കോട്ടയം മെഡിക്കൽ കോളേജിൽ വാർഡിൻ്റെ ഒരുഭാഗം ഇടിഞ്ഞ് വീണു; തകർന്നത് അടച്ചിട്ട ശുചിമുറിയുടെ ഭാഗമെന്ന് അധികൃതർ

14-ാം വാർഡിൻ്റെ ഒരു ഭാഗമാണ് ഇടിഞ്ഞ് വീണത്

dot image

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ വാ‍ർഡിൻ്റെ ഒരുഭാഗം ഇടിഞ്ഞു വീണു.14-ാം വാർഡിൻ്റെ അടച്ചിട്ട ബാത്ത്റൂം ഭാഗമാണ് ഇടിഞ്ഞു വീണത്. അടച്ചിട്ടിരുന്ന ശുചിമുറിയുടെ ഭാഗമാണ് തകർന്ന് വീണതെന്നാണ് അധികൃതർ അറിയിക്കുന്നത്. അപകടത്തിൽ സ്ത്രീക്ക് അടക്കം രണ്ട് പേർക്ക് ചെറിയ പരിക്ക് ഉണ്ടെന്നാണ് വിവരം. കെട്ടിടത്തിന്റെ ഒരു ഭാഗമാണ് ഇടിഞ്ഞുവീണത്. കൈവരികളും ചുമരുമാണ് ഇടിഞ്ഞുവീണത്. ആശുപത്രിയുടെ പഴയ കെട്ടിടമാണ് ഇടിഞ്ഞ് വീണത്. ആർക്കും ഗുരുതര പരിക്കുകൾ ഇല്ലെന്ന് മന്ത്രി വി എൻ വാസവൻ വ്യക്തമാക്കി.

മന്ത്രി വീണാ ജോർജ് സംഭവസ്ഥലത്ത് എത്തിയിരുന്നു. രണ്ട് പേർക്ക് ഗുരുതര പരിക്ക് ഇല്ലെന്നും സംഭവങ്ങൾ പരിശോധിച്ചതിന് ശേഷം പ്രതികരിക്കാമെന്നും മന്ത്രി വീണാ ജോർജ് വ്യക്തമാക്കി. ഗുരുതര സാഹചര്യമില്ലെന്നും മന്ത്രി അറിയിച്ചു. ഉപയോഗിക്കാതിരുന്ന കെട്ടിടമാണ് തകർന്ന് വീണതെന്നും മന്ത്രിയും മെഡിക്കൽ കോളേജ് സൂപ്രണ്ടും വ്യക്തമാക്കി. കെട്ടിടത്തിലെ ശുചിമുറിയ്ക്ക് ബലക്ഷയം കണ്ടതിനാൽ പുതിയ കെട്ടിടം പണിയുകയും ബലക്ഷയം കണ്ട കെട്ടിടം അടച്ചിടുകയുമായിരുന്നു എന്നുമായിരുന്നു സൂപ്രണ്ടിൻ്റെ പ്രതികരണം. ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ ഖോബ്രഗഡെയും സ്ഥലത്തെത്തിയിട്ടുണ്ട്. അഗ്നിരക്ഷാ സേനയും പൊലീസും സംഭവ സ്ഥലത്ത് പരിശോധന നടക്കുകയാണ്.

ഇതിനിടെ സംഭവത്തിൽ വിമർശനവുമായി തിരുവഞ്ചൂ‍ർ രാധാക‍ൃഷ്ണൻ എംഎൽഎ രംഗത്തെത്തി. കോട്ടയം മെ‍ഡിക്കൽ കോളേജിൽ കെട്ടിടം പണി മാത്രമാണ് നടക്കുന്നതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. ഒന്നാമതാണ് എന്ന് പറയുന്നതല്ലാതെ ​ഗൗരവമുള്ള കാര്യങ്ങൾ പരിശോധിക്കുന്നില്ലെന്നും അനാസ്ഥയും കെടുകാര്യസ്ഥതയും മാത്രമാണ് നിലവിലുള്ളതെന്നും തിരുവഞ്ചൂ‍ർ രാധാകൃഷ്ണൻ കുറ്റപ്പെടുത്തി. നല്ല നിലവാരത്തിലുള്ള മെഡിക്കൽ കോളേജായിരുന്നുവെന്നും സൗകര്യങ്ങൾ വ‍ർദ്ധിപ്പിക്കാൻ സ‍‍ർക്കാർ നടപടി എടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. രോ​ഗികൾക്ക് ജീവനിൽ സുരക്ഷ വേണമെന്നും വഴിപോക്കരാണോ സിസ്റ്റം ശരിയാക്കേണ്ടത് എന്നുമായിരുന്നു തിരുവഞ്ചൂരിൻ്റെ പ്രതികരണം.

Content Highlights: Ward collapses at Kottayam Medical College

dot image
To advertise here,contact us
dot image