വാൽനട്ട് കുതിര്‍ത്ത് കഴിക്കണോ? അതോ നേരിട്ട് കഴിക്കുന്നതാണോ നല്ലത്? അറിയാം ആരോഗ്യഗുണങ്ങൾ

വാല്‍നട്ട് കഴിച്ചാല്‍ ഗുണങ്ങള്‍ പലത്; പക്ഷേ എങ്ങനെ കഴിക്കണമെന്നും അറിഞ്ഞിരിക്കണം

വാൽനട്ട് കുതിര്‍ത്ത് കഴിക്കണോ? അതോ നേരിട്ട് കഴിക്കുന്നതാണോ നല്ലത്? അറിയാം ആരോഗ്യഗുണങ്ങൾ
dot image

തലച്ചോറിന്റെ ആരോഗ്യത്തിനും ഓര്‍മശക്തി വര്‍ധിപ്പിക്കാനും വാല്‍നട്ട് നല്ലതാണ്. ധാരാളം ആരോഗ്യ ഗുണങ്ങള്‍ ഉള്ളതുകൊണ്ടുതന്നെ വാല്‍നട്ട് കഴിക്കുന്നവരാണ് പലരും. ചിലര്‍ രാത്രി വെള്ളത്തിലിട്ട് കുതിര്‍ത്ത ശേഷമാണ് ഇത് കഴിക്കുന്നത്. കുതിര്‍ത്തു കഴിച്ചാല്‍ കൂടുതല്‍ പോഷകങ്ങള്‍ ലഭിക്കുമെന്നും ശരീരത്തിന് എളുപ്പത്തില്‍ ആഗിരണം ചെയ്യാന്‍ കഴിയുമെന്നുമാണ് പൊതുവേയുള്ള വിശ്വാസം. എന്നാല്‍ വാല്‍നട്ട് കഴിക്കുന്ന രീതിയില്‍ മാറ്റം വരുത്തിയാല്‍ ആരോഗ്യഗുണങ്ങള്‍ കൂടുമോ?. കുതിര്‍ത്ത വാല്‍നട്ടും സാധാരണ ലഭിക്കുന്ന ഉണങ്ങിയ വാല്‍നട്ടും തമ്മിലുള്ള വ്യത്യാസങ്ങള്‍ അറിയാം.

eat walnuts after soaking

തലച്ചോറിന് ഗുണം നല്‍കുന്ന പോഷകങ്ങള്‍

വാല്‍നട്ടില്‍ ശരീരത്തിന് ആവശ്യമായ പല പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഒമേഗ-3 ഫാറ്റി ആസിഡിന്റെ ഒരു വകഭേദമായ എഎല്‍എ (ALA), ആന്റിഓക്സിഡന്റുകള്‍, വിറ്റാമിന്‍ ഇ, പോളിഫെനോളുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. തലച്ചോറിന്റെയും ഹൃദയത്തിന്റെയും ആരോഗ്യത്തിന് ഈ പോഷകങ്ങള്‍ സഹായകരമാണ്. എന്നാല്‍ വാല്‍നട്ട് കഴിക്കുന്നതുകൊണ്ടുമാത്രം ഓര്‍മശക്തി വര്‍ധിക്കുമെന്നോ ബുദ്ധിശക്തി കൂടുമെന്നോ ഉറപ്പിച്ചു പറയാനാവില്ല. ആരോഗ്യകരമായ ഭക്ഷണശീലത്തിന്റെ ഭാഗമായാണ് ഇത് ഉള്‍പ്പെടുത്തേണ്ടത്.

കുതിര്‍ത്ത വാല്‍നട്ടാണോ കൂടുതല്‍ നല്ലത്?

രാത്രി മുഴുവന്‍ വെള്ളത്തില്‍ കുതിര്‍ത്തുവച്ച വാല്‍നട്ട് കഴിക്കുന്ന ശീലം പലര്‍ക്കുമുണ്ട്. കുതിര്‍ക്കുമ്പോള്‍ വാല്‍നട്ട് മൃദുവാകുന്നതിനാല്‍ ചവച്ചുകഴിക്കാനും എളുപ്പമായേക്കാം. എന്നാല്‍ കുതിര്‍ത്ത വാല്‍നട്ട് കഴിക്കുന്നതിലൂടെ തലച്ചോറിന് കൂടുതല്‍ ഗുണം ലഭിക്കുമെന്നതിന് വ്യക്തമായ ശാസ്ത്രീയ തെളിവുകളില്ല. കുതിര്‍ത്തതും കുതിര്‍ക്കാത്തതുമായ വാല്‍നട്ടുകളില്‍ ആരോഗ്യത്തിന് ആവശ്യമായ പോഷകങ്ങള്‍ ലഭ്യമാണ്. അതുകൊണ്ട് വാല്‍നട്ട് കുതിര്‍ത്തു കഴിക്കണമെന്നത് നിര്‍ബന്ധമായ കാര്യമല്ല. ഇഷ്ടത്തിനും സൗകര്യത്തിനും അനുസരിച്ച് കഴിക്കാം.

eat walnuts after soaking

കുതിര്‍ക്കുമ്പോള്‍ പോഷകങ്ങള്‍ നഷ്ടപ്പെടുമോ?

നട്‌സ് വെള്ളത്തിലിട്ട് കുതിര്‍ക്കുന്നത് അവയിലെ ഫൈറ്റേറ്റ് പോലുള്ള ഘടകങ്ങള്‍ കുറയ്ക്കുമെന്നും അതുവഴി ധാതുക്കള്‍ ശരീരത്തിന് കൂടുതല്‍ എളുപ്പത്തില്‍ ആഗിരണം ചെയ്യാനാകുമെന്നുമുള്ള ധാരണയുണ്ട്. എന്നാല്‍ 2020ല്‍ Food Chemistry ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ വാല്‍നട്ട് വെള്ളത്തില്‍ കുതിര്‍ക്കുന്നതിലൂടെ ഫൈറ്റേറ്റിന്റെ അളവില്‍ കാര്യമായ മാറ്റമുണ്ടാകുന്നില്ലെന്നാണ് കണ്ടെത്തിയത്. അതേസമയം ചില ധാതുക്കള്‍ കുതിര്‍ക്കുന്ന വെള്ളത്തിലേക്ക് ലയിച്ചുപോകാനും സാധ്യതയുണ്ട്. വാല്‍നട്ട് ചെറിയ കഷ്ണങ്ങളാക്കി കുതിര്‍ക്കുമ്പോള്‍ ഈ നഷ്ടം കൂടാനിടയുണ്ട്. അതിനാല്‍ പോഷകങ്ങള്‍ കൂടുതലായി ലഭിക്കുമെന്ന പ്രതീക്ഷയില്‍ മാത്രം വാല്‍നട്ട് കുതിര്‍ക്കേണ്ടതില്ല.

eat walnuts after soaking

ഹൃദയാരോഗ്യത്തിനും ഗുണകരം

വാല്‍നട്ടിലെ ആരോഗ്യകരമായ കൊഴുപ്പുകള്‍ ഹൃദയത്തിന്റെ ആരോഗ്യത്തിന് ഗുണകരമാണ്. സമീകൃത ഭക്ഷണത്തിന്റെ ഭാഗമായി വാല്‍നട്ട് കഴിക്കുന്നത് കൊളസ്‌ട്രോള്‍ നിയന്ത്രിക്കാന്‍ സഹായിച്ചേക്കാം. ഇതിലെ ആന്റിഓക്സിഡന്റുകളും മറ്റ് പോഷകങ്ങളും ശരീരത്തിന്റെ പൊതുവായ ആരോഗ്യത്തിനും സഹായകരമാണ്. എന്നാല്‍ വാല്‍നട്ട് കഴിക്കുന്നതുകൊണ്ടുമാത്രം കൊളസ്‌ട്രോള്‍ കുറയുകയോ ഹൃദ്രോഗസാധ്യത ഇല്ലാതാകുകയോ ചെയ്യില്ല. വ്യായാമം, സമീകൃത ഭക്ഷണം, ആരോഗ്യകരമായ ജീവിതശൈലി എന്നിവയ്ക്കും പ്രാധാന്യമുണ്ട്.

eat walnuts after soaking

ഒരു ദിവസം എത്ര വാല്‍നട്ട് കഴിക്കാം?

ദിവസവും ഏകദേശം 25 മുതല്‍ 30 ഗ്രാം വരെ വാല്‍നട്ട് കഴിക്കുന്നത് ആരോഗ്യകരമായ ഭക്ഷണക്രമത്തിന്റെ ഭാഗമാക്കാം. എന്നാല്‍ വ്യക്തിയുടെ പ്രായം, ശരീരഭാരം, ശാരീരിക പ്രവര്‍ത്തനങ്ങള്‍, ആകെ ഭക്ഷണക്രമം എന്നിവ അനുസരിച്ച് ആവശ്യമായ അളവില്‍ വ്യത്യാസമുണ്ടാകും. വാല്‍നട്ടില്‍ ആരോഗ്യകരമായ കൊഴുപ്പുകള്‍ അടങ്ങിയിട്ടുണ്ടെങ്കിലും കലോറിയും കൂടുതലാണ്. അതിനാല്‍ അമിതമായി കഴിക്കുന്നത് ഒഴിവാക്കണം. ഉപ്പ് ചേര്‍ക്കാത്തതും വറുക്കാത്തതുമായ വാല്‍നട്ട് തിരഞ്ഞെടുക്കുന്നത് നല്ലതാണ്.

Content Highlights :It is a common belief that consuming food after soaking it provides more nutrients and makes them easier for the body to absorb. But can changing the way you eat walnuts enhance their health benefits?

dot image
To advertise here,contact us
dot image