തേങ്ങ മോഷണം ആരോപിച്ച് ആദിവാസി സ്ത്രീയെ മര്‍ദ്ദിച്ചെന്ന പരാതി: അടിയന്തര റിപ്പോര്‍ട്ട് തേടി മന്ത്രി ഒ ആര്‍ കേളു

അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടറോട് മന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്

dot image

തിരുവനന്തപുരം: തേങ്ങ മോഷണം ആരോപിച്ച് ആദിവാസി സ്ത്രീയെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ പട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രി ഒ ആര്‍ കേളു അടിയന്തര റിപ്പോര്‍ട്ട് തേടി. അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടറോട് മന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. കോഴിക്കോട് കുറ്റ്യാടി മേഖലയിലാണ് സംഭവം.

മോഷണം ആരോപിച്ച് തന്നെ റോഡിലൂടെ വലിച്ചിഴച്ചുവെന്നും വസ്ത്രം വലിച്ചുകീറിയെന്നും കുറ്റ്യാടി സ്വദേശി ജിഷ്മ ആരോപിച്ചു. തേങ്ങാ മോഷണത്തിനെതിരെ പ്രദേശത്ത് രൂപീകരിച്ച കമ്മിറ്റി അംഗങ്ങള്‍ മര്‍ദിച്ചെന്നാണ് ജിഷ്മയുടെ ആരോപണം. മഠത്തില്‍ രാജീവന്‍, മഠത്തില്‍ മോഹനന്‍ എന്നിവരാണ് ഉപദ്രവിച്ചതെന്ന് ജിഷ്മ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

താന്‍ ഉരുണ്ട് റോഡിലേക്ക് വീണെന്ന് കരഞ്ഞുകൊണ്ട് ജിഷ്മ. 'ആദിവാസികളെക്കൊണ്ട് ഒരു രക്ഷയുമില്ലല്ലോ, നിങ്ങളെക്കൊണ്ട് ഞങ്ങള്‍ക്കിവിടെ ജീവിക്കാനാവുന്നില്ലല്ലോ എന്നൊക്കെ പറഞ്ഞു. അവരുടെ തേങ്ങ കളവുപോയെന്നാണ് പറയുന്നത്. ഞാന്‍ എടുത്തിട്ടില്ലെന്നു പറഞ്ഞതാണ്. അപ്പോഴേക്കും കുറേപേരുകൂടി. റോഡിലൂടെ വലിച്ചിഴച്ചു. ഭര്‍ത്താവിന്റെ പേരില്‍ കേസുകൊടുക്കുമെന്ന് പറഞ്ഞു', ജിഷ്മ പറയുന്നു.

ആരൊക്കെയാണ് ആക്രമിച്ചതെന്നതടക്കം പൊലീസില്‍ പരാതി നല്‍കിയതാണെന്നും അവര്‍ക്കെതിരെ നടപടി ഉണ്ടായിട്ടില്ലെന്നും യുവതി പറയുന്നു. തേങ്ങാ മോഷണത്തിനെതിരെ ആദിവാസി ജനതയെ കുറ്റവിചാരണ ചെയ്യുന്ന കമ്മിറ്റി പ്രദേശത്ത് പരസ്യമായി പ്രവര്‍ത്തിച്ചിട്ടും അതിനെതിരെ പോലും നടപടി ഉണ്ടായിട്ടില്ലെന്ന ആരോപണവും ഗുരുതരമാണ്.

Content Highlights: OR Kelu asked report on assault against Dalit women alleged coconut theft

dot image
To advertise here,contact us
dot image