റ്റോക്ക് ടിപ്പുകൾ ചോദിച്ചറിഞ്ഞ് വലിയ ലാഭം സ്വന്തമാക്കിയെന്ന് ട്രേഡർ. പത്ത് ദിവസം ചാറ്റ്ജിപിടിയും ഗ്രോക്കും നൽകിയ നിർദേശങ്ങൾ പാലിച്ചപ്പോൾ പണം ഇരട്ടിയാക്കാൻ കഴിഞ്ഞു എന്നാണ് റെഡ്ഡിറ്റിലൂടെ ട്രേഡർ വ്യക്തമാക്കിയത്. പത്ത് ദിവസം കൊണ്ട് 32000 രൂപ, 64,000 രൂപയാക്കി വർധിപ്പിക്കാൻ നിർമിത ബുദ്ധി തന്നെ സഹായിച്ചുവെന്നാണ് ഇയാൾ റെഡിറ്റിൽ കുറിച്ചത്. ചാറ്റ്ജിപിടി എന്റെ സമ്പാദ്യം വർധിപ്പിക്കുമ്പോൾ ഞാൻ ആസ്വദിക്കുന്നു എന്ന തലക്കെട്ടോടെ വന്ന പോസ്റ്റ് വൈറലാവുകയും ചെയ്തു.
നെർഡി ഡാറ്റ എന്ന എഐ നൽകിയ ഉപദേശങ്ങളുടെ പാതയിൽ മുന്നോട്ട് പോയതോടെ അമ്പരപ്പിക്കുന്ന നേട്ടം സ്വന്തമാക്കാൻ കഴിഞ്ഞെന്നും, ഫലം കണ്ടപ്പോൾ യഥാർത്ഥത്തിൽ ഞെട്ടി എന്നും ട്രേഡർ തന്റെ പോസ്റ്റിൽ കുറിച്ചിട്ടുണ്ട്. 18 ട്രേഡുകൾ നടത്തിയതിൽ 17 എണ്ണവും നിലവിൽ ക്ലോസ് ചെയ്തു എന്നും ഇവയ്ക്ക് 100 ശതമാനം വിജയ നിരക്ക് ഉണ്ടെന്നുമാണ് പോസ്റ്റിൽ പറയുന്നത്. എന്നാൽ നിർമിത ബുദ്ധിക്ക് ഒരു കാരണവശാലും 100 ശതമാനം വിജയം നൽകാൻ കഴിയില്ലെന്നാണ് പലരും അഭിപ്രായപ്പെട്ടത്.
ചാറ്റ്ജിപിടി 13 ട്രേഡുകളും, ഗ്രോക്ക് അഞ്ച് ട്രേഡുകളും നടത്തി. ഇവയെല്ലാം വിജയിച്ചു എന്നും പോസ്റ്റിൽ പുറയുന്നുണ്ട്. തന്റെ ട്രേഡിനെക്കുറിച്ച് വളരെ വിശദമായ ഡാറ്റകളും കൃത്യമായ നിർദേശവും നിർമിത ബുദ്ധിക്ക് നൽകിയപ്പോൾ അവ കൃത്യമായ മാർഗ നിർദേശം നൽകി എന്നാണ് ഇയാൾ വ്യക്തമാക്കുന്നത്.
നിർമിത ബുദ്ധിയെ പലതരത്തിൽ ഉപയോഗിച്ച് വിജയം കൊയ്തവരെ നമുക്ക് സമൂഹത്തിന്റെ പല മേഖലകളിലായി കാണാനാവും. പഠിക്കാൻ, ജോലി ചെയ്യാൻ, സംശയ നിവാരണത്തിന് തുടങ്ങി ഇന്ന് ഏറ്റവുമധികം നമ്മൾ ആശ്രയിക്കുന്നതും നിർമിത ബുദ്ധിയെ തന്നെയാണ്. ഭാവിയിൽ മനുഷ്യ ജീവിതത്തിന്റെ പല മേഖലകളിലും മനുഷ്യരെക്കാൾ നന്നായി പ്രവർത്തിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് കഴിയുമെന്ന പഠനങ്ങൾ ഊട്ടിയുറപ്പിക്കുന്നതാണ്. എന്നാൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഇത്തരം സാധ്യതകൾ മനുഷ്യർക്ക് പകരമാവില്ലെന്നും, മനുഷ്യർ ചെയ്യുന്നത് പോലെ യുക്തിപരമായി കാര്യങ്ങൾ കൈകാര്യം ചെയ്യാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് കഴിയില്ല എന്നുമാണ് ചിലർ അഭിപ്രായപ്പെടുന്നത്.
Content Highlight; Radar Doubles Money in Just 10 Days Using ChatGPT and Grok