
കീവ്: ആയുധ സഹായം അമേരിക്ക ഭാഗികമായി മരവിപ്പിച്ചതോടെ റഷ്യന്‍ ആക്രമണം കനക്കുമെന്ന ഭയത്തില്‍ യുക്രെയ്ന്‍. അമേരിക്കയുടെ നീക്കം റഷ്യന്‍ ആക്രമണത്തിന് ആക്കം കൂട്ടുമെന്നാണ് യുക്രെയ്‌ന്റെ വിലയിരുത്തല്‍. യുക്രെയ്ന്‍ പ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കുന്ന നടപടി വൈകിയാല്‍ അത് അക്രമിയെ യുദ്ധം തുടരാന്‍ പ്രേരിപ്പിക്കുമെന്ന് യുക്രെയ്ന്‍ വിദേശകാര്യ മന്ത്രാലയം പ്രതിനിധികൾ അഭിപ്രായപ്പെട്ടു. അത് സമാധാനം പുനഃസ്ഥാപിക്കാനുള്ള തുടര്‍നടപടികള്‍ക്ക് തടസ്സം സൃഷ്ടിക്കുമെന്നും വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.
യുക്രെയ്‌നുള്ള ആയുധ സഹായം അമേരിക്ക ഭാഗികമായി മരവിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. വ്യോമപ്രതിരോധ സംവിധാനത്തില്‍ ഉപയോഗിക്കുന്ന മിസൈലുകള്‍ ഉള്‍പ്പെടെയുള്ള നിര്‍ണായക ആയുധ സഹായമാണ് യുഎസ് മരവിപ്പിച്ചതെന്നായിരുന്നു വിവരം. വിദേശ രാജ്യങ്ങള്‍ക്ക് നല്‍കുന്ന ആയുധ സഹായത്തില്‍ ട്രംപ് ഭരണകൂടം നടത്തുന്ന പുനഃപരിശോധനയുടെ ഭാഗമായാണ് നീക്കമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെ വാര്‍ത്തകള്‍ ശരിവെച്ച് വൈറ്റ് ഹൗസ് ഡെപ്യൂട്ടി പ്രസ് സെക്രട്ടറി അന്ന കെല്ലി രംഗത്തെത്തി. അമേരിക്കന്‍ താത്പര്യങ്ങളെ മുന്‍നിര്‍ത്തിയാണ് തീരുമാനം എന്നായിരുന്നു പ്രസ് സെക്രട്ടറി പറഞ്ഞത്. യുഎസ് പ്രതികരണത്തിന് പിന്നാലെ കീവ് കേന്ദ്രീകരിച്ചുള്ള യുഎസ് ഡിപ്ലോമാറ്റിനെ യുക്രെയ്ന്‍ വിദേശകാര്യമന്ത്രാലയം ചര്‍ച്ചയ്ക്ക് വിളിപ്പിച്ചു. അതിനിടെ ആയുധ സഹായം മരവിപ്പിക്കുന്നതോ നിര്‍ത്തുന്നതോ ആയി ബന്ധപ്പെട്ട് യുഎസില്‍ നിന്ന് ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് യുക്രെയ്ന്‍ പ്രതിരോധമന്ത്രാലയം അറിയിച്ചു. പുറത്തുവന്ന ഭാഗികമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആളുകള്‍ തെറ്റായ പ്രചാരണം നടത്തരുതെന്നും യുക്രെയ്ന്‍ പ്രതിരോധ മന്ത്രാലയം നിര്‍ദേശിച്ചു.
യുദ്ധം ആരംഭിച്ചതിന് ശേഷം യുക്രെയ്ന്‍ നേരിട്ട ഏറ്റവും വലിയ വ്യോമാക്രമണമായിരുന്നു ഇക്കഴിഞ്ഞ ദിവസം നടന്നത്. യുക്രെയ്നെതിരെ അഞ്ഞൂറോളം ഡ്രോണുകളായിരുന്നു റഷ്യ തൊടുത്തുവിട്ടത്. ഡ്രോണിന് പുറമേ ബാലിസ്റ്റിക് മിസൈലുകളും ക്രൂയിസ് മിസൈലുകളും യുക്രെയ്‌നെതിരെ റഷ്യ പ്രയോഗിച്ചിരുന്നു. കഴിഞ്ഞ ദിവസം റഷ്യയുടെ ആക്രമണത്തില്‍ യുക്രെയ്‌ന്റെ എഫ്-16 വിമാനം തകര്‍ന്നിരുന്നു. യുഎസ് നിര്‍മിത വിമാനമായിരുന്നു തകര്‍ന്നത്. യുക്രെയ്ന്‍-റഷ്യ യുദ്ധത്തിനിടെ ഇതുവരെ മൂന്നോളം എഫ്-16 വിമാനങ്ങള്‍ തകര്‍ന്നിരുന്നു. 2022 ല്‍ യുക്രെയ്ന്‍-റഷ്യ യുദ്ധം ആരംഭിച്ചതിന് ശേഷം കോടികളുടെ സഹായമാണ് അമേരിക്ക യുക്രെയ്‌ന് നല്‍കിയത്. അമേരിക്ക ആയുധ സഹായം ഭാഗികമായി മരവിപ്പിക്കുന്നത് യുക്രെയ്‌ന് കനത്ത തിരിച്ചടിയാകും.
Content Highlights- Ukraine fears increased russian attack after america halt of weapons supply