

പാലക്കാട്: സിപിഐഎം മുൻ ഏരിയ സെക്രട്ടറി ബിജെപിയിൽ ചേർന്നു. പാലക്കാട് അട്ടപ്പാടി ഏരിയ സെക്രട്ടറിയായിരുന്ന വി ആർ രാമകൃഷ്ണനാണ് ബിജെപിയുമായി സഹകരിക്കാൻ തീരുമാനിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിൽ അഗളി പഞ്ചായത്തിൽ സിപിഐഎം വിമതനായി മത്സരിച്ചിരുന്നു. പിന്നാലെ അഗളി ലോക്കൽ സെക്രട്ടറിഎൻ ജംഷീർ ഫോൺ വിളിച്ച് വധഭീഷണി മുഴക്കിയത് വിവാദമായിരുന്നു.
42 വർഷമായി അട്ടപ്പാടിയിലെ സിപിഐഎമ്മിന്റെ സജീവപ്രവർത്തകനും രണ്ടു ടേമുകളിലായി ആറുവർഷം അട്ടപ്പാടി ഏരിയ സെക്രട്ടറിയുമായിരുന്ന നേതാവാണ് വി ആർ രാമകൃഷ്ണൻ. 12 വർഷം ജെല്ലിപ്പാറ ലോക്കൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.
നാലര വർഷം മുമ്പ് വി ആർ രാമൃഷ്ണനെ പുറത്താക്കിയതാണെന്നാണ് സിപിഐഎം പ്രാദേശിക നേതൃത്വത്തിന്റെ വിശദീകരണം. നാലരവർഷം മുമ്പ് പാർട്ടി അംഗത്വം നൽകാതിരുന്നത് മുതൽ സിപിഐഎമ്മുമായി സഹകരിക്കുന്നില്ലെന്ന് രാമകൃഷ്ണനും വ്യക്തമാക്കി.
പാർട്ടിയിൽ വി എസ് അച്യുതാനന്ദനെ അനുകൂലിക്കുന്ന ആളായിരുന്നു രാമകൃഷ്ണൻ. ഏഴ് വർഷം മുൻപ് പാർട്ടിയിൽനിന്ന് അച്ചടക്ക നടപടി നേരിട്ടിരുന്നു. പിന്നാലെയാണ് ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഐഎം വിമതനായി മത്സരിച്ചത്.
അതേസമയം സിപിഐഎം സഹയാത്രികനായ റെജി ലൂക്കോസ് ഇന്ന് ബിജെപിയില്‍ ചേർന്നിരുന്നു. ദ്രവിച്ച ആശയങ്ങളുമായി മുന്നോട്ട് പോയാല്‍ കേരളം വൃദ്ധ സദനമാകുമെന്നായിരുന്നു റെജി ലൂക്കോസിന്റെ പ്രതികരണം. സിപിഐഎം വര്‍ഗ്ഗീയ വിഭജനത്തിന് ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഷാളണിയിച്ചാണ് റെജി ലൂക്കോസിനെ ബിജെപിയിലേയ്ക്ക് സ്വീകരിച്ചത്.
Content Highlights: palakkad attapadi Former CPIM area secretary V R Ramakrishnan joins BJP