
ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിനുള്ള ആവശത്തിലാണ് ക്രിക്കറ്റ് ആരാധകർ. ബെർമിങ്ഹാമിലെ എഡ്ജ്ബാസ്റ്റണിൽ വെച്ച് നടക്കുന്ന രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് ജയം അനിവാര്യമാണ്. ആദ്യ മത്സരത്തിലേറ്റ തോൽവിക്ക് ശേഷം രണ്ടാം മത്സരത്തിൽ അതേ നാണയത്തിൽ മറുപടി നൽകാനാണ് ശുഭ്മാൻ ഗില്ലിന്റെയും കൂട്ടരുടെയും ഒരുക്കങ്ങൾ. മത്സരത്തിനുള്ള ഒരുക്കങ്ങൾക്കിടയിൽ ഇന്ത്യക്ക് വേണ്ട പ്രധാന മാറ്റത്തെ കുറിച്ച് സംസാരിക്കുകയാണ് മുൻ ഇന്ത്യൻ സ്പിൻ ബൗളറായ ഹർഭജൻ സിങ്.
ഇന്ത്യയുടെ ടോപ് ഫൈവ് അതുപോലെ തുടരാനാണ് ഹർഭജൻ പറയുന്നത്. ആദ്യ മത്സരത്തിൽ കാര്യമായ പ്രകടനം പുറത്തെടുക്കാതിരുന്ന സായ് സുദർശന് ഒരു അവസരം കൂടി നൽകാമെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ആറാം നമ്പറിൽ ബാറ്റ് ചെയ്ത കരുൺ നായരിനെ എഡ്ജാബ്സ്റ്റണിൽ കളിപ്പിക്കേണ്ടതില്ലെന്ന് ഹർഭജൻ കൂട്ടിച്ചേർക്കുന്നു.
ഇന്ത്യൻ പ്ലെയിങ് ഇലവനിൽ കുറച്ച് മാറ്റങ്ങൾ ആവശ്യമാണ്. യശസ്വി ജയ്‌സ്വാളും കെഎൽ രാഹുലും ഓപ്പണിങ്ങിൽ തുടരുമ്പോൾ സായ് സുദർശൻ തന്നെ മൂന്നാമത് എത്തട്ടെ. ഒരു മത്സരത്തിന് ശേഷം ഒഴിവാക്കാതെ അവന് പിന്തുണ നൽകേണ്ടതുണ്ട്. നാലാമത് ശുഭ്മൻ ഗില്ലും അഞ്ചാമത് റിഷഭ് പന്തും തന്നെ വരട്ടെ. എന്നാൽ ആറാം നമ്പറിൽ നിതീഷ് കുമാർ റെഡ്ഡി വരട്ടെ. കരുൺ നായരിന് ഒരു അവസരം കൂടി നൽകണമെന്ന് വാദിക്കുന്നവരുണ്ടാകാം, എന്നാൽ ടീമിന്റെ ആവശ്യം പരിഗണിക്കുമ്പോൾ നിതീഷാണ് മികച്ചത്.
ലോവർ ഓർഡറിൽ ബാറ്റ് ചെയ്യാനും പന്തെറിയാനും അവന് സാധിക്കും. ഏഴാമത്, വാഷിംഗ്ടൺ സുന്ദറോ രവീന്ദ്ര ജഡേജയെ എത്തുമ്പോൾ കുൽദീപ് യാദവ് അർഷദീപ് സിങ്ങ് എന്നിവരെയും ടീമിൽ ഉൾപ്പെടുത്താം,' ഹർഭജൻ പറഞ്ഞു.
ഹർഭജൻ സിങ് തെരഞ്ഞെടുത്ത ഇന്ത്യൻ പ്ലെയിങ് ഇലവൻ:
യശസ്വി ജയ്‌സ്വാൾ, കെ.എൽ രാഹുൽ, സായ് സുദർശൻ, ശുഭമൻ ഗിൽ, റിഷഭ് പന്ത്, നിതീഷ് കുമാർ റെഡ്ഡി, രവീന്ദ്ര ജഡേജ/വാഷിങ്ടൺ സുന്ദർ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, അർഷദീപ് സിങ്.
Content Highlights- Harbhajan Singh pick playing eleven for Indian cricket team in second test against england