ഇന്ത്യക്കാർക്ക് പറക്കാം; ശ്രീലങ്കയ്ക്കും തായ്‌ലൻഡിനും പിന്നാലെ വിസ രഹിത പ്രവേശനവുമായി വിയറ്റ്നാം

നേരത്തെ ശ്രീലങ്ക, തായ്‌ലൻഡ് എന്നീ രാജ്യങ്ങൾ ഇന്ത്യൻ പൗരന്മാർക്ക് സമാനമായ ഇളവുകൾ നൽകിയിരുന്നു
ഇന്ത്യക്കാർക്ക് പറക്കാം; ശ്രീലങ്കയ്ക്കും തായ്‌ലൻഡിനും പിന്നാലെ വിസ രഹിത പ്രവേശനവുമായി വിയറ്റ്നാം

ഇന്ത്യയ്ക്കും ചൈനയ്ക്കും വിസ രഹിത പ്രവേശനവുമായി വിയറ്റ്നാം. ടൂറിസം മേഖലയെ കൂടുതൽ ഉത്തേജിപ്പിക്കുന്നതിന്റെ ഭാഗമായാണ് വിയറ്റ്നാമിന്റെ തീരുമാനം. ബുധനാഴ്ച പ്രധാനമന്ത്രി ഫാം മിൻ ചിൻ അധ്യക്ഷനായ ഒരു കോൺഫറൻസിലാണ് ഇക്കാര്യം തീരുമാനിച്ചത്. ഓസ്ട്രേലിയ, കാനഡ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർക്കും യൂറോപ്യൻ യൂണിയനിലെ 20 അംഗങ്ങൾക്കും ഇളവ് നൽകാനും അദ്ദേഹം നിർദേശിച്ചു.

ഈ പട്ടികയിലില്ലാത്ത രാജ്യങ്ങളിലെ പൗരന്മാർക്ക് 90 ദിവസത്തെ സാധുതയുള്ള ഇ-വിസകളും എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള വ്യക്തികൾക്ക് ഒന്നിലധികം പ്രവേശന അലവൻസുകളും നൽകുന്നതിനും നിർദേശമുണ്ട്. നിലവിൽ ജർമ്മനി, ഫ്രാൻസ്, സ്വീഡൻ, ഇറ്റലി, സ്പെയിൻ, ഡെൻമാർക്ക്, ഫിൻലാൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള പൗരന്മാർക്കാണ് വിയറ്റ്നാമിലേക്ക് വിസ രഹിത യാത്ര നടത്താൻ സാധിക്കുന്നത്.

നേരത്തെ ശ്രീലങ്ക, തായ്‌ലൻഡ് എന്നീ രാജ്യങ്ങൾ ഇന്ത്യൻ പൗരന്മാർക്ക് സമാനമായ ഇളവുകൾ നൽകിയിരുന്നു. അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെയാണ് ശ്രീലങ്കയുടെ ഇളവ്. ഇന്ത്യയ്ക്ക് പുറമെ ചൈന, റഷ്യ, ജപ്പാന്‍, ഇന്തോനേഷ്യ, മലേഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും ശ്രീലങ്ക ഇളവ് നൽകിയിരുന്നു.

നവംബർ മുതൽ ആറ് മാസത്തേക്കാണ് തായ്‌ലൻഡിലേക്കുളള വിസ ഇളവുകൾ അനുവദിച്ചിരിക്കുന്നത്. ഇന്ത്യക്കാര്‍ക്കും തായ്‌വാനില്‍ നിന്നുള്ളവര്‍ക്കും വിസയില്ലാതെ രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കുന്നതിന് തായ് മന്ത്രിസഭയാണ് തീരുമാനം എടുത്തത്. ഒരു തവണ തായ്‌ലൻഡിലെത്തിയാല്‍ 30 ദിവസം വരെ കഴിയാനും അനുമതിയുണ്ടാകും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com