രണ്ടു ദിവസത്തെ യുഎഇ സന്ദർശനം പൂർത്തിയാക്കി സൗദി കിരീടാവകാശി; നയതന്ത്ര ബന്ധങ്ങളിൽ സഹകരണം ശക്തമാക്കും
പ്രൗഢ ഗംഭീരമായി എക്സ്പോ സംഘടിപ്പിച്ചതിന് യുഎഇയെ സൗദി കിരീടാവകാശി അഭിനന്ദിച്ചു.
9 Dec 2021 6:31 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

രണ്ട് ദിവസത്തെ യുഎഇ സന്ദർശനം പൂർത്തിയാക്കി സൗദി ഉപപ്രധാനമന്ത്രിയും കിരീടാവകാശിയുമായ മുഹമ്മദ് ബിന്‍ സല്മാന് ബിന്‍ അബ്ദുള്‍ അസീസ് അല്‍ സൗദ് മടങ്ങി. എക്സ്പോ 2020 യിലെ സൗദി പവലിയനില്‍ സന്ദർശനം നടത്തിയാണ് സൗദി കിരീടാവകാശിയുടെ മടക്കം. അബുദബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സയ്യീദ് അല്‍ നഹ്യാന് ഉള്‍പ്പെടയുളള പ്രമുഖർ പ്രസിഡന്‍ഷ്യല്‍ വിമാനത്താവളത്തില്‍ അദ്ദേഹത്തെ യാത്ര അയക്കാനായി എത്തിയിരുന്നു.
യുഎഇയും സൗദി അറേബ്യയും തമ്മില്‍ തന്ത്രപരമായ സഹകരണവും സാമ്പത്തിക, വാണിജ്യ, വികസന സംയോജനവും വർധിപ്പിക്കാനും കൂടികാഴ്ചയില്‍ ധാരണയായി. സുരക്ഷിതത്വവും സമഗ്രവുമായ വികസനവും ഉറപ്പാക്കുന്ന ഒരു മികച്ച ഭാവി രൂപപ്പെടുത്തുകയെന്നുളളത് ഇരു രാജ്യങ്ങളിലേയും നേതാക്കൾ തമ്മിലുളള കൂടിക്കാഴ്ചയിൽ ചർച്ചയായി.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അദ്ദേഹത്തെ സ്വീകരിച്ചു. പ്രൗഢ ഗംഭീരമായി എക്സ്പോ സംഘടിപ്പിച്ചതിന് യുഎഇയെ സൗദി കിരീടാവകാശി അഭിനന്ദിച്ചു. 2030ലെ എക്സ്പോ നടത്തിപ്പിനുള്ള റിയാദിന്റെ ശ്രമത്തെ ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് സ്വാഗതം ചെയ്തു.
അബുദാബി കിരീടാവകാശിയും യുഎഇ സായുധസേനാ ഉപ സർവസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായും സൗദി കിരീടാവകാശി കൂടിക്കാഴ്ച നടത്തി. രണ്ടുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ചൊവ്വാഴ്ചയാണ് അദ്ദേഹം യു എ ഇ എത്തിയത്.