

യുഎഇയുടെ സ്വപ്‌നപദ്ധതിയായ ഇത്തിഹാദ് റെയിലിന്റെ ഭാഗമായുള്ള ഏഴ് പുതിയ സ്റ്റേഷനുകള്‍ കൂടി പ്രഖ്യാപിച്ചു. ഇതോടെ ആകെ സ്‌റ്റേഷനുകളുടെ എണ്ണം പതിനൊന്ന് ആയി. എമിറ്റേറ്റുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാസഞ്ചര്‍ ട്രെയിന്‍ ഉടന്‍ സര്‍വീസ് ആരംഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ വിവിധ എമിറേറ്റുകള്‍ തമ്മിലുള്ള യാത്രാ സമയം വലിയ തോതില്‍ കുറയും.
ഉടന്‍ സര്‍വീസ് ആരംഭിക്കാനുള്ള തയ്യാറെടുപ്പുകള്‍ പുരോഗമിക്കുന്നതിനിടെയാണ് ഇത്തിഹാദ് റെയില്‍ പദ്ധതിയുടെ ഭാഗമായുള്ള പുതിയ ഏഴ് സ്റ്റേഷനുകള്‍ കൂടി പ്രഖ്യാപിച്ചിരിക്കുന്നത്. അല്‍ സില, അല്‍ ധന്ന, അല്‍ മിര്‍ഫ, മദീനത്ത് സായിദ്, മെസൈറ, അല്‍ ഫയ, അല്‍ ദൈദ് എന്നിവായാണ് പുതിയതായി പ്രഖ്യാപിച്ച സ്റ്റേഷനുകള്‍.
അബുദബിയിലെ മുഹമ്മദ് ബിന്‍ സായിദ് സിറ്റി, ദുബായിലെ ജുമൈറ ഗോള്‍ഫ് എസ്റ്റേറ്റ്‌സ്, ഷാര്‍ജയിലെ യൂണിവേഴ്‌സിറ്റി സിറ്റി, ഫുജൈറയിലെ അല്‍ ഹിലാല്‍ ഏരിയ എന്നിവിടങ്ങളില്‍ മുമ്പ് പ്രഖ്യാപിച്ച സ്റ്റേഷനുകള്‍ക്ക് പുറമെയാണ് ഇത്. പുതിയ പ്രഖ്യാപനത്തോടെ ആകെ സ്‌റ്റേഷനുകളുടെ എണ്ണം പതിനൊന്ന് ആയി. ഈ സ്റ്റേഷനുകള്‍ ഘട്ടം ഘട്ടമായി തുറക്കുമെന്നും 11 നഗരങ്ങളെയും പ്രദേശങ്ങളെയും ബന്ധിപ്പിച്ചുകൊണ്ട് സര്‍വീസിന് തുടക്കം കുറിക്കുമെന്നും ഇത്തിഹാദ് റെയില്‍ അറിയിച്ചു. ജനസാന്ദ്രതയുള്ള മേഖലകളെ കേന്ദ്രീകരിച്ചാണ് സ്റ്റേഷനുകള്‍ തയ്യാറാക്കിയിരിക്കുന്നത്.
ബിസിനസ്, ഇക്കണോമി ക്ലാസുകളാകും പാസഞ്ചര്‍ ട്രെയിനുകളില്‍ ഉണ്ടാവുക. ബിസിനസ് ക്ലാസ് കമ്പാര്‍ട്ടുമെന്റില്‍ 16 സീറ്റുകളും ഇക്കണോമി ക്ലാസ് കമ്പാര്‍ട്ടുമെന്റില്‍ 56 സീറ്റുകളുമാണ് ക്രമീകരിച്ചിരിക്കുന്നത്. വൈ-ഫൈ കണക്റ്റിവിറ്റി, ഓരോ സീറ്റിലും പവര്‍ ഔട്ട്ലെറ്റുകള്‍ എന്നിവയും പ്രത്യേകതയാണ്. ഓരോ ട്രെയിനിലും 400 യാത്രക്കാരെ വരെ ഉള്‍ക്കൊള്ളാന്‍ കഴിയും. ആദ്യഘട്ടത്തില്‍ സര്‍വീസ് നടത്തുന്ന 13 ട്രെയിനുകളില്‍ പത്ത് എണ്ണം ഇതിനകം എത്തിച്ചേര്‍ന്നിട്ടുണ്ടെന്നും അവ അന്താരാഷ്ട്ര സുരക്ഷാ, ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കിയതായും ഇത്തിഹാദ് റെയില്‍ സിഇഒ വ്യക്തമാക്കി.
യാത്രാക്കാരുടെ സഞ്ചാരം എളുപ്പമാക്കുന്നതിനായി പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷനും അടിത്തിടെ പുറത്തിറക്കിയിരുന്നു. ട്രെയിന്‍ റൂട്ടുകള്‍, ടിക്കറ്റ് നിരക്കുകള്‍ എന്നിവയും ആപ്പിലൂടെ ലഭ്യമാക്കും. ട്രെയിന്‍ യാത്ര പൂര്‍ത്തിയാക്കിയ ശേഷം ബസ്, ടാക്സി, ദുബായ് മെട്രോ, ഓണ്‍ ഡിമാന്‍ഡ് ടാക്സി എന്നിവയിലേക്കുള്ള തുടര്‍ യാത്രകളും ഒരേ സമയം ആസൂത്രണം ചെയ്യാനാകുന്ന വിധത്തിലാണ് ആപ്പ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
Content Highlights: Etihad Rail has confirmed that preparations are progressing for the addition of seven new stations to its network. The development is part of efforts to strengthen rail connectivity across the UAE. Authorities stated that planning and preliminary arrangements are moving forward, with further updates expected as the project advances.