


 
            ഡീയസ് ഈറേയ്ക്ക് ശേഷം രാഹുൽ സദാശിവൻ ഒരുക്കുന്ന പുതിയ ചിത്രത്തിൽ മഞ്ജു വാര്യർ പ്രധാന വേഷത്തിലെത്തുമെന്ന് റിപ്പോർട്ട്. പ്രണവിനെ നായകനാക്കി രാഹുൽ ഒരുക്കിയ ചിത്രം മികച്ച പ്രതികരണങ്ങളോടെ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഇതിനിടെയാണ് ഈ വാർത്ത ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. മാത്രവുമല്ല ഡീയസ് ഈറേയുടെ പ്രീമിയർ ഷോയ്ക്ക് മഞ്ജുവും ഉണ്ടായിരുന്നു. മഞ്ജുവിനെ രാഹുൽ ഏത് തരം കഥാപാത്രം ആയിരിക്കും ചെയ്യിക്കുകയെന്നും ഹൊറർ ഴോണർ തന്നെയാകുമോ എന്ന സംശയത്തിലാണ് ആരാധകർ.
#RahulSadasivan's immediate next project is with Manju Warrier ✅👌🔥 pic.twitter.com/OnR3aDNwv4
— Cine Loco (@WECineLoco) October 31, 2025
ഡീയസ് ഈറേ മലയാള സിനിമയുടെ ഹൊറർ ഴോണറുകളിൽ ഇന്ത്യയിൽ ഒരു പ്രത്യേക സ്ഥാനം നേടുമെന്ന് ഉറപ്പാണെന്നും ഭ്രമയുഗത്തിന് ശേഷം രാഹുൽ സദാശിവൻ ഒരിക്കലും നിരാശപ്പെടുത്തിയില്ലെന്നും കമന്റുകൾ വരുന്നുണ്ട്. പ്രണവ് മോഹൻലാലിന്റെ കരിയർ ബെസ്റ്റ് പെർഫോമൻസാണ് ചിത്രത്തിലേതെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന കമന്റുകൾ. പ്രണവിനെ ഇതുവരെ കാണാത്ത ഭാവത്തിലാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നതെന്നും അഭിപ്രായങ്ങളുണ്ട്. സിനിമയ്ക്ക് 100 കോടി ഉറപ്പിക്കാമെന്നും പ്രേക്ഷകർ പറയുന്നു.
തിരക്കഥയ്ക്കും സംവിധാനത്തിനും പ്രകടനങ്ങൾക്കും മാത്രമല്ല, ക്രിസ്റ്റോ സേവ്യർ ഒരുക്കിയ പശ്ചാത്തല സംഗീതത്തിനും മികച്ച പ്രതികരണം നേടാൻ കഴിയുന്നുണ്ട്. സൗണ്ട് ഡിസൈനും ക്യാമറയും എഡിറ്റിങ്ങുമടക്കം എല്ലാ സാങ്കേതിക മേഖകളും കയ്യടി വാരിക്കൂട്ടുന്നുണ്ട്. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസിന്റെ ബാനറിൽ ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും രാഹുൽ സദാശിവൻ തന്നെയാണ്.
Content Highlights: Rahul Sadasivan next movie with Manju Warrier says Report
 
                        
                        