ഡിക്ടറ്റീവ് കരംചന്ദ് അല്ല... ഇത് ഡിക്ടറ്റീവ് സിന്ത് ഐഡി

AI ഉണ്ടാക്കിയതാണോ അതോ മനുഷ്യന്‍ ഉണ്ടാക്കിയതാണോ.... കണ്ടുപിടിക്കാന്‍ ഗൂഗിളിന്റെ SynthID Detector എന്ന പുത്തന്‍ ടൂള്‍ എത്തുന്നു

dot image

ടെക് ലോകത്തേക്കുള്ള AI യുടെ വരവ് എന്ന് കേള്‍ക്കുമ്പോള്‍ എല്ലാം വെട്ടിപ്പിടിക്കാന്‍ വന്നവന്‍ എന്നൊരു ചിന്തയാണ് പലര്‍ക്കും. ചിത്രങ്ങളും, എഴുത്തുകളും വീഡിയോകളും ഒക്കെ ഉണ്ടാക്കിത്തരുന്ന എ ഐയുടെ സഹായം ആളുകള്‍ എന്തിനും ഏതിനും തേടാനും തുടങ്ങി. വന്ന് വന്ന് ഓരോ കാര്യങ്ങള്‍ മനുഷ്യന്‍ ഉണ്ടാക്കിയതാണോ എഐ ഉണ്ടാക്കിയതാണോ എന്നുപോലും തിരിച്ചറിയാന്‍ കഴിയാതായിട്ടുണ്ട്. എന്നാലിപ്പോള്‍ എഐ ഉണ്ടാക്കിയതാണോ അതോ മനുഷ്യനുണ്ടാക്കിയതാണോ എന്ന് തിരിച്ചറിയാന്‍ ഗൂഗിള്‍ SynthID Detector എന്ന പുത്തന്‍ ടൂള്‍ കൊണ്ടുവരികയാണ്.

ഉള്ളടക്കങ്ങളില്‍ പതിഞ്ഞു കിടക്കുന്ന ഒരു 'ഒളിപ്പിച്ച വാട്ടര്‍മാര്‍ക്ക് ' ആണ് SynthID . പുതിയ ഡിറ്റക്ടറിലൂടെ ഈ വാട്ടര്‍മാര്‍ക്ക് കണ്ടെത്താനും അതുവഴി ചിത്രങ്ങളും എഴുത്തുകളും ഒക്കെ എഐ ഉണ്ടാക്കിയതാണോ എന്ന് കണ്ടുപിടിക്കാന്‍ കഴിയുമെന്നാണ് ഗൂഗിള്‍ പറയുന്നത്. തെറ്റിദ്ധാരണകളും വ്യാജ വാര്‍ത്തകളും തടയാനാണ് ഗൂഗിള്‍ ഇത് കൊണ്ടുവന്നത്.

ചിത്രങ്ങളും എഴുത്തുകളുമൊക്കെ പലര്‍ക്കും അയക്കുകയോ മാറ്റങ്ങള്‍ വരുത്തുകയോ ചെയ്താലും ഈ വാട്ടര്‍മാര്‍ക്ക് തിരിച്ചറിയാന്‍ കഴിയും. ഗൂഗിളിന്റെ എഐ ടൂളുകള്‍ ഉപയോഗിച്ച് ഉണ്ടാക്കിയ ചിത്രങ്ങള്‍, പാട്ട്, എഴുത്ത് ഇവയൊക്കെ തിരിച്ചറിയാന്‍ ഈ ടൂള്‍ സഹായിക്കും. ഇന്‍റര്‍നെറ്റില്‍ അപ്ലോഡ് ചെയ്തിട്ടുള്ള എഴുത്തുകളിലോ ചിത്രങ്ങളിലോ പാട്ടുകളിലോ SynthID വാട്ടര്‍മാര്‍ക്ക് ഉണ്ടോ എന്ന് ഡിക്ടറ്റര്‍ പോര്‍ട്ടല്‍ വേഗത്തില്‍ സ്‌കാന്‍ ചെയ്യും. പിന്നീട് അത് ഉള്ളടക്കത്തിന്റെ ഏത് ഭാഗത്താണ് ഒളിഞ്ഞിരിക്കുന്നതെന്ന് പോര്‍ട്ടല്‍ കാണിച്ചുതരും. (ചിത്രമാണെങ്കില്‍ അതിന്റെ ഏത് ഭാഗത്ത്, പാട്ടാണെങ്കില്‍ അതിന്റെ ഏത് ഭാഗത്ത് )

ആദ്യം ചിത്രങ്ങളില്‍ മാത്രമായിരുന്നു ഈ SynthID ഉണ്ടായിരുന്നത്. ഇപ്പോള്‍ എഐ ഉണ്ടാക്കിയ ടെക്സ്റ്റ്, ഓഡിയോ , വീഡിയോ എന്നിവയിലും ഇത് ലഭ്യമാണ്. ഗൂഗിളിന്റെ തന്നെ Gemini,Imagen, Lyria, Veo മോഡലുകള്‍ വഴി ഉണ്ടാക്കുന്ന ഉള്ളടക്കങ്ങളെല്ലാം ഈ വാട്ടര്‍മാര്‍ക്കോടെയാണ് പുറത്തിറങ്ങുന്നത്. ഇപ്പോള്‍ത്തന്നെ 10 ബില്യണ്‍ ഉളളടക്കങ്ങള്‍ക്ക് ഈ വാട്ടര്‍മാര്‍ക്ക് ഉപയോഗിച്ചിട്ടുണ്ട്. തുടക്കത്തില്‍ തിരഞ്ഞെടുത്ത ചിലര്‍ക്ക് മാത്രമാണ് SynthID Detector ലഭ്യമാവുക. പക്ഷേ അധികം വൈകാതെ കൂടുതല്‍ ആളുകളിലേക്ക് ഈ സൗകര്യം എത്തും.

Content Highlights :Google's new tool, SynthID Detector, is coming to help you determine whether something is created by AI or human-made

dot image
To advertise here,contact us
dot image