
ഡല്‍ഹിയിലെ ജനങ്ങളെ ഏറെ ബുദ്ധിമുട്ടിക്കുന്ന ഗതാഗതകുരുക്ക് അവസാനിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാരും ഡല്‍ഹി സര്‍ക്കാരും. പ്രധാനപ്പെട്ട ഒമ്പത് അടിസ്ഥാന സൗകര്യ പദ്ധതികള്‍ക്കാണ് പച്ചക്കൊടി വീശിയിരിക്കുന്നത്. ഇതിനായി 24000 കോടിയാണ് ചിലവായി പ്രതീക്ഷിക്കുന്നത്. ടണലുകള്‍, ഫ്‌ളൈഓവറുകള്‍, മെട്രോ എക്റ്റന്‍ഷനുകള്‍, പുതിയ റോഡുകള്‍ എന്നിവ നിര്‍മിക്കുന്നതിനൊപ്പം യാത്ര സമയം കുറയ്ക്കുക, മലിനീകരണം തടയുക, ലക്ഷകണക്കിന് പേരുടെ യാത്രാദുരിതം അവസാനിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടാണ് പുതിയ നടപടികള്‍ പുരോഗമിക്കുന്നത്.
2027ഓടെ എല്ലാ പദ്ധതികളും പൂര്‍ത്തികരിക്കപ്പെടുമെന്നാണ് ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. ഘട്ടം ഘട്ടമായി ആരംഭിക്കുന്ന നിര്‍മാണത്തിനായുള്ള നടപടികള്‍ ഈ വര്‍ഷം തന്നെ തുടങ്ങും. നഗരത്തിലെ പ്രധാന ട്രാഫിക്ക് പോയിന്റുകളിലെ ദുരവസ്ഥയ്ക്ക് മാറ്റം കൊണ്ടുവരാനും പൊതു ഗതാഗതം കൂടുതല്‍ മികച്ചതാക്കാനുമാണ് സംയുക്തമായി ഇരു സര്‍ക്കാരും ചേര്‍ന്ന് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. മജ്‌ലിസ് പാര്‍ക്കില്‍ നിന്നും മോജ്പൂരിലേക്ക് പിങ്ക് ലൈന്‍ മെട്രോ 12.3 കിലോമീറ്റര്‍ നീട്ടുകയെന്നതാണ് ഇതിലെ ഏറ്റവും പ്രതീക്ഷയോടെ നോക്കികാണുന്ന പ്രോജക്ട്. ഈ മാറ്റത്തോടെ സര്‍ക്കുലാല്‍ പിങ്ക് ലൈന്‍ പൂര്‍ണമാവുകയും മെട്രോ റിംഗ് റോഡ് സൃഷ്ടിക്കുകയും ചെയ്യും. ഇതോടെ യാത്രികര്‍ക്ക് ഇടുങ്ങിയ റോഡുകളിലേക്ക് ഇറങ്ങി യാത്ര ചെയ്യേണ്ട അവസ്ഥ വരില്ലെന്നുമാണ് വിലയിരുത്തുന്നത്.
സൗത്ത് ദില്ലിയില്‍ എഐഐഎംഎസിനും മഹിപാല്‍പൂര്‍ ബൈപ്പാസിനും ഇടയില്‍ പുതിയ എലവേറ്റഡ് കോറിഡോറിലൂടെ വിമാനത്താവളത്തിലേക്കുള്ള യാത്ര കൂടുതല്‍ സുഗമമാക്കാനാണ് തീരുമാനം. സൗത്ത് എക്സ്റ്റന്‍ഷന്‍, ദൗല കൗന്‍, ഐജിഐ വിമാനത്താവളം എന്നിവടങ്ങളിലേക്കുള്ള ആയിരകണക്കിന് പേരുടെ യാത്ര സുഖമമാവും. ശിവമൂര്‍ത്തിയില്‍ നിന്നും വസന്ത് കുഞ്ചിലേക്ക് ഒരു അഞ്ച് കിലോമീറ്റര്‍ ടണല്‍ നിര്‍മിക്കും. ഇത് എന്‍എച്ച് 47നെ മഹിപാല്‍പൂരും വസന്ത് കുഞ്ചുമായി ബന്ധിപ്പിക്കും. ഇത് നഗരത്തിലെ ഒരു ഭാഗത്തെ മുഴുവന്‍ തിരക്കും ഇല്ലാതാക്കുമെന്നാണ് നിഗമനം. ഔട്ടര്‍ ഡല്‍ഹിയിലും വമ്പന്‍ മാറ്റങ്ങളാണ് വരാന്‍ പോകുന്നത്. വലിയ വാഹനങ്ങളുടെ ഗതാഗതത്തിനായി ഗുരുഗ്രാം - ജയ്പൂര്‍ ഹൈവേയിലും അര്‍ബന്‍ എക്സ്റ്റന്‍ഷന്‍ റോഡ് 11 വിലും ഫ്‌ളൈഓവറുകളും എക്‌സ്റ്റന്‍ഷനുകളുമാണ് നിര്‍മിക്കാന്‍ പോകുന്നത്. രോഹിണി, നരേല, ബാവന എന്നിവടങ്ങളില്‍ പുതിയ റോഡുകളുടെ നിര്‍മാണം ആരംഭിക്കും. ഉയര്‍ന്ന് വരുന്ന റസിഡന്‍ഷ്യല്‍ വ്യാവസായിക പ്രദേശങ്ങളിലെ കണക്ടിവിറ്റി കൂട്ടുകയാണ് ഇതുവഴി ചെയ്യുന്നത്. ഡല്‍ഹി നോയിഡ ഇടനാഴിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഡിഎന്‍ഡി ഫ്‌ളൈവേയ്ക്ക് ചുറ്റും അണ്‍പാസസും സര്‍വീസ് റോഡുകളും വരും. കണക്ടിംഗ് റൂട്ടുകളില്‍ ഉണ്ടാകുന്ന ഗതാഗതകുരുക്കുകളും മണിക്കൂറുകളോളമുള്ള പ്രധാന റോഡുകളിലെ യാത്രാദുരിതം അവസാനിപ്പിക്കാനും ഇതോട കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷന്റെ പുനര്‍വികസനവും പദ്ധതിയുടെ ഭാഗമാണ്. യാത്രക്കാര്‍ക്കുള്ള സൗകര്യങ്ങള്‍ വികസിപ്പിക്കുക, സ്റ്റേഷന്‍ പരിസരത്തെ ഗതാഗതം ക്രമീകരിക്കുക എന്നിവയെല്ലാം ഇതില്‍പ്പെടും. ദീര്‍ഘദൂര എക്‌സ്പ്രസ് വേയുടെ കണക്ടിവിറ്റിയും ഇതില്‍ പരിഹരിക്കാനാണ് തീരുമാനം. എക്‌സിറ്റ് പോയിന്റുകളിലെ തിരക്ക് നിയന്ത്രിക്കാന്‍ ഡല്‍ഹി - കത്ര എക്‌സ്പ്രസ് വേയെ ഡല്‍ഹിയുമായി ബന്ധിപ്പിച്ച് ഫ്‌ളൈഓവറുകളും സര്‍വീസ് റോഡുകളും വരും. ഫ്‌ളൈഓവറുകള്‍, റോഡുകള്‍, ടണല്‍ എന്നിവ യാഥാര്‍ത്ഥ്യമാകുമ്പോള്‍ ഡല്‍ഹി വിമാനത്താവളത്തിലേക്കുള്ള യാത്ര വേഗത്തിലും എളുപ്പത്തിലുമാവും. ഇതോടെ എയ്‌റോസിറ്റി മഹിപാല്‍പൂര്‍ എന്നിവടങ്ങളിലെ യാത്രദുരിതവും ഒഴിയും.24000 കോടി രൂപ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പങ്കിട്ടായിരിക്കും ചിലവഴിക്കുക. ടെന്‍ഡറുകളും പദ്ധതി നടപ്പാക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്. അടുത്ത വര്‍ഷത്തോടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ഡല്‍ഹിയിലെ ജനങ്ങളുടെ സഞ്ചാര രീതിയെ തന്നെ പൂര്‍ണമായും മാറ്റിമറിയ്ക്കുന്ന തരത്തിലുള്ള വലിയ വികസനമാണ് കൊണ്ടുവരുന്നതെന്നും 2027ഓടെ അത് യാഥാര്‍ത്ഥ്യമാകുമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
Content Highlights: 24000 crore Plan to tackle delhi's traffic congestion