ശ്രേയസ്സിനെ വിമര്‍ശിച്ച് മുഹമ്മദ് കൈഫ്; ബൗളിങ് സംഘത്തെ മികച്ചതാക്കണമെന്ന് നിര്‍ദേശം

നടന്നുകൊണ്ടിരിക്കുന്ന അഞ്ച് മത്സരങ്ങളുടെ പരമ്പരയിലുടനീളം ഇന്ത്യയുടെ ബൗളിങ് വലിയൊരു ആശങ്കയായി തുടരുകയാണ്

ശ്രേയസ്സിനെ വിമര്‍ശിച്ച് മുഹമ്മദ് കൈഫ്; ബൗളിങ് സംഘത്തെ മികച്ചതാക്കണമെന്ന് നിര്‍ദേശം
dot image

ഹൈദരാബാദില്‍ നടന്ന നാലാം ടി20 മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനോട് ഇന്ത്യ പരാജയപ്പെട്ടതിന് പിന്നാലെ, ടീം തിരഞ്ഞെടുപ്പിന്റെ പേരില്‍ ശ്രേയസ് അയ്യരെയും ടീം മാനേജ്മെന്റിനെയും രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. ബൗളിങ് നിരയെ ശക്തമാക്കുന്നതിന് പകരം ബാറ്റിംഗിന് മുന്‍ഗണന നല്‍കുന്ന പ്ലേയിംഗ് ഇലവനെ കളത്തിലിറക്കാനുള്ള ടീം മാനേജ്മെന്റിന്റെ തീരുമാനത്തെ കൈഫ് ചോദ്യം ചെയ്തു. നാല് സ്‌പെഷ്യലിസ്റ്റ് ബൗളര്‍മാരും രണ്ട് ഓള്‍റൗണ്ടര്‍മാരുമായിട്ടാണ് ഇന്ത്യ മത്സരത്തിനിറങ്ങിയത്. ഈ കോമ്പിനേഷന്‍ അവര്‍ക്ക് തിരിച്ചടിയാവുകയും 20 ഓവറില്‍ 247/3 എന്ന ഭീമന്‍ സ്‌കോര്‍ വഴങ്ങേണ്ടി വരികയും ചെയ്തു. മറുപടി ബാറ്റിംഗില്‍ ആതിഥേയര്‍ മികച്ച പോരാട്ടം കാഴ്ചവെച്ചെങ്കിലും 223 റണ്‍സിന് പുറത്താവുകയും 24 റണ്‍സിന്റെ തോല്‍വി വഴങ്ങുകയും ചെയ്തു.

നടന്നുകൊണ്ടിരിക്കുന്ന അഞ്ച് മത്സരങ്ങളുടെ പരമ്പരയിലുടനീളം ഇന്ത്യയുടെ ബൗളിങ് വലിയൊരു ആശങ്കയായി തുടരുകയാണ്. രണ്ടാം ടി20യില്‍ 250 റണ്‍സ് ലക്ഷ്യം പ്രതിരോധിക്കാന്‍ ആതിഥേയര്‍ക്ക് സാധിച്ചില്ല, എന്നാല്‍ മൂന്നാം മത്സരത്തില്‍ 14 റണ്‍സിന്റെ വിജയം നേടിയെങ്കിലും അവര്‍ 209 റണ്‍സ് വഴങ്ങിയിരുന്നു. സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ പ്ലേയിംഗ് ഇലവനെ തിരഞ്ഞെടുക്കാത്തതിന് ടീം മാനേജ്മെന്റിനെ കൈഫ് വിമര്‍ശിച്ചു.

'എട്ടാം നമ്പര്‍ വരെ ബാറ്റിംഗ് നിരയുണ്ടെന്നത് ധൈര്യമല്ല. ബാറ്റിങ്ങിന് അനുകൂലമായ വിക്കറ്റില്‍ നിങ്ങളുടെ പ്രധാന ബൗളര്‍മാരെ കളിപ്പിക്കുന്നതാണ് ധൈര്യം. അക്സര്‍ പട്ടേലിനെ ഓള്‍റൗണ്ടറായി ഉള്‍പ്പെടുത്തി ഏഴ് ബാറ്റര്‍മാരെയും അഞ്ച് പ്രധാന ബൗളര്‍മാരെയും തിരഞ്ഞെടുക്കുന്നതാണ് ധീരമായ തീരുമാനം. എതിരാളികളെ 250 റണ്‍സ് എടുക്കാന്‍ അനുവദിച്ചിട്ട് ഞങ്ങള്‍ അത് ചേസ് ചെയ്ത് പിടിക്കുമെന്ന് പറയുന്നതല്ല ധൈര്യം. നിങ്ങള്‍ അഞ്ച് പ്രധാന ബൗളര്‍മാരുമായി കളിക്കുകയാണെങ്കില്‍ ഇത്രയും വലിയ സ്‌കോര്‍ ചേസ് ചെയ്യേണ്ടി വരില്ല. പിച്ച് ബാറ്റിംഗിന് എത്രത്തോളം അനുകൂലമാണോ, അത്രയധികം സ്‌പെഷ്യലിസ്റ്റ് ബോളര്‍മാരെ കളിപ്പിക്കണം' -കൈഫ് പറഞ്ഞു.

ലെഫ്റ്റ് ആം റിസ്റ്റ് സ്പിന്നര്‍ കുല്‍ദീപ് യാദവിനെ ഒഴിവാക്കിയതിനെക്കുറിച്ചും മുന്‍ ഇന്ത്യന്‍ താരം സംസാരിച്ചു. ഒരു ബാറ്ററെ കുറച്ചുകൊണ്ട് പോലും സ്പിന്നറെ ടീമില്‍ ഉള്‍പ്പെടുത്തണമായിരുന്നുവെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. കുല്‍ദീപിന്റെ പരിചയസമ്പത്തും വിക്കറ്റ് വീഴ്ത്താനുള്ള കഴിവും ഇന്ത്യയ്ക്ക് മികച്ച സന്തുലിതാവസ്ഥയും വെസ്റ്റ് ഇന്‍ഡീസ് ബാറ്റിംഗ് നിരയ്ക്കെതിരെ ശക്തമായ ബോളിംഗ് നിരയും നല്‍കുമെന്നും കൈഫ് വാദിച്ചു.

'ഞാന്‍ ആയിരുന്നെങ്കില്‍ കുല്‍ദീപ് യാദവിനെ കളിപ്പിക്കുമായിരുന്നു. റഷീദ് ഖാന്‍ പേരെടുത്തത് ഈ ഹൈദരാബാദ് ട്രാക്കിലാണ്. ഐസിസി റാങ്കിംഗിലെ ആദ്യ 4 സ്ഥാനക്കാരും ലെഗ് സ്പിന്നര്‍മാരാണ്. അതിനാല്‍ ഫ്‌ലാറ്റ് ട്രാക്കില്‍ കുല്‍ദീപ് യാദവ് കൂടുതല്‍ ഫലപ്രദമാകുമായിരുന്നു,' അദ്ദേഹം പറഞ്ഞു. 'വേഗതയിലെ വ്യതിയാനവും ഹൈദരാബാദ് പിച്ചിലെ അധിക ബൗണ്‍സും അദ്ദേഹത്തെ സഹായിക്കുമായിരുന്നു. ഇന്ത്യയ്ക്ക് എളുപ്പത്തില്‍ ഒരു ബാറ്ററെ ഒഴിവാക്കി മറ്റൊരു ബോളറെ ടീമില്‍ ഉള്‍പ്പെടുത്താമായിരുന്നു' -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ വിജയത്തോടെ വെസ്റ്റ് ഇന്‍ഡീസ് അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പര 2-2 ന് സമനിലയിലാക്കുകയും അവസാന മത്സരം പരമ്പര വിജയികളെ നിര്‍ണ്ണയിക്കുന്ന പോരാട്ടമാക്കി മാറ്റുകയും ചെയ്തു. പരമ്പരയിലെ അവസാന മത്സരം ശനിയാഴ്ച ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കും.

content highlights: 'Cannot Win World Cup With This Combination': Mohammad Kaif Slams Shreyas Iyer & Indian Bowling Unit

dot image
To advertise here,contact us
dot image