
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ 'ബിഗ് ബ്യൂട്ടിഫുള്‍' നികുതി ബില്‍ പാസാക്കി യുഎസ് സെനറ്റ്. നികുതി ഇളവുകളും ചെലവ് ചുരുക്കല്‍ ബില്ലുകളും ഉള്‍പ്പെടെയുളള ബിൽ വൈസ് പ്രസിഡൻ്റ് ജെ ഡി വാന്‍സിൻ്റെ ടൈബ്രേക്ക് വോട്ടിനാണ് പാസായത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷമുളള യുഎസ് സെനറ്റില്‍ അന്‍പതിനെതിരെ അന്‍പത്തിയൊന്ന് വോട്ടുകള്‍ക്കാണ് ബില്‍ പാസാക്കിയത്. മൂന്ന് റിപ്പബ്ലിക്കന്‍ സെനറ്റർമാര്‍ ബില്ലിനെ എതിര്‍ത്ത് വോട്ടുചെയ്തതോടെ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് വോട്ടവകാശം വിനിയോഗിക്കുകയായിരുന്നു. ഇതോടെയാണ് ബിഗ് ബ്യൂട്ടിഫുള്‍ ബില്‍ പാസായത്.
ഇനി യുഎസ് കോണ്‍ഗ്രസും ബില്ലിന് അംഗീകാരം നൽകേണ്ടതുണ്ട്. ശേഷം പ്രസിഡന്റ് കൂടി അംഗീകരിക്കുന്നതോടെ ബില്‍ നിയമമാകും. സൈന്യത്തിനും അതിര്‍ത്തി സുരക്ഷയ്ക്കും കൂടുതല്‍ തുക അനുവദിക്കുന്ന ബില്‍ കൂട്ട നാടുകടത്തല്‍ പദ്ധതിയും വ്യവസ്ഥ ചെയ്യുന്നുണ്ട്. മെഡികെയ്ഡ് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ 1.2 ട്രില്യണ്‍ ഡോളര്‍ വരെ വെട്ടിക്കുറയ്ക്കാന്‍ ബില്‍ നിര്‍ദേശിക്കുന്നു. സാമൂഹിക ക്ഷേമ പദ്ധതികള്‍ വെട്ടിക്കുറയ്ക്കാനും ദേശീയ കടത്തില്‍ 3 ട്രില്യണ്‍ ഡോളര്‍ കൂട്ടിച്ചേര്‍ക്കാനും ഉദ്ദേശിച്ചുളള ബില്ലാണ് യുഎസ് സെനറ്റില്‍ അവതരിപ്പിച്ചത്. ഡെമോക്രാറ്റ് അംഗങ്ങളില്‍ നിന്നും ശക്തമായ എതിര്‍പ്പ് ഉണ്ടായിരുന്നിട്ടും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് നേരിയ ഭൂരിപക്ഷമുളള സെനറ്റിനുളളില്‍ ട്രംപിന്റെ ബില്‍ പാസായി.
നോര്‍ത്ത് കരോലിനയില്‍ നിന്നുളള സെനറ്ററായ തോം ടില്ലിസ്, മെയ്‌നില്‍ നിന്നുളള സൂസന്‍ കോളിന്‍സ്, കെന്റുകിയില്‍ നിന്നുളള റാന്‍ഡ് പോള്‍ എന്നിവരാണ് ട്രംപിന്റെ ബിഗ് ബ്യൂട്ടിഫുള്‍ ബില്ലിനെ എതിര്‍ത്ത റിപ്പബ്ലിക്കന്‍മാര്‍. ഈ ബില്‍ പാസാക്കിയാല്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി ആരംഭിക്കുമെന്ന് ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക് നേരത്തെ പറഞ്ഞിരുന്നു. അമേരിക്കയ്ക്ക് ഡെമോക്രാറ്റിക്ക്, റിപ്പബ്ലിക്ക് പാർട്ടികളല്ലാതെ ഒരു ബദൽ വേണമെന്നും എങ്കിലേ ജനങ്ങൾക്കും ശബ്‌ദിക്കാനാകൂ എന്നുമായിരുന്നു മസ്കിൻ്റെ പ്രതികരണം.
തുടർന്ന് മസ്കിന് മറുപടിയുമായി ട്രംപും രംഗത്തെത്തിയിരുന്നു. സർക്കാർ സബ്‌സിഡികൾ ലഭിച്ചിരുന്നില്ലെങ്കിൽ മസ്കിന് കടയും പൂട്ടി സൗത്ത് ആഫ്രിക്കയിലേക്ക് പോകേണ്ടിവരുമായിരുന്നു എന്നാണ് ട്രംപ് മറുപടി നൽകിയത്. മറ്റാർക്ക് ലഭിക്കുന്നതിനേക്കാളും കൂടുതൽ സബ്സിസികൾ മസ്കിന് ലഭിച്ചിട്ടുണ്ടെന്നും സ്വയം പരിശോധിച്ചാൽ അത് മനസിലാകുമെന്നും ട്രംപ് പറഞ്ഞിരുന്നു.
Content Highlights: US Senate narrowly pass Trump's 'big, beautiful' bill