

'ജയിലർ 2' റിലീസിനെത്തിയതിന് പിന്നാലെ സിനിമയിലെ മോഹൻലാലിന്റെ കഥാപാത്രത്തെയും ക്ലൈമാക്സ് രംഗങ്ങളെയും ചുറ്റിപ്പറ്റി വലിയ ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. ചിത്രത്തിൽ മോഹൻലാലിന്റെ കഥാപാത്രത്തിന് സ്ക്രീൻ സ്പേസ് കുറവാണെന്നും പ്രധാന ഭാഗങ്ങൾ വെട്ടിച്ചുരുക്കിയെന്നും കോസ്റ്റ്യൂം ഡിസൈനർ ഉൾപ്പെടെ വ്യക്തമാക്കിയിരുന്നു. ഇതിനിടയിലാണ് നിർണായക വെളിപ്പെടുത്തലുമായി മിമിക്രി കലാകാരനും നടനുമായ ജോബി കൊടകര രംഗത്തെത്തിയത്.
ചിത്രത്തിന്റെ റിലീസ് ദിവസത്തിൽ ജോബി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പും ചിത്രങ്ങളുമാണ് ഇപ്പോൾ സിനിമാേലകത്ത് വലിയ ചർച്ചയായിരിക്കുന്നത്. 'ജയിലർ 2' എന്ന വലിയ ചിത്രത്തിന്റെ ചെറിയൊരു ഭാഗമാകുവാൻ കഴിഞ്ഞതിലും സൂപ്പർസ്റ്റാർ രജനികാന്തിനെ നേരിൽ കാണാൻ സാധിച്ചതിലും സന്തോഷമുണ്ടെന്നാണ് ജോബി കുറിച്ചത്. ഒപ്പം മോഹൻലാലിന്റെ ലുക്കിലുള്ള തന്റെ ലൊക്കേഷൻ ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിരുന്നു.

ചിത്രത്തിലെ ക്ലൈമാക്സ് രംഗത്ത് കാറിലെത്തുന്ന നിർണായക ഷോട്ടുകളിൽ അഭിനയിച്ചത് മോഹൻലാലല്ലെന്നും അദ്ദേഹത്തിന്റെ ഡ്യൂപ്പായി എത്തിയ ജോബി കൊടകരയാണെന്നുമാണ് ഒരു വിഭാഗം ആരാധകർ ഉറപ്പിച്ച് പറയുന്നത്. മോഹൻലാലിന്റെ പല ദൃശ്യങ്ങളും ഒഴിവാക്കിയെന്ന മുൻ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ പുറത്തുവന്ന ഈ വിവരങ്ങൾ ആരാധകരെയും നിരാശരാക്കിയിരിക്കുകയാണ്. നടന്റെ ലുക്കിൽ മിമിക്രി താരം ഡ്യൂപ്പായി എത്തിയെന്ന വാർത്ത ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചാവിഷയമായി മാറിയിട്ടുണ്ട്. സംഭവം വിവാദമായതോടെ മിമിക്രി താരം ജോബി, തന്റെ പോസ്റ്റ് നീക്കം ചെയ്തു.
Content Highlights: Photos from the sets of Jailer 2 featuring a mimicry artist who resembles actor Mohanlal have attracted attention on social media. The artist's resemblance to the actor has left fans surprised, with the pictures drawing interest among followers of the upcoming film.