കോടതിയലക്ഷ്യ കേസ്: ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് ആറ് മാസം തടവ് ശിക്ഷ

അറസ്റ്റ് ചെയ്യുകയോ കീഴടങ്ങുകയോ ചെയ്യുന്ന ദിവസം മുതല്‍ ശിക്ഷ പ്രാബല്യത്തില്‍ വരും

dot image

ധാക്ക: ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് ആറ് മാസം തടവ് ശിക്ഷ. കോടതിയലക്ഷ്യ കേസിലാണ് നടപടി. അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണല്‍ ചെയര്‍മാന്‍ ജസ്റ്റിസ് എം ഡി ഗുലാം മുര്‍ത്തസ മംജുദാറിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചാണ് ശിക്ഷ വിധിച്ചത്. അറസ്റ്റ് ചെയ്യുകയോ കീഴടങ്ങുകയോ ചെയ്യുന്ന ദിവസം മുതല്‍ ശിക്ഷ പ്രാബല്യത്തില്‍ വരും.

കോടതിയലക്ഷ്യ കേസില്‍ ഹസീനയ്‌ക്കൊപ്പം ഗൊബിന്ദഗഞ്ച് സ്വദേശി ഷക്കീല്‍ അകന്ദ് ബുള്‍ബുളിനേയും ശിക്ഷിച്ചു. അകന്ദിന് രണ്ട് മാസത്തെ തടവ് ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. ഷെയ്ഖ് ഹസീനയുടെ അവാമി ലീഗിന്റെ വിദ്യാര്‍ത്ഥി സംഘടനയായ ബംഗ്ലാദേശ് ഛാത്ര ലീഗുമായി ബന്ധമുള്ള രാഷ്ട്രീയ പ്രവര്‍ത്തകനാണ് ബുള്‍ബുള്‍.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഷെയ്ഖ് ഹസീനയും അകന്ദ് ബുള്‍ബുള്ളും നടത്തിയ ഒരു ഫോണ്‍ സംഭാഷണം ചോര്‍ന്നതാണ് കേസിനാസ്പദമായ സംഭവം. തനിക്കെതിരെ 277 കേസുകള്‍ ഫയല്‍ ചെയ്തിട്ടുണ്ടെന്നും അതിനാല്‍ തനിക്ക് 277 പേരെ കൊല്ലാനുള്ള ലൈസന്‍സ് ലഭിച്ചു എന്നുമായിരുന്നു ഷെയ്ഖ് ഹസീന പറഞ്ഞത്. ഇതിന് പിന്നാലെയാണ് ഷെയ്ഖ് ഹസീനയ്‌ക്കെതിരെ കോടതിയലക്ഷ്യ കേസ് രജിസ്റ്റര്‍ ചെയ്യപ്പെടുന്നത്.

Also Read:

ബഹുജന പ്രക്ഷോഭത്തെ തുടര്‍ന്ന് രാജ്യം വിടേണ്ടിവന്ന ഷെയ്ഖ് ഹസീന ഇതാദ്യമായാണ് ഒരു കേസില്‍ ശിക്ഷിക്കപ്പെടുന്നത്. പദവികള്‍ രാജിവെച്ച് ഇക്കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു ഷെയ്ഖ് ഹസീന രാജ്യംവിട്ട് ഇന്ത്യയിലേക്ക് കടന്നത്. ഇതിന് പിന്നാലെ അധികാരത്തിലെത്തിയ മുഹമ്മദ് യൂനുസ് സര്‍ക്കാര്‍ ഷെയ്ഖ് ഹസീനയ്‌ക്കെതിരെ നടപടികള്‍ കടുപ്പിച്ചിരുന്നു. ഹസീന നേതൃത്വം നല്‍കിയ അവാമി ലീഗ് പാര്‍ട്ടി നിരോധിച്ച യൂനുസ് സര്‍ക്കാര്‍ നിരവധി നേതാക്കളെ ജയിലില്‍ അടയ്ക്കുകയും ചെയ്തിരുന്നു. കോടതിയലക്ഷ്യ കേസില്‍ ഈ മാസം ആദ്യം അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണല്‍ ഷെയ്ഖ് ഹസീനയ്ക്കും ഷക്കീല്‍ അകന്ദ് ബുള്‍ബുള്ളിനും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.

Content Highlights- Former Bangladesh PM Sheikh Hasina sentenced to 6 months in prison by ICT

dot image
To advertise here,contact us
dot image