

സാധാരണ കാറുകള് റോഡിലൂടെ പായുന്നതാണ് നമ്മള് കണ്ടിട്ടുള്ളത്. ചില കാറുകള് അതിവേഗത്തില് കുതിക്കും. മറ്റു ചിലത് സ്പീഡ് പരിധിക്കുള്ളിലായിരിക്കും മുന്നോട്ട് നീങ്ങുന്നത്. എന്നാല് ഓടുന്നതിനിടെ വായുവിലേക്ക് ഉയര്ന്ന് കറങ്ങി വീണ്ടും നിലത്തിറങ്ങുന്ന ഒരു കാര് സങ്കല്പ്പിച്ചുനോക്കൂ. ഹോളിവുഡ് സിനിമകളില് മാത്രം കണ്ടിട്ടുള്ള ഇത്തരം കാഴ്ച യാഥാര്ഥ്യമാക്കാനുള്ള ശ്രമത്തിലാണ് ടെസ് ല.
ഇലോണ് മസ്കിന്റെ നേതൃത്വത്തിലുള്ള ടെസ് ല അവതരിപ്പിച്ച പുതിയ റോഡ്സ്റ്റര് സ്പോര്ട്സ് കാറാണ് ഇപ്പോള് ശ്രദ്ധ നേടുന്നത്. മസ്കിന്റെ ബഹിരാകാശ കമ്പനിയായ സ്പേസ് എക്സുമായി സഹകരിച്ച് വികസിപ്പിച്ച ഈ വാഹനത്തില് റോക്കറ്റുകളില് ഉപയോഗിക്കുന്ന സാങ്കേതികവിദ്യയില്നിന്ന് പ്രചോദനം ഉള്ക്കൊണ്ട പ്രത്യേക ത്രസ്റ്ററുകളാണ് ഉള്പ്പെടുത്തിയിരിക്കുന്നത്. കാറിനെ വായുവിലേക്ക് ഉയര്ത്താനും ചില അഭ്യാസങ്ങള് നടത്താനും സഹായിക്കുന്ന സംവിധാനമാണിത്.

കഴിഞ്ഞ ദിവസം ടെക്സസില് നടന്ന ലോഞ്ചിംഗ് പരിപാടിയില് പുതിയ റോഡ്സ്റ്ററിന്റെ കഴിവുകള് പ്രദര്ശിപ്പിക്കുകയുണ്ടായി. ചരിഞ്ഞ റാമ്പിലൂടെ നീങ്ങുക, വായുവിലേക്ക് ഉയരുക, വായുവില് കറങ്ങുക, വീണ്ടും നിലത്തിറങ്ങുക തുടങ്ങിയ കാഴ്ചകളാണ് പ്രദര്ശനത്തില് കാണാനായത്. മറ്റു ടെസ് ല വാഹനങ്ങള്ക്ക് മുകളിലൂടെ ചാടുന്ന പ്രകടനവും പ്രദര്ശനത്തിലുണ്ടായിരുന്നു.
കാഴ്ചയില് ഒരു സാധാരണ സ്പോര്ട്സ് കാറിനെപ്പോലെ തോന്നുമെങ്കിലും ഇതിന്റെ സാങ്കേതികവിദ്യയാണ് വ്യത്യസ്തം. അതിവേഗം ഓടാന് മാത്രമല്ല പ്രത്യേക സാഹചര്യങ്ങളില് വാഹനത്തെ വായുവിലേക്ക് ഉയര്ത്താനും ദിശ നിയന്ത്രിക്കാനും സഹായിക്കുന്ന സംവിധാനമാണ് വാഹനത്തിന്റെ പ്രധാന ആകര്ഷണം.

റോക്കറ്റുകളിലും ബഹിരാകാശ വാഹനങ്ങളിലും ദിശയും ചലനവും നിയന്ത്രിക്കാന് ഉപയോഗിക്കുന്ന ത്രസ്റ്റര് സംവിധാനങ്ങളില്നിന്നാണ് പുതിയ റോഡ്സ്റ്ററിന് പ്രചോദനം ലഭിച്ചിരിക്കുന്നത്. ലഭ്യമായ വിവരങ്ങള് പ്രകാരം കംപ്രസ് ചെയ്ത വായു പുറത്തേക്ക് ശക്തിയായി വിടുന്ന സംവിധാനമാണ് വാഹനത്തില് ഉപയോഗിക്കുന്നത്. ഈ വായുവിന്റെ തള്ളല്ശക്തി ഉപയോഗിച്ച് വാഹനത്തിന്റെ ചലനത്തില് മാറ്റം വരുത്താനും പ്രത്യേക അഭ്യാസങ്ങള്ക്ക് സഹായം നല്കാനും കഴിയും. വാഹനത്തില് 10 ത്രസ്റ്ററുകളും ഏകദേശം 600 ലിറ്റര് കംപ്രസ് ചെയ്ത വായു സംഭരിക്കാനുള്ള സംവിധാനവും ഉണ്ടെന്നാണ് അവതരണത്തില് ടെസ്ല വ്യക്തമാക്കിയത്. അതായത് റോക്കറ്റിന്റെ പ്രവര്ത്തനതത്വങ്ങളില്നിന്ന് പ്രചോദനം ഉള്ക്കൊണ്ട സാങ്കേതികവിദ്യ ഒരു ഇലക്ട്രിക് സ്പോര്ട്സ് കാറില് പരീക്ഷിക്കുകയാണ് കമ്പനി.

വേഗത്തിന്റെ കാര്യത്തിലും പുതിയ റോഡ്സ്റ്റര് പിന്നിലല്ലെന്നാണ് ടെസ് ലയുടെ അവകാശവാദം. പൂജ്യത്തില്നിന്ന് മണിക്കൂറില് ഏകദേശം 97 കിലോമീറ്റര് വേഗത്തിലെത്താന് ഒരു സെക്കന്ഡില് താഴെ മതിയാകുമെന്നാണ് കമ്പനി പറയുന്നത്. പരമാവധി വേഗം മണിക്കൂറില് 370 കിലോമീറ്ററിലധികമായിരിക്കുമെന്നും ഒറ്റ ചാര്ജില് 480 കിലോമീറ്ററിലധികം സഞ്ചരിക്കാനാകുമെന്നും റിപ്പോര്ട്ടുകളിലുണ്ട്. എന്നാല് ഇവ കമ്പനി മുന്നോട്ടുവച്ച കണക്കുകളാണ്. യഥാര്ഥ ഉപയോഗത്തിലെ പ്രകടനം കൂടുതല് വ്യക്തമായാല് മാത്രമേ ഈ അവകാശവാദങ്ങള് പൂര്ണമായി വിലയിരുത്താനാകൂ.

പുതിയ റോഡ്സ്റ്റര് പെര്ഫോമന്സ്, ത്രസ്റ്റ്, റോക്കറ്റ് എന്നിങ്ങനെ മൂന്ന് പതിപ്പുകളിലാണ് അവതരിപ്പിച്ചിരിക്കുന്നത്. വാഹനത്തിന്റെ അന്തിമ വില്പ്പനവില കമ്പനി പ്രഖ്യാപിച്ചിട്ടില്ല. ബുക്കിങ് റിസര്വേഷനായി പെര്ഫോമന്സ് പതിപ്പിന് 50,000 ഡോളറും ത്രസ്റ്റ് പതിപ്പിന് 2,50,000 ഡോളറും നിക്ഷേപം ആവശ്യപ്പെടുന്നതായാണ് റിപ്പോര്ട്ട്.
പുതിയ റോഡ്സ്റ്ററിന്റെ കഥ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. രണ്ടാം തലമുറ റോഡ്സ്റ്ററിനെ ടെസ്ല ആദ്യമായി അവതരിപ്പിച്ചത് 2017ലാണ്. അന്ന് 2020ഓടെ വാഹനം ഉപഭോക്താക്കളിലേക്ക് എത്തുമെന്നായിരുന്നു പ്രതീക്ഷ. എന്നാല് പലതവണ ഉല്പ്പാദനവും അവതരണവും വൈകി. ഇപ്പോള് ഉല്പ്പാദനം 2028ല് ആരംഭിക്കുമെന്നാണ് മസ്ക് അറിയിച്ചിരിക്കുന്നത്. അതിനാല് പ്രഖ്യാപിച്ച സമയത്തിനുള്ളില് വാഹനം വിപണിയിലെത്തുമോ എന്നതും വാഹനപ്രേമികള് ഉറ്റുനോക്കുന്ന കാര്യമാണ്.
Content Highlights :The new Roadster sports car, introduced by Tesla under the leadership of Elon Musk, is currently attracting attention