

കറുത്ത നിറത്തിലുള്ള കാറുകള്‍ ലോകത്തെവിടെയും സാധാരണ കാഴ്ചയാണ്. എന്നാല്‍ ഒരു രാജ്യത്തിന്റെ തലസ്ഥാനത്ത് കറുത്ത കാറുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നുവെന്നത് ഒരുപക്ഷേ വിശ്വസിക്കാന്‍ പോലും ബുദ്ധിമുട്ടായിരിക്കും അല്ലേ?.
മധ്യേഷ്യന്‍ രാജ്യമായ തുര്‍ക്ക്മെനിസ്ഥാന്റെ തലസ്ഥാനമായ അഷ്ഗാബത്തിലാണ് കാറുകളുടെ നിറവുമായി ബന്ധപ്പെട്ട് കര്‍ശന നിയന്ത്രണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കറുത്ത കാറുകള്‍ക്ക് പകരം വെള്ളയും മറ്റ് ഇളം നിറങ്ങളുമുള്ള വാഹനങ്ങള്‍ക്കാണ് ഇവിടെ മുന്‍ഗണന.
കറുത്ത കാറുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതിന് പിന്നില്‍ മുന്‍ പ്രസിഡന്റ് ഗുര്‍ബംഗുലി ബെര്‍ദിമുഖമദോവിന്റെ വ്യക്തിപരമായ വിശ്വാസങ്ങള്‍ക്ക് വലിയ പങ്കുണ്ടെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വെള്ള നിറം ശുദ്ധിയുടെയും ഭാഗ്യത്തിന്റെയും പ്രതീകമാണെന്നും കറുപ്പ് നിര്‍ഭാഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം വിശ്വസിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതിന്റെ ഭാഗമായി അഷ്ഗാബാദില്‍ വെള്ളയും ഇളം നിറങ്ങളുമുള്ള കാറുകള്‍ക്ക് കൂടുതല്‍ പ്രാധാന്യം ലഭിച്ചു.

വാഹനങ്ങളുടെ നിറവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ വര്‍ഷങ്ങള്‍കൊണ്ട് ക്രമേണ ശക്തമായതായതാണെന്നാണ് പറയപ്പെടുന്നത്. 2015 ആയപ്പോഴേക്കും കറുത്ത വാഹനങ്ങളുടെ ഇറക്കുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പിന്നീട് അഷ്ഗാബാദില്‍ കറുത്ത നിറത്തിലുള്ള കാറുകള്‍ ഉപയോഗിക്കുന്നതിനും നിയന്ത്രണങ്ങള്‍ വന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ചില കറുത്ത കാറുകളുടെ ഉടമകള്‍ക്ക് വാഹനത്തിന്റെ നിറം മാറ്റേണ്ട സാഹചര്യം പോലും ഉണ്ടായി. വെള്ള, വെള്ളി, സ്വര്‍ണം തുടങ്ങിയ നിറങ്ങളിലേക്ക് കാറുകള്‍ വീണ്ടും പെയിന്റ് ചെയ്യേണ്ടിവന്നുവത്രേ.
വാഹനം മാറ്റുന്നതിനുപകരം പല ഉടമകളും കാറിന്റെ നിറം മാറ്റുകയായിരുന്നു. എന്നാല്‍ അതിനും അധിക ചെലവുണ്ടായി. ഒരു കാറ് വീണ്ടും പെയിന്റ് ചെയ്യുന്നത് സാധാരണ കുടുംബങ്ങള്‍ക്ക് വലിയ സാമ്പത്തിക ബാധ്യതയാകാമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ വാഹനത്തിന്റെ നിറം സംബന്ധിച്ച നിയന്ത്രണം ജനജീവിതത്തെയും ബാധിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

കാറുകളുടെ കാര്യത്തില്‍ മാത്രമല്ല, അഷ്ഗാബാദിന്റെ നഗര രൂപകല്‍പ്പനയിലും വെള്ള നിറത്തിന് വലിയ പ്രാധാന്യമുണ്ട്.നഗരത്തിലെ നിരവധി പ്രധാന കെട്ടിടങ്ങള്‍ വെള്ള മാര്‍ബിളിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. വെള്ള നിറത്തിലുള്ള കെട്ടിടങ്ങളും വെള്ള നിറത്തിലുള്ള വാഹനങ്ങളും ചേര്‍ന്ന് നഗരത്തിന് ഒരേ തരത്തിലുള്ള രൂപഭംഗി നല്‍കുന്ന രീതിയിലാണ് തലസ്ഥാനം വികസിപ്പിച്ചിരിക്കുന്നത്.ഇതുകൊണ്ടുതന്നെ അഷ്ഗാബാദ് ലോകത്തിലെ വ്യത്യസ്തമായ നഗരങ്ങളില്‍ ഒന്നായി ശ്രദ്ധ നേടിയിട്ടുണ്ട്.
അഷ്ഗാബാദിലെ വാഹന നിയന്ത്രണങ്ങള്‍ നിറത്തില്‍ മാത്രം ഒതുങ്ങുന്നതല്ലന്നാണ് പറയപ്പെടുന്നത്. വൃത്തിയില്ലാത്തതോ പൊടി പിടിച്ചതോ ആയ വാഹനങ്ങള്‍ക്കെതിരെയും നടപടിയുണ്ടാകാം. തലസ്ഥാനത്തെ പൊതുഇടങ്ങള്‍ വൃത്തിയുള്ളതും ക്രമപ്പെടുത്തിയതുമായിരിക്കണമെന്ന കര്‍ശന സമീപനത്തിന്റെ ഭാഗമായാണ് ഇത്തരം നിയന്ത്രണങ്ങള്‍ കാണപ്പെടുന്നത്.

തുര്‍ക്ക്മെനിസ്ഥാനിലെ പൊതുജീവിതം കര്‍ശനമായ നിയന്ത്രണങ്ങള്‍ക്ക് വിധേയമാണെന്ന് വിവിധ അന്താരാഷ്ട്ര റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അഷ്ഗാബാദിന്റെ നഗരഭംഗി, വെള്ള നിറത്തിലുള്ള വാസ്തുവിദ്യ, മുന്‍ പ്രസിഡന്റിന്റെ വ്യക്തിപരമായ വിശ്വാസങ്ങള്‍ എന്നിവയെല്ലാം ചേര്‍ന്നാണ് വാഹനങ്ങളുടെ നിറവുമായി ബന്ധപ്പെട്ട ഈ അസാധാരണ നിയന്ത്രണം രൂപപ്പെട്ടതെന്നാണ് വിവരങ്ങള്‍ സൂചിപ്പിക്കുന്നത്.
Content Highlights :Do you know which country has restrictions on the use of black vehicles? There is a peculiar belief behind this rule, which prioritizes white cars.