സ്വർണത്തിന് ‘റോളർ കോസ്റ്റർ’ ദിനങ്ങൾ; 1.10 ലക്ഷം തൊട്ടു, പിന്നാലെ ഇടിവ്

വെള്ളി വില ഗ്രാമിന് 235 രൂപ എന്ന നിലവാരത്തിലാണുള്ളത്

സ്വർണത്തിന് ‘റോളർ കോസ്റ്റർ’ ദിനങ്ങൾ; 1.10 ലക്ഷം തൊട്ടു, പിന്നാലെ ഇടിവ്
dot image

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് 480 രൂപയുടെ കുറവോടെ 1,09,680 രൂപയിലെത്തി. ഗ്രാമിന് ആനുപാതികമായി 60 രൂപയാണ് കുറഞ്ഞത്. 13,710 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ ദിവസം സ്വർണ വിലയിൽ വലിയ ചാഞ്ചാട്ടമാണ് ഉണ്ടായത്. രാവിലെ 1,09,280 രൂപ എന്ന ഒക്ടോബർ മാസത്തിലെ ഏറ്റവും താഴ്ന്ന നില രേഖപ്പെടുത്തിയെങ്കിലും ഉച്ചയ്ക്ക് ശേഷം പവന് 880 രൂപയുടെ മുന്നേറ്റത്തോടെ 1,10,160 എന്ന നില തൊട്ടു. അതിനു പിന്നാലെയാണ് ഇന്നത്തെ ഇടിവ്. വെള്ളി വില ഗ്രാമിന് 235 രൂപ എന്ന നിലവാരത്തിലാണുള്ളത്.

രാജ്യാന്തര വിപണിയിലെ വില വർധനയാണ് കേരളത്തിലും സ്വർണ വില ഉയരാൻ കാരണം. നിലവിൽ ട്രോയ് ഔൺസിന് 4,130 ഡോളർ നിലവാരത്തിലാണ് സ്വർണം വ്യാപാരം പുരോഗമിക്കുന്നത്. യുഎസ് കടപത്രങ്ങളിൽ നിന്നുള്ള പലിശ പതിറ്റാണ്ടുകൾക്കിടയിലെ ഉയർന്ന നിലയിലെത്തിയത് നിക്ഷേപകരെ സ്വർണത്തിൽ നിന്ന് ബോണ്ടുകളിലേക്ക് തിരിയാൻ പ്രേരിപ്പിക്കാം. ക്രൂഡോയിൽ വില മൂന്നക്കത്തിൽ തുടരുന്നതും ആശങ്കയാണ്. ഇന്ത്യ പ്രധാനമായും ആശ്രയിക്കുന്ന ബ്രെന്റ് ക്രൂഡ് വില നിലവിൽ ബാരലിന് 100 ഡോളറിന് മുകളിലാണ്.

ഉയർന്ന എണ്ണവില പണപ്പെരുപ്പം വർധിപ്പിക്കുമെന്നും അതിനെ നിയന്ത്രിക്കാൻ പലിശനിരക്ക് ഉയർത്തിയേക്കുമെന്നുമുള്ള നിക്ഷേപകരുടെ ഭീതിയും സ്വർണ വിലയെ സമ്മർദ്ദത്തിലാക്കുന്നുണ്ട്. കൂടാതെ അമേരിക്കൻ ഡോളറിന്റെ മൂല്യം ഉയരുന്നതും സ്വർണത്തിന് തിരിച്ചടിയാണ്.

യുഎസ് ഫെഡറൽ റിസർവിന്റെ സെപ്റ്റംബറിൽ നടന്ന യോഗത്തിന്റെ മിനിറ്റ്സ് ഇന്ന് പുറത്തുവരുന്നതോടെ സ്വർണവിപണിയുടെ നീക്കത്തിന് കൂടുതൽ വ്യക്തത ലഭിച്ചേക്കും.

ഉയർന്ന പണപ്പെരുപ്പത്തിന്റെ പശ്ചാത്തലത്തിൽ പലിശനിരക്ക് സംബന്ധിച്ച് ഫെഡറൽ റിസർവ് സ്വീകരിക്കുന്ന നിലപാട് മിനിറ്റ്സിൽ നിന്ന് വ്യക്തമാകുമെന്നാണ് പ്രതീക്ഷ. ഇതോടെ നിക്ഷേപകർ ജാഗ്രതയോടെയാണ് വിപണിയെ സമീപിക്കുന്നത്. അതേസമയം,അമേരിക്ക–ഇറാൻ സംഘർഷത്തിനൊപ്പം സൗദി അറേബ്യയും യെമനിലെ ഇറാൻ പിന്തുണയുള്ള ഹൂതി വിമതരും തമ്മിലുള്ള സംഘർഷവും ആഗോള വിപണിയിൽ സമ്മർദ്ദം സൃഷ്ടിക്കുന്ന ഘടകങ്ങളാണ്.

ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. അന്ന് ഒരു ഗ്രാം സ്വർണത്തിന് 16,395 രൂപയായിരുന്നു. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

Content Highlights: Gold Price Today: Gold Rates Fall After Sharp Rally; Here’s What Is Driving the Latest Move

dot image
To advertise here,contact us
dot image