അമുസ്ലീങ്ങളുടെ കേസുകള്‍ പരിഗണിക്കാന്‍ പ്രത്യേക കോടതിയുമായി അബുദാബി
15 Dec 2021 10:40 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

വിദേശികളായ അമുസ്ലിങ്ങളുടെ വ്യക്തിഗത സ്റ്റാറ്റസ് കേസുകളില്‍ സ്പെഷ്യലൈസ് ചെയ്യുന്ന ആദ്യത്തെ കോടതി അബുദാബിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. അബുദാബി ജുഡീഷ്യല്‍ ഡിപാര്‍ട്ട്മെന്റ് അണ്ടര്‍ സെക്രട്ടറി യൂസഫ് സയീദ് അല്‍ അബ്രി ഇതിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. അബുദാബി എമിറേറ്റില്‍ അമുസ്ലിം ഇതര വ്യക്തിത്വ വിഷയങ്ങള്‍ നിയന്ത്രിക്കുന്ന നിയമം നടപ്പിലാക്കുന്നതിനായി അബുദാബി എമിറേറ്റിന്റെ ഭരണാധികാരി എന്ന നിലയില്‍ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാനാണ് കോടതി പ്രഖ്യാപിച്ചത്.
അമുസ്ലിംകളുടെ കുടുംബപരമായ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് ജുഡീഷ്യല്‍ സംവിധാനം യാഥാര്‍ഥ്യമാക്കുകയാണ് ലക്ഷ്യമെന്ന് അബുദാബി അറിയിച്ചു. മുസ്ലിം ഇതര കുടുംബകാര്യങ്ങള്‍ക്കായി ആദ്യത്തെ പ്രത്യേക കോടതി സ്ഥാപിക്കുന്നത് നീതിന്യായ വ്യവസ്ഥയെ കൂടുതല്‍ വികസിപ്പിക്കുന്നതിനുള്ള തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമാണെന്ന് യൂസഫ് സയീദ് അല്‍ അബ്രി പറഞ്ഞു.
ജുഡീഷ്യല്‍ മേഖലയില്‍ മാറ്റങ്ങള്‍ കൊണ്ടുവന്ന് കാര്യക്ഷമമാക്കുന്നതിനായാണ് പുതിയ തീരുമാനം. ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കാര്യ മന്ത്രിയും അബുദാബി ജുഡീഷ്യല്‍ വകുപ്പ് ചെയര്‍മാനുമായ ഷെയ്ഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്‍ദ്ദേശമനുസരിച്ചാണ് പുതിയ കോടതിയുടെ പ്രവര്‍ത്തനം ആരംഭിച്ചത്.