

പുതിയൊരു കാറോ ബൈക്കോ വാങ്ങാന്‍ ഷോറൂമിലെത്തിയാല്‍ ആദ്യം കേള്‍ക്കുന്ന ചില വാക്കുകളുണ്ട്. 100 സിസി, 150 സിസി, 350 സിസി, 1200 സിസി, പിന്നെ ഹോഴ്‌സ് പവര്‍, ടോര്‍ക്ക് എന്നിങ്ങനെ നീളുന്നു ആ പട്ടിക. ഇതെല്ലാം കേള്‍ക്കുമ്പോള്‍ കൂടുതല്‍ സിസിയുള്ള വണ്ടിയാണ് കൂടുതല്‍ കരുത്തുള്ളതെന്നും അതായിരിക്കും കൂടുതല്‍ വേഗത്തില്‍ പോകുന്നതെന്നും പലരും കരുതും. എന്നാല്‍ വാഹനത്തിന്റെ പ്രകടനം അളക്കാന്‍ സിസി മാത്രം നോക്കിയാല്‍ മതിയാകില്ല. എന്‍ജിന്റെ രൂപകല്‍പ്പന മുതല്‍ വാഹനത്തിന്റെ ഭാരം വരെയുള്ള പല ഘടകങ്ങളും ഇക്കാര്യത്തില്‍ നിര്‍ണായകമാണ്.
CC എന്നതിന്റെ പൂര്‍ണരൂപം Cubic Centimetre എന്നാണ്. എന്‍ജിനുള്ളിലെ സിലിണ്ടറുകളില്‍ പിസ്റ്റണ്‍ ചലിക്കുമ്പോള്‍ സ്ഥാനമാറ്റം സംഭവിക്കുന്ന ആകെ വോളിയമാണ് എന്‍ജിന്‍ ഡിസ്‌പ്ലേസ്മെന്റ്. ഇതാണ് സിസിയില്‍ അളക്കുന്നത്. സിമ്പിളായി പറഞ്ഞാല്‍ എന്‍ജിന്റെ വലിപ്പവും ശേഷിയും മനസ്സിലാക്കാനുള്ള ഒരു അളവാണിത്. 1000 സിസി എന്നാല്‍ ഒരു ലിറ്റര്‍ എന്‍ജിന്‍ ശേഷി എന്നാണ് അര്‍ഥം. അതുപോലെ 1500 സിസി എന്നാല്‍ 1.5 ലിറ്റര്‍. പൊതുവേ ഒരേ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന എന്‍ജിനുകളില്‍ കൂടുതല്‍ സിസിയുള്ളവയ്ക്ക് കൂടുതല്‍ വായുവും ഇന്ധനവും ഉപയോഗിച്ച് കരുത്ത് ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുണ്ടാകും. എന്നാല്‍ എല്ലാ എന്‍ജിനുകളിലും ഇത് ഒരുപോലെയല്ല. എന്‍ജിന്‍ സാങ്കേതികവിദ്യയും ട്യൂണിങ്ങും ടര്‍ബോ ചാര്‍ജറും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വണ്ടിയുടെ പ്രകടനത്തെ സ്വാധീനിക്കും.
ഹോഴ്‌സ് പവര്‍ (Horsepower AYhm HP) എന്നത് എന്‍ജിന്‍ എത്രത്തോളം പവര്‍ ഉല്‍പ്പാദിപ്പിക്കുന്നു എന്ന് സൂചിപ്പിക്കുന്ന അളവാണ്. പേരിലൊരു കുതിരയുണ്ടെങ്കിലും വാഹനവുമായി യാതൊരു ബന്ധവും ഇതിനില്ല. ഒരു വാഹനത്തിന് വേഗത്തില്‍ സ്പീഡ് കൂട്ടാനും ഹൈവേയില്‍ വേഗത നിലനിര്‍ത്താനും എത്രത്തോളം ശേഷിയുണ്ടെന്ന് മനസ്സിലാക്കാന്‍ ഹോഴ്‌സ് പവര്‍ സഹായിക്കും. എന്നാല്‍ ഉയര്‍ന്ന ഹോഴ്‌സ് പവര്‍ ഉണ്ടെന്നതുകൊണ്ടു മാത്രം എല്ലാ സാഹചര്യങ്ങളിലും വാഹനം വേഗത്തിലാകണമെന്നില്ല. ഒരേ സിസിയുള്ള രണ്ട് കാറുകള്‍ക്ക് വ്യത്യസ്ത ഹോഴ്‌സ് പവര്‍ ഉണ്ടായേക്കാം. എന്‍ജിന്റെ രൂപകല്‍പ്പന, ഇന്ധനം കത്തിക്കുന്ന രീതി, ടര്‍ബോചാര്‍ജര്‍, എന്‍ജിന്‍ പ്രവര്‍ത്തിക്കുന്ന RPM തുടങ്ങിയ ഘടകങ്ങളാണ് ഇതിന് കാരണം.

വാഹനത്തെ മുന്നോട്ടു നീക്കാന്‍ എന്‍ജിന്‍ നല്‍കുന്ന ഭ്രമണബലമാണ് ടോര്‍ക്ക് (Torque). ഇത് ന്യൂട്ടണ്‍ മീറ്റര്‍ (Nm) എന്ന യൂണിറ്റിലാണ് അളക്കുന്നത്. ഉദാഹരണത്തിന് കയറ്റമുള്ള റോഡിലൂടെ യാത്ര ചെയ്യുമ്പോള്‍ വാഹനം എളുപ്പത്തില്‍ മുന്നോട്ടു നീങ്ങണം. അതുപോലെ യാത്രക്കാരെയോ ചരക്കുകളെയോ കയറ്റി വാഹനം ഓടിക്കുമ്പോഴും എന്‍ജിന്റെ വലിക്കുന്ന കരുത്ത് പ്രധാനമാണ്. ഇത്തരം സാഹചര്യങ്ങളില്‍ ടോര്‍ക്ക് നിര്‍ണായക പങ്കുവഹിക്കുന്നു. അതേസമയം, ടോര്‍ക്ക് കൂടുതലാണെന്നതുകൊണ്ടു മാത്രം വാഹനം കൂടുതല്‍ വേഗതയുള്ളതാകണമെന്നില്ല. ടോര്‍ക്ക് എത്ര RPM-ല്‍ ലഭിക്കുന്നു, ഗിയര്‍ബോക്‌സ് എങ്ങനെ പ്രവര്‍ത്തിക്കുന്നു, വാഹനത്തിന്റെ ഭാരം എത്രയാണ് തുടങ്ങിയ കാര്യങ്ങളും പ്രധാനമാണ്.
ഇതാണ് വാഹനങ്ങളെക്കുറിച്ചുള്ള പൊതുവായ തെറ്റിദ്ധാരണകളിലൊന്ന്. ഉദാഹരണമായി പറഞ്ഞാല്‍ 1500 സിസി എന്‍ജിനുള്ള ഒരു കാര്‍ 2000 സിസി എന്‍ജിനുള്ള മറ്റൊരു കാറിനേക്കാള്‍ വേഗത്തില്‍ മുന്നോട്ടു കുതിച്ചേക്കാം. ആദ്യ കാറിന് കൂടുതല്‍ ഹോഴ്‌സ് പവര്‍ ലഭിക്കുന്ന രീതിയിലുള്ള എന്‍ജിനും കുറഞ്ഞ ഭാരവും അനുയോജ്യമായ ഗിയര്‍ അനുപാതവുമുണ്ടെങ്കില്‍ ഇത് സംഭവിക്കാം. അതുകൊണ്ട് എന്‍ജിന്റെ സിസി മാത്രം നോക്കി വാഹനത്തിന്റെ വേഗതയോ പ്രകടനമോ കൃത്യമായി പ്രവചിക്കാനാവില്ല. ഇക്കാര്യത്തില്‍ വാഹനത്തിന്റെ സാങ്കേതിക സവിശേഷതകള്‍ ഒരുമിച്ച് പരിശോധിക്കണം.
ഒരേ പവര്‍ ഉല്‍പ്പാദിപ്പിക്കുന്ന രണ്ട് വാഹനങ്ങളില്‍ ഭാരം കുറഞ്ഞ വാഹനത്തിന് വേഗത കൂട്ടാന്‍ പല സാഹചര്യങ്ങളിലും എളുപ്പമായിരിക്കും. എന്നാല്‍ ഭാരം മാത്രമല്ല കാര്യം. കാറ്റിന്റെ പ്രതിരോധം, ടയറുകളുടെ വലുപ്പം, ഗിയര്‍ബോക്‌സിന്റെ ക്രമീകരണം, എന്‍ജിന്റെ പവര്‍ എന്നിവയും വാഹനത്തിന്റെ പ്രകടനത്തെ സ്വാധീനിക്കുന്നു. ഉയര്‍ന്ന വേഗതയില്‍ കാറ്റിന്റെ പ്രതിരോധം പ്രത്യേകിച്ച് പ്രധാനമാണ്. അതുകൊണ്ടുതന്നെ എന്‍ജിന്റെ കരുത്തിനൊപ്പം വാഹനത്തിന്റെ രൂപകല്‍പ്പനയും ഭാരവും കൂടി പരിഗണിക്കണം.

RPM എന്നത് Revolutions Per Minute എന്നതിന്റെ ചുരുക്കമാണ്. ഒരു മിനിറ്റില്‍ എന്‍ജിന്റെ ക്രാങ്ക്ഷാഫ്റ്റ് എത്ര തവണ കറങ്ങുന്നു എന്നതാണ് ഇതിലൂടെ അറിയുന്നത്. എന്‍ജിന്റെ RPM മാറുന്നതിനനുസരിച്ച് ലഭിക്കുന്ന പവറും ടോര്‍ക്കും മാറാം. ഓരോ എന്‍ജിനും പരമാവധി പവര്‍ നല്‍കുന്ന RPM വ്യത്യസ്തമായിരിക്കും. അതുകൊണ്ടാണ് ഗിയര്‍ മാറ്റുന്ന രീതിയും വാഹനത്തിന്റെ ആക്‌സിലറേഷനും തമ്മില്‍ ബന്ധമുള്ളത്.
Content Highlights : Does a vehicle with a larger engine always travel faster? Does a higher CC rating mean more power? What factors determine a vehicle's speed? Let’s explore the meaning of terms like CC, horsepower, and torque—concepts you often encounter when purchasing a car or a motorcycle.