മൂന്ന് മാസം കൂടുമ്പോള്‍ കാറുകളുടെ വില ഉയരുമോ?; മെഴ്‌സിഡസ് നല്‍കുന്ന സൂചന

കാര്‍ വാങ്ങാന്‍ പണം മാറ്റിവയ്ക്കുന്നവര്‍ക്ക് തിരിച്ചടിയുണ്ടാകുമോ? വര്‍ദ്ധിച്ചുവരുന്ന ചെലവുകള്‍, രൂപയുടെ മൂല്യം ദുര്‍ബലമാകുന്നത്, ലോജിസ്റ്റിക്‌സ് സമ്മര്‍ദ്ദങ്ങള്‍ എന്നിവയ്ക്കിടയില്‍ ത്രൈമാസ വില വര്‍ദ്ധനവ് സാധാരണ സംഭവമായി മാറിയേക്കാമെന്ന് കമ്പനി പറയുന്നു.

മൂന്ന് മാസം കൂടുമ്പോള്‍ കാറുകളുടെ വില ഉയരുമോ?; മെഴ്‌സിഡസ് നല്‍കുന്ന സൂചന
dot image

2026ല്‍ ഇതിനകം തന്നെ നാല് തവണയാണ് Mercedse Benz ഇന്ത്യയില്‍ കാറുകളുടെ വില പരിഷ്‌കരിച്ചത്. ജനുവരി, ഏപ്രില്‍, ജൂലൈ മാസങ്ങള്‍ക്ക് പിന്നാലെ ഒക്ടോബര്‍ ഒന്നിനും വില വര്‍ധിപ്പിച്ചു. ഇനി ഇത്തരം ത്രൈമാസ വിലവര്‍ധന സാധാരണയായി മാറിയേക്കാമെന്നാണ് മെഴ്‌സിഡസ് ബെന്‍സ് ഇന്ത്യയുടെ എംഡിയും സിഇഒയുമായ സന്തോഷ് അയ്യര്‍ വ്യക്തമാക്കിയത്.

എന്തുകൊണ്ടാണ് ഇടയ്ക്കിടെ വില കൂടുന്നത്?

ഒന്നല്ല പല ഘടകങ്ങളാണ് കാറുകളുടെ വിലയെ ബാധിക്കുന്നത്. പ്രധാനമായും യൂറോയ്ക്കെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യത്തകര്‍ച്ച, വാഹന നിര്‍മാണത്തിനുള്ള ഇന്‍പുട്ട് ചെലവുകളിലെ വര്‍ധന, പണപ്പെരുപ്പം, ലോജിസ്റ്റിക്‌സ് ചെലവ് എന്നിവയാണ് മെഴ്‌സിഡസ് ബെന്‍സ് ചൂണ്ടിക്കാട്ടുന്നത്. ഇതിന് പുറമെ വാഹനങ്ങളുടെ ഷിപ്പിങ് സമയവും നീളുന്നുണ്ട്. ഇറക്കുമതി ചെയ്യുന്ന ഘടകങ്ങളും വാഹനങ്ങളും സംബന്ധിച്ച ചെലവുകള്‍ വര്‍ധിക്കുമ്പോള്‍ കമ്പനികള്‍ക്ക് അതിന്റെ ഒരു ഭാഗം വിലയില്‍ പ്രതിഫലിപ്പിക്കേണ്ടി വരുന്നു.

Mercedse Benz

ഓരോ മൂന്ന് മാസവും 2 ശതമാനം വീതം കൂടിയാലോ

ഓരോ മൂന്ന് മാസവും കൃത്യമായി ഇത്ര ശതമാനം വില കൂട്ടും എന്ന സ്ഥിരം നിയമം മെഴ്‌സിഡസ് പ്രഖ്യാപിച്ചിട്ടില്ല. നിലവിലെ ചെലവുകളും രൂപയുടെ മൂല്യവും വിപണി സാഹചര്യങ്ങളും പരിഗണിച്ചായിരിക്കും വില തീരുമാനിക്കുക. കമ്പനിയുടെ കണക്കനുസരിച്ച് ഈ വര്‍ഷം നടത്തിയ വില ക്രമീകരണങ്ങള്‍ ഏകദേശം 1.5 മുതല്‍ 2 ശതമാനം വരെ എന്ന നിരക്കിലായിരുന്നു. അതായത് ഇനി എല്ലാ കാറുകള്‍ക്കും മൂന്ന് മാസം കൂടുമ്പോള്‍ നിര്‍ബന്ധമായും വില കൂടും എന്ന് അര്‍ഥമാക്കേണ്ടതില്ല. എന്നാല്‍ ചെലവുകളിലെ സമ്മര്‍ദം തുടര്‍ന്നാല്‍ ഇടയ്ക്കിടെ വില പരിഷ്‌കരിക്കുന്ന രീതി തുടരാന്‍ സാധ്യതയുണ്ടെന്നതാണ് മെഴ്‌സിഡസ് ബെന്‍സ് നല്‍കുന്ന സൂചന.

Mercedse Benz

ഉപഭോക്താവിന് തിരിച്ചടി എത്രത്തോളം?

ലക്ഷങ്ങള്‍ വിലയുള്ള ആഡംബര കാറുകളില്‍ ചെറിയ ശതമാനം വര്‍ധന പോലും വലിയ തുകയായി മാറും. ഉദാഹരണത്തിന്, ഒരു കോടി രൂപ വിലയുള്ള വാഹനത്തിന് 2 ശതമാനം വിലവര്‍ധനയുണ്ടായാല്‍ ഏകദേശം രണ്ട് ലക്ഷം രൂപ അധികമാകും. അതുകൊണ്ടുതന്നെ ഇടയ്ക്കിടെയുള്ള ചെറിയ വിലവര്‍ധന പോലും വാഹനത്തിന്റെ വിലയില്‍ കാര്യമായ വ്യത്യാസമുണ്ടാക്കാം. എന്നാല്‍ വിലവര്‍ധനയുടെ മുഴുവന്‍ ഭാരവും ഉപഭോക്താവിലേക്ക് മാറ്റുന്നില്ലെന്നാണ് മെഴ്‌സിഡ് ബെന്‍സ് പറയുന്നത്. ഫിനാന്‍സിങ് പദ്ധതികളും Dream Days പോലുള്ള ക്യാംപെയ്നുകളും വഴി അധിക ചെലവിന്റെ ആഘാതം കുറയ്ക്കാനും കമ്പനി ശ്രമിക്കുന്നുണ്ട്.

Mercedse Benz

വില കൂടിയിട്ടും വാങ്ങുന്നവര്‍ കുറയുന്നില്ല

വിലവര്‍ധന ഉണ്ടായിട്ടും മെഴ്‌സിഡസ് ബെന്‍സിന്റെ വില്‍പ്പനയില്‍ വലിയ ഇടിവുണ്ടായിട്ടില്ല എന്നതാണ് ശ്രദ്ധേയം. 2026 ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെ ഇന്ത്യയില്‍ 15,190 വാഹനങ്ങളാണ് മെഴ്‌സിഡസ് ബെന്‍സ് വിറ്റത്. കഴിഞ്ഞ വര്‍ഷത്തെ സമാന കാലയളവിലെ 14,132 യൂണിറ്റുകളെ അപേക്ഷിച്ച് ഏകദേശം 8 ശതമാനം വളര്‍ച്ചയാണിത്. ജൂലൈ-സെപ്റ്റംബര്‍ കാലയളവിലും കമ്പനി റെക്കോര്‍ഡ് വില്‍പ്പന രേഖപ്പെടുത്തി.അതായത് വില ഉയരുമ്പോഴും ആഡംബര കാര്‍ വിപണിയിലെ ആവശ്യകത ഇപ്പോള്‍ ശക്തമായി തുടരുകയാണ്.

Mercedse Benz

ജനുവരിയിലും വീണ്ടും വില കൂടും

2027 ജനുവരിയിലും മെഴ്‌സിഡസ് ബെന്‍സ് ഇന്ത്യയില്‍ വില വര്‍ധിപ്പിക്കുമെന്ന് കമ്പനി സിഇഒ സന്തോഷ് അയ്യര്‍ വ്യക്തമാക്കിയിട്ടുണ്ട്.എത്ര ശതമാനം വര്‍ധനയുണ്ടാകുമെന്ന് ഇപ്പോള്‍ വ്യക്തമാക്കിയിട്ടില്ല. ഡിസംബറിനോട് അടുത്തായിരിക്കും അതിന്റെ തോത് തീരുമാനിക്കുക എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. രൂപയുടെ മൂല്യം ഇപ്പോഴും സമ്മര്‍ദത്തിലാണെന്നതാണ് വിലവര്‍ധനയ്ക്കുള്ള പ്രധാന കാരണങ്ങളിലൊന്ന്.

Content Highlights :The company states that quarterly price hikes could become the norm amidst rising costs, the weakening rupee, and logistics pressures
dot image
To advertise here,contact us
dot image