

ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യയോടം കളിച്ച ആദ്യ മത്സരത്തില്‍ പരാജയപ്പെട്ട യുഎസ്എക്ക് ആശംസകളുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ആശംസകള്‍ അറിയിച്ചത്. ഇന്ത്യക്കെതിരെയുള്ള ആദ്യ മത്സരത്തിലെ മികച്ച പോരാട്ടം നടത്തിയാണ് യുഎസ് തോറ്റത്.
''ഇന്ത്യയില്‍ ക്രിക്കറ്റ് ലോകകപ്പ് നടക്കുന്നുണ്ടെന്ന് ഞാന്‍ ഇപ്പോള്‍ അറിഞ്ഞു! ടീം യുഎസ്എക്ക് വിജയാശംസകള്‍ നേരുന്നു. നമുക്ക് വളരെ കരുത്തുറ്റ ഒരു ടീമുണ്ട്. അമേരിക്ക നിങ്ങളെ പിന്തുണക്കുന്നു!'' അദ്ദേഹം കുറിച്ചിട്ടു. ഫെബ്രുവരി 8ന് രാത്രിയായിരുന്നു ട്രംപിന്റെ ഈ പോസ്റ്റ്. എന്നാല്‍ ശനിയാഴ്ച രാത്രി മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ അമേരിക്കയെ 29 റണ്‍സിന് പരാജയപ്പെടുത്തിക്കഴിഞ്ഞിരുന്നു. അതിന് ശേഷമാണ് അദ്ദേഹം പോസ്റ്റുമായി എത്തിയത്.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യന്‍ ടോപ് ഓര്‍ഡറിനെ വിറപ്പിക്കാന്‍ യുഎസ്എക്ക് സാധിച്ചിരുന്നു.
വാംഖഡെയില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തിലാണ് 161 റണ്‍സെടുത്തത്. അഭിഷേക് ശര്‍മയടക്കം ഇന്ത്യയുടെ മുന്‍നിര ബാറ്റര്‍മാരെല്ലാം നിരാശപ്പെടുത്തിയപ്പോള്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് നടത്തിയ ഒറ്റയാള്‍ പോരാട്ടമാണ് ഇന്ത്യയെ ഭേദപ്പെട്ട വിജയലക്ഷ്യത്തിലെത്തിച്ചത്.
49 പന്തില്‍ 84 റണ്‍സുമായി സൂര്യ പുറത്താകാതെ നിന്നു. സൗരഭ് നേത്രാവല്‍ക്കര്‍ എറിഞ്ഞ അവസാന ഓവറില്‍ 21റണ്‍സ് നേടിയ ക്യാപ്റ്റനാണ് ഇന്ത്യന്‍ സ്‌കോര്‍ 150 കടത്തിയത്. നാല് ഓവറില്‍ 25 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റെടുത്ത മീഡിയം പേസര്‍ ഷാഡ്‌ലി വാന്‍ ഷാല്‍ക്വിക്ക് യുഎസിന് വേണ്ടി തിളങ്ങി.
മറുപടി ബാറ്റിങ്ങില്‍ തകര്‍ച്ചയോടെയാണ് യുഎസ്എ തുടങ്ങിയത്. എട്ട് റണ്‍സ് എടുക്കുന്നതിനിടെ ആദ്യ വിക്കറ്റ് നഷ്ടമായി പിന്നീട് 98 ന് 6 എന്ന നിലയിലേക്ക് ബാറ്റിങ് നിര തകര്‍ന്നടിയുകയായിരുന്നു. ഒടുവില്‍ ആറ് പന്ത് ശേഷിക്കെ ജയിക്കാന്‍ 41 റണ്‍സ് എന്ന നിലയിലേക്ക് എത്തി. അവസാന ഓവറില്‍ ശുഭം രാഞ്ജനെ പൊരുതിയെങ്കിലും വിജയത്തിലെത്താനായില്ല. 29 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ഇന്ത്യയ്ക്കായി അര്‍ഷദീപ് സിങ്, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വരുണ്‍ ചക്രവര്‍ത്തി ഒരു വിക്കറ്റും വീഴ്ത്തി.
Content Highlights- Donald Trump wishes Best of Luck to USA team