മൈലേജ് മാത്രം നോക്കിയാൽ മതിയോ?;കുടുംബത്തിന് കാർ വാങ്ങുമ്പോൾ മറ്റ് പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്

കുടുംബത്തിനായി ഒരു കാര്‍ വാങ്ങുമ്പോള്‍ മിക്ക ആളുകളും മൈലേജില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് പലപ്പോഴും കാണാറുണ്ട്. എന്നാല്‍ കാര്‍ വാങ്ങുമ്പോള്‍ ഇക്കാര്യം കൂടി ശ്രദ്ധിക്കുന്നത് നന്നായിരിക്കും

മൈലേജ് മാത്രം നോക്കിയാൽ മതിയോ?;കുടുംബത്തിന് കാർ വാങ്ങുമ്പോൾ മറ്റ് പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്
dot image

കാര്‍ വാങ്ങാന്‍ പോകുമ്പോള്‍ പലരും ആദ്യം ചോദിക്കുന്ന ചോദ്യം 'എത്ര മൈലേജ് കിട്ടും?'' എന്നായിരിക്കും. എന്നാല്‍ കുടുംബത്തിനായി ഒരു കാര്‍ വാങ്ങുമ്പോള്‍ മൈലേജ് മാത്രം നോക്കിയാല്‍ മതിയാകുമോ? യാത്രയ്ക്കിടെ കുടുംബത്തിന്റെ സുരക്ഷ, എല്ലാവര്‍ക്കും സുഖമായി ഇരിക്കാനുള്ള സ്ഥലം, ലഗേജ് വയ്ക്കാനുള്ള സൗകര്യം, സര്‍വീസ് ചെലവ്… അങ്ങനെ പല കാര്യങ്ങളും കൂടി കണക്കിലെടുക്കേണ്ടതുണ്ട്. ഷോറൂമില്‍ കണ്ട് ഇഷ്ടപ്പെട്ട കാര്‍ വാങ്ങുന്നതിന് മുമ്പ് ഈ കാര്യങ്ങള്‍ കൂടി പരിശോധിച്ചാല്‍ പിന്നീട് നിരാശപ്പെടേണ്ടി വരില്ല.

ആദ്യം നോക്കേണ്ടത് സുരക്ഷ

കുടുംബത്തോടൊപ്പം യാത്ര ചെയ്യുമ്പോള്‍ ഏറ്റവും പ്രധാനപ്പെട്ടത് സുരക്ഷ തന്നെയാണ്. അതുകൊണ്ട് കാര്‍ വാങ്ങുന്നതിന് മുമ്പ് അതിന്റെ ക്രാഷ് ടെസ്റ്റ് റേറ്റിംഗ് പരിശോധിക്കാം. എയര്‍ബാഗുകളുടെ എണ്ണം മാത്രമല്ല, ABS, EBD, Electronic Stability Control (ESC), ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളും വാഹനത്തിലുണ്ടോ എന്ന് പരിശോധിക്കുന്നത് നല്ലതാണ്. കുട്ടികളുള്ള കുടുംബമാണെങ്കില്‍ ISOFIX പോലുള്ള സംവിധാനങ്ങള്‍ക്ക് പ്രത്യേക പ്രാധാന്യമുണ്ട്.

 buying a car for your family

5 പേര്‍ക്ക് 5 സീറ്റ് മാത്രം മതിയോ?

കാറില്‍ എത്ര പേര്‍ യാത്ര ചെയ്യുമെന്നത് വാങ്ങുന്നതിന് മുമ്പേ കണക്കാക്കണം. അഞ്ചുപേരുള്ള കുടുംബമാണെങ്കില്‍ 5 സീറ്റര്‍ മതിയാകാം. എന്നാല്‍ വീട്ടില്‍ ആറോ ഏഴോ പേര്‍ പതിവായി യാത്ര ചെയ്യുന്നുണ്ടെങ്കില്‍ 7 സീറ്റര്‍ വാഹനമായിരിക്കും കൂടുതല്‍ പ്രായോഗികം. പക്ഷേ സീറ്റുകളുടെ എണ്ണം മാത്രം നോക്കിയാല്‍ പോരാ. പിന്നിലെ സീറ്റില്‍ കാലുകള്‍ വയ്ക്കാന്‍ മതിയായ സ്ഥലമുണ്ടോ, തല മുകളില്‍ തട്ടുന്നുണ്ടോ, പിന്നിലെ യാത്രക്കാര്‍ക്ക് AC സൗകര്യമുണ്ടോ തുടങ്ങിയ കാര്യങ്ങളും പരിശോധിക്കാം. പ്രത്യേകിച്ച് ദീര്‍ഘദൂര യാത്രകളാണെങ്കില്‍ ഷോറൂമില്‍ ഇരുന്ന് തന്നെ ഓരോ സീറ്റും പരീക്ഷിച്ചുനോക്കുന്നത് നല്ലതാണ്.

കുടുംബമെന്ന് പറഞ്ഞാല്‍ ലഗേജും ഉണ്ടാകും

കുടുംബത്തോടൊപ്പം യാത്ര പോകുമ്പോള്‍ ആളുകള്‍ മാത്രമല്ല ബാഗുകളും കുട്ടികളുടെ സാധനങ്ങളും മറ്റും കാറിലുണ്ടാകും. അതുകൊണ്ട് ബൂട്ട് സ്‌പേസും പ്രധാനമാണ്. അഞ്ചുപേര്‍ കാറില്‍ കയറിയ ശേഷം ബാഗുകള്‍ വയ്ക്കാന്‍ സ്ഥലം കുറവാണെങ്കില്‍ വലിയ ബുദ്ധിമുട്ടാകും. 7 സീറ്റര്‍ വാഹനമാണെങ്കില്‍ മൂന്നാം നിര ഉപയോഗിക്കുമ്പോള്‍ എത്ര ബൂട്ട് സ്‌പേസ് ബാക്കിയാകുന്നുവെന്നും പരിശോധിക്കണം. CNG കാര്‍ തിരഞ്ഞെടുക്കുന്നുണ്ടെങ്കില്‍ പ്രത്യേക ശ്രദ്ധ വേണം. സിലിണ്ടര്‍ സ്ഥാപിച്ചതിന് ശേഷം ബാഗുകള്‍ വയ്ക്കാന്‍ എത്ര സ്ഥലം ബാക്കിയുണ്ടെന്ന് നേരിട്ട് പരിശോധിക്കുക.

 buying a car for your family,

പെട്രോള്‍ വേണോ, ഡീസല്‍ വേണോ, CNG വേണോ?

മൈലേജ് കൂടുതലുള്ളത് ഏത്? എന്ന ചോദ്യത്തിന് മാത്രം ഉത്തരം തേടാതെ നിങ്ങള്‍ കാര്‍ എങ്ങനെയാണ് ഉപയോഗിക്കാന്‍ പോകുന്നത് എന്ന് ആദ്യം ചിന്തിക്കണം.ദിവസവും കുറച്ച് ദൂരം മാത്രം നഗരത്തില്‍ ഓടിക്കുന്ന വാഹനമാണെങ്കില്‍ പെട്രോള്‍ പോലുള്ള ഓപ്ഷനുകള്‍ പരിഗണിക്കാം. ദീര്‍ഘദൂരം പതിവായി യാത്ര ചെയ്യുന്നവര്‍ക്ക് ഉപയോഗത്തിനും ബജറ്റിനും അനുസരിച്ച് CNG, ഹൈബ്രിഡ് തുടങ്ങിയ ഓപ്ഷനുകളും പരിശോധിക്കാം. ഇലക്ട്രിക് വാഹനങ്ങള്‍ തിരഞ്ഞെടുക്കുന്നവര്‍ക്ക് വീട്ടിലോ പതിവായി ഉപയോഗിക്കുന്ന സ്ഥലങ്ങളിലോ ചാര്‍ജിങ് സൗകര്യമുണ്ടോ എന്നതും പ്രധാനമാണ്.

ഷോറൂം വില കണ്ടിട്ട് ബജറ്റ് തീരുമാനിക്കരുത്

വാങ്ങാന്‍ പോകുന്ന കാറിന് 10 ലക്ഷം രൂപയാണ് എന്ന് കേട്ട് ബജറ്റ് തീരുമാനിച്ചാല്‍ ചിലപ്പോള്‍ കണക്കുകൂട്ടല്‍ തെറ്റാം. കാരണം എക്‌സ് ഷോറൂം വിലയും ഓണ്‍ റോഡ് വിലയും ഒന്നല്ല. ഇന്‍ഷുറന്‍സ്, റോഡ് ടാക്‌സ്, രജിസ്‌ട്രേഷന്‍ തുടങ്ങിയ ചെലവുകള്‍ കൂടി വരും. ഇതിന് പുറമേ സര്‍വീസിനും സ്‌പെയര്‍ പാര്‍ട്‌സിനും എത്ര ചെലവാകും എന്നതും പരിശോധിക്കണം. അതുകൊണ്ട് കാര്‍ വാങ്ങുന്നതിന് മുമ്പ് എല്ലാം കൂടി ചേര്‍ത്ത് റോഡിലിറക്കാന്‍ എത്ര രൂപ വേണം? എന്ന് കൃത്യമായി ചോദിച്ചറിയുക.

 buying a car for your family,

സര്‍വീസ് സെന്റര്‍ അടുത്തുണ്ടോ?

കാര്‍ വാങ്ങിയ ശേഷം മാത്രമാണ് പലരും സര്‍വീസ് സെന്ററിന്റെ പ്രാധാന്യം മനസിലാകുന്നത്. നിങ്ങളുടെ നഗരത്തിലോ വീടിന് സമീപമോ വാഹനത്തിന്റെ അംഗീകൃത സര്‍വീസ് സെന്റര്‍ ഉണ്ടോ എന്ന് വാങ്ങുന്നതിന് മുമ്പ് തന്നെ പരിശോധിക്കാം. സര്‍വീസ് നെറ്റ്വര്‍ക്ക്, സാധാരണ സര്‍വീസിന്റെ ചെലവ്, സ്‌പെയര്‍ പാര്‍ട്‌സ് ലഭ്യത തുടങ്ങിയ കാര്യങ്ങള്‍ കൂടി അന്വേഷിക്കുന്നത് ദീര്‍ഘകാല ഉപയോഗത്തില്‍ സഹായിക്കും.

ഫീച്ചറുകള്‍ ഉപയോഗിക്കാനും പറ്റണം

കാറിലെ എല്ലാ ഫീച്ചറുകളും അത്യാവശ്യമല്ല. എന്നാല്‍ കുടുംബ ഉപയോഗത്തില്‍ ചില സൗകര്യങ്ങള്‍ യാത്ര കൂടുതല്‍ എളുപ്പമാക്കും. റിവേഴ്‌സ് പാര്‍ക്കിങ് ക്യാമറ, നല്ല ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ക്രൂസ് കണ്‍ട്രോള്‍ തുടങ്ങിയവ ദൈനംദിന ഉപയോഗത്തിലും ദീര്‍ഘയാത്രകളിലും ഉപകാരപ്പെടാം. എന്നാല്‍ ഫീച്ചറുകളുടെ എണ്ണം മാത്രം നോക്കി കാര്‍ തിരഞ്ഞെടുക്കേണ്ടതില്ല. നിങ്ങള്‍ക്ക് യഥാര്‍ത്ഥത്തില്‍ ഉപയോഗിക്കേണ്ട സൗകര്യങ്ങളാണോ അതിലുള്ളത് എന്നതാണ് പ്രധാന്യം.

ഒരു ടെസ്റ്റ് ഡ്രൈവ് നടത്തിനോക്കൂ. പക്ഷേ ഒറ്റയ്ക്ക് പോകരുത്

കാര്‍ വാങ്ങുന്നതിന് മുമ്പ് ടെസ്റ്റ് ഡ്രൈവ് നടത്തുന്നത് സാധാരണ കാര്യമാണ്. എന്നാല്‍ ഫാമിലി കാര്‍ വാങ്ങുമ്പോള്‍ ഓടിക്കുന്ന ആള്‍ മാത്രം ടെസ്റ്റ് ഡ്രൈവ് ചെയ്താല്‍ പോരാ. കുടുംബാംഗങ്ങളെയും ഒപ്പം കൂട്ടാം. പിന്നിലെ സീറ്റില്‍ ഇരുന്ന് നോക്കുക, കാല്‍ വയ്ക്കാനുള്ള സ്ഥലം എങ്ങനെയെന്ന് പരിശോധിക്കുക, കയറാനും ഇറങ്ങാനും എളുപ്പമാണോ എന്ന് നോക്കുക. ഡ്രൈവര്‍ക്ക് വാഹനത്തിലിരിക്കുമ്പോഴുളള കാഴ്ച, ബ്രേക്കിങ്, സസ്‌പെന്‍ഷന്‍, ഡ്രൈവിങ് സൗകര്യം എന്നിവയും നേരിട്ട് അനുഭവിച്ചറിയാം.

Content Highlights :It is often observed that most people focus on mileage when buying a car for their family. However, there are several other factors that need to be considered when purchasing a family car.





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image