
വാഹന പ്രേമികൾക്ക് സന്തോഷം പകർന്ന് പ്രമുഖ വിയറ്റ്നാമീസ് കമ്പനിയായ വിൻഫാസ്റ്റ് ഇന്ത്യയിലേക്ക് എത്തുന്നു. വിൻഫാസ്റ്റിന്റെ വാഹനങ്ങൾ ഈ മാസം ഇന്ത്യൻ വിപണിയിൽ എത്തും. വിൻഫാസ്റ്റിന്റെ രണ്ട് എസ്യുവികളാണ് ആദ്യഘട്ടത്തിൽ ഇന്ത്യൻ വിപണിയിൽ എത്തുക. VF6, VF7 ഇവികളാണ് ആദ്യഘട്ടത്തിൽ എത്തുന്നതെന്നും വാഹനങ്ങളുടെ ബുക്കിംഗ് ഉടൻ ആരംഭിക്കുമെന്നും കമ്പനിയുടെ ഏഷ്യ സിഇഒ ഫാം സാൻ ചൗ വിയറ്റ്നാമിലെ ഹനോയിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
ഇലക്ട്രിക് ബസുകൾ, ഗ്രീൻ എനർജി, ഹോസ്പിറ്റാലിറ്റി തുടങ്ങിയ മറ്റ് ബിസിനസുകൾ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനായി വിൻഫാസ്റ്റിന്റെ മാതൃസ്ഥാപനമായ വിൻഗ്രൂപ്പ് വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളുമായി ചർച്ചകൾ നടത്തിവരികയാണെന്നും ഫാം സാൻ ചൗ പറഞ്ഞു.
ഇന്ത്യയിൽ നിലവിൽ വിപണിയിൽ മത്സരിക്കുന്ന ടാറ്റയുടെ നെക്സോൺ, കർവ്വ്, എംജിയുടെ ഇസഡ്എസ് ഇവി, ഹ്യുണ്ടായിയുടെ ക്രെറ്റ ഇവി, മഹീന്ദ്രയുടെ ബിഇ6, എക്സ്ഇവി9ഇ, മാരുതി ഇ-വിറ്റാര എന്നിവയ്ക്ക് വെല്ലുവിളിയായിരിക്കും വിൻഫാസ്റ്റ് എന്നാണ് വിലയിരുത്തുന്നത്.എൽഎഫ്പി സെല്ലുകളാണ് വിൻഫാസ്റ്റ് വാഹനങ്ങൾക്ക് നൽകുന്നത്.
നിലവിൽ തമിഴ്നാട്ടിലെ തൂത്തുകുടിയിലുള്ള പ്ലാന്റിൽ വിൻഫാസ്റ്റിന്റെ വാഹനങ്ങളുടെ ഭാഗങ്ങൾ എത്തിക്കുകയും സികെഡി യൂണിറ്റുകൾ കൂട്ടിച്ചേർക്കുകയും ചെയ്തായിരിക്കും വാഹനങ്ങൾ വിപണിയിൽ എത്തുക.
ആദ്യഘട്ടത്തിൽ പ്ലാന്റിൽ നിന്ന് പ്രതിവർഷം 50000 യുണിറ്റുകൾ പുറത്തിറക്കാനാണ് കമ്പനിയുടെ പദ്ധതി. ഭാവിയിൽ 1,50,000 യൂണിറ്റുകൾ വരെ നിർമ്മിക്കാനുള്ള കഴിവ് ഈ പ്ലാന്റുകൾക്ക് ഉണ്ട്. ജൂലായ് മാസത്തോടെ പ്ലാന്റിൽ നിന്ന് വാഹനങ്ങൾ പുറത്ത് എത്താനാണ് സാധ്യത.
അതേസമയം വിൻഫാസ്റ്റിന്റെ കാറുകളുടെ ഇന്ത്യയിലെ വിപണി വില എത്രയായിരിക്കുമെന്ന് ഇതുവരെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.
Content Highlights: VinFast aims to launch VF7 and VF6 in India this year