
May 16, 2025
07:44 PM
നഗ്നതയുള്ള ചിത്രങ്ങള്‍ സ്വയമേവ അവ്യക്തമാക്കുന്ന ഫീച്ചര്‍ മെസേജ് ആപ്പില്‍ അവതരിപ്പിച്ച് ഗൂഗിള്‍. കഴിഞ്ഞ വര്‍ഷം ആദ്യമാണ് നഗ്നചിത്രങ്ങള്‍ സ്വയം അവ്യക്തമാക്കുന്ന ഫീച്ചര്‍ മെസേജ് ആപ്പില്‍ അവതരിപ്പിക്കുമെന്ന് ഗൂഗിള്‍ പ്രഖ്യാപിച്ചത്. സെന്‍സിറ്റീവായ ഇത്തരം കണ്ടന്റുകള്‍ കണ്ടെത്തി, അവ തുറന്നുനോക്കുകയോ, മറ്റൊരാള്‍ക്ക് അയയ്ക്കുകയോ, ചെയ്യുന്നതിന് മുന്‍പ് ഉപയോക്താക്കള്‍ക്ക് കൃത്യമായ മുന്നറിയിപ്പ് നല്‍കുന്നതിന് ഓണ്‍-ഡിവൈസ് എഐ സംവിധാനമാണ് ഉപയോഗിക്കുന്നത്.
സുരക്ഷിതമായ ഡിജിറ്റല്‍ ആശയവിനിമയം ഉറപ്പുവരുത്തുന്നതിനുള്ള വിശാലമായ സംരംഭത്തിന്റെ ഭാഗമായാണ് ഈ മുന്നറിയിപ്പ് സംവിധാനം ഗൂഗിള്‍ ആരംഭിച്ചിരിക്കുന്നത്. ആന്‍ഡ്രോയ്ഡ് സിസ്റ്റത്തിന്റെ സേഫ്റ്റികോറിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന രീതിയിലാണ് ഇതിന്റെ രൂപകല്പന. ചിത്രവുമായി ബന്ധപ്പെട്ട ഡേറ്റയോ, തിരിച്ചറിയല്‍ വിവരങ്ങളോ ഗൂഗിള്‍ സെര്‍വറിലേക്ക് അയയ്‌ക്കേണ്ടതില്ല. അപകടരമായ ഇടപെടലുകളില്‍ നിന്ന് ഉപയോക്താക്കളെ സംരക്ഷിക്കുന്നതിനൊപ്പം അവരുടെ സ്വകാര്യത സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് വിഭാവനം ചെയ്തിരിക്കുന്നത്.
ഫീച്ചര്‍ ഫ്രവര്‍ത്തനക്ഷമമാക്കിയാല്‍ നഗ്നത അടങ്ങിയിരിക്കുന്ന ചിത്രങ്ങള്‍ സ്വയമേവ അവ്യക്തമാകും. ഈ നമ്പര്‍ ബ്ലോക് ചെയ്യുക, നഗ്നചിത്രങ്ങള്‍ ദോഷകരമാകുന്നത് എങ്ങനെ, വേണ്ട കാണണ്ട, വേണം കാണാം തുടങ്ങിയ ഒപ്ഷനുകളുള്ള മുന്നറിയിപ്പ് സന്ദേശവും തുടര്‍ന്ന് വരും. ചിത്രം നോക്കിയതിന് ശേഷം വീണ്ടും അവ്യക്തമാക്കുന്നതിനായി റിമൂവ് പ്രിവ്യൂ ഒപ്ഷനും നല്‍കിയിട്ടുണ്ട്.
18 വയസ്സിന് താഴെയുള്ള ഉപയോക്താക്കള്‍ക്കായി ഈ ഫീച്ചര്‍ സ്വയമേവ ഓണ്‍ ചെയ്തിട്ടുള്ളതായി ഗൂഗിള്‍ അറിയിച്ചു. എന്നാല്‍ രക്ഷിതാക്കളുടെ മേല്‍നോട്ടത്തില്‍ ഉള്ള വിഭാഗത്തിന് ഈ ഫീച്ചര്‍ ഓഫ് ചെയ്യാന്‍ സാധിക്കില്ല. അതേസമയം രക്ഷിതാക്കളുടെ നിരീക്ഷണത്തിലല്ലാതെ ഉപയോഗിക്കുന്ന 13-17 വയസ്സിന് ഇടയില്‍ പ്രായമുള്ളവര്‍ക്ക് ഗൂഗിള്‍ മെസേജ് സെറ്റിങ്ങ്‌സില്‍ പോയി ഫീച്ചര്‍ പ്രവര്‍ത്തനരഹിതമാക്കാന്‍ സാധിക്കും. മുതിര്‍ന്നവര്‍ക്ക് അവര്‍ സ്വമേധയാ ഈ ഫീച്ചര്‍ പ്രവര്‍ത്തനക്ഷമമാക്കേണ്ടതുണ്ട്.
Content Highlights: Safer Chats: Google Messages Blurs Nudity by Default Using AI