
ബമാകോ: മാലിയിൽ മൂന്ന് ഇന്ത്യൻ പൗരന്മാരെ ഭീകരർ തട്ടിക്കൊണ്ട് പോയി. പടിഞ്ഞാറൻ മാലിയിലുള്ള കയെസ് പട്ടണത്തിലെ ഒരു സിമൻ്റ് ഫാക്ടറിയിൽ നടന്ന ഭീകരാക്രമണത്തിനിടെയാണ് ഇന്ത്യൻ പൗരന്മാരെ ഭീകരർ തട്ടിക്കൊണ്ടുപോയത്. അൽ ഖ്വയ്ദ ബന്ധമുള്ള ഭീകരസംഘടനയായ ജമാഅത്ത് നുസ്രത് അൽ ഇസ്ലാമിന്റെ ഭീകരരാണ് തട്ടിക്കൊണ്ടുപോയത്.
ജൂലൈ ഒന്നിനാണ് സംഭവം ഉണ്ടായത്. ഫാക്ടറിയിലേക്ക് കടന്നുകയറിയ ഭീകരർ കനത്ത ആക്രമണം അഴിച്ചുവിട്ട ശേഷം അവിടെയുണ്ടായിരുന്ന മൂന്ന് ഇന്ത്യൻ പൗർമാരെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. സംഭവത്തെ ഇന്ത്യ അപലപിക്കുന്നുവെന്നും മൂന്ന് പേരെയും കണ്ടെത്താൻ മാലി സർക്കാർ സാധ്യമായ എല്ലാ നടപടികളും ഉടൻ സ്വീകരിക്കണമെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. ഇവരുടെ കുടുംബങ്ങളുമായും വിദേശകാര്യ മന്ത്രാലയം ബന്ധപ്പെട്ട് വരികയാണ്.
മാലിയിലെ സാഹചര്യം ഇന്ത്യ നിരീക്ഷിച്ചുവരികയാണെന്നും പൗരന്മാരുടെ മോചനം സാധ്യമാക്കാൻ തങ്ങളും ഇടപെടുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു. മാലിയിൽ താമസിക്കുന്ന ഇന്ത്യക്കാരോട് ജാഗരൂകരായി ഇരിക്കാനും ബാമാകോയിലെ ഇന്ത്യൻ എംബസിയുമായി നിരന്തരം ബന്ധപ്പെടാനും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
Content Highlights: 3 indian nationals abucted at mali by terrorists