


 
            വനിതാ ഏകദിന ലോകകപ്പ് ക്രിക്കറ്റ് സെമി ഫൈനലിൽ ഓസ്ട്രേലിയയെ തകർത്തതിന് പിന്നാലെ ജെമീമ റോഡ്രിഗസിനെ പുകഴ്ത്തി മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്‌കര്‍. ബാറ്റിങ്ങില്‍ മാത്രമല്ല ഫീല്‍ഡിങ്ങിലും ജെമീമ മികച്ച പ്രാകടനം കാഴ്ചവെച്ചുവെന്നും ഗവാസ്‌കര്‍ പറഞ്ഞു. ഇന്ത്യ ലോകകപ്പ് നേടിയാൽ ജെമീമയുമായി ഡ്യുയറ്റ് ഗാനം അവതരിപ്പിക്കുമെന്നും ഗാവസ്‌കർ വാഗ്ദാനം നൽകി.
'ഇന്ത്യ ലോകകപ്പ് നേടിയാല്‍ ഞാനും ജമീമയും ചേര്‍ന്ന് ഒരു ഗാനം ആലപിക്കും. ജെമീമ തയാറാണെങ്കിൽ അങ്ങനെ ചെയ്യും. അവരുടെ ഗിറ്റാറും കൂടെയുണ്ടാകും. കുറച്ചു കാലം മുമ്പ് ബിസിസിഐയുടെ ഒരു പുരസ്‌കാരദാനച്ചടങ്ങില്‍ തങ്ങള്‍ ഡ്യുയറ്റ് നടത്തിയിരുന്നു, ഇന്ത്യ ലോകകപ്പ് വിജയിക്കുകയാണെങ്കിൽ ഞങ്ങൾ അത് ആവർത്തിക്കും. ഈ പ്രായമുള്ള ആളോടൊപ്പം ജെമീമ അതിന് തയ്യാറാണെങ്കിൽ ഒരുമിച്ച് ഗാനം ആലപിക്കും', ഗവാസ്‌കര്‍ പറഞ്ഞു.
2024 ലെ ബിസിസിഐയുടെ പുരസ്കാരദാന ചടങ്ങില്‍ ഗാവസ്‌കറും ജെമീമയും ചേർന്ന് സ്റ്റേജിൽ 'ഹം കിസിസെ കം നഹീന്‍' എന്ന ജനപ്രിയ ചിത്രത്തിലെ 'ക്യാ ഹുവാ തേരാ വാഡ' ഗാനം അവതരിപ്പിച്ചിരുന്നു.
വനിതാ ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ ചരിത്ര വിജയവുമായി ഇന്ത്യ ഫൈനലിൽ കടന്നിരിക്കുകയാണ്. സെമി ഫൈനലിൽ ഓസ്ട്രേലിയയെ അഞ്ച് വിക്കറ്റിന് തകർത്താണ് ഇന്ത്യ ചരിത്രം കുറിച്ചത്. മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയൻ വനിതകൾ 49.5 ഓവറിൽ 338 റൺസിൽ എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങിൽ ഇന്ത്യ വനിതകൾ 48.3 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. സെമിഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരെ 134 പന്തില്‍ നിന്ന് 127 റണ്‍സ് നേടി മികച്ച ഇന്നിങ്‌സ് കാഴ്ചവെച്ചാണ് ജമീമ ഇന്ത്യയുടെ ജയത്തില്‍ നിര്‍ണായകമായത്.
Content Highlights: Sunil Gavaskar Makes Promise To Jemimah Rodrigues After Historic Century Vs Australia
 
                        
                        