

ലക്‌നൗ: ഉത്തര്‍പ്രദേശിലെ മീററ്റില്‍ സ്ത്രീധനമായി ഥാർ ആവശ്യപ്പെട്ട വരന്റെ കുടുംബത്തിന് കളിപ്പാട്ട കാര്‍ നല്‍കി വിവാഹം റദ്ദാക്കി വധുവിന്റെ കുടുംബം. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി.
ശനിയാഴ്ച നടന്ന ലാല്‍ ഖത്ത് ചടങ്ങിനായി എത്തിയ വരന്റെ ബന്ധുക്കള്‍ക്ക് രാവിലെ മുതല്‍ രാത്രി വരെ കാത്തിരിക്കാന്‍ നിര്‍ദേശം നല്‍കിയ ശേഷമായിരുന്നു വധുവിന്റെ വീട്ടുകാരുടെ മധുരപ്രതികാരം. തുടര്‍ന്ന് രാത്രിയോടെ വധുവിന്റെ വീട്ടുകാരെത്തി വരന്റെ പിതാവിന് പ്ലാസ്റ്റിക് കളിപ്പാട്ട കാര്‍ നല്‍കി വിവാഹബന്ധം അവസാനിപ്പിക്കുന്നതായി അറിയിക്കുകയായിരുന്നു.
'നിങ്ങള്‍ക്ക് വേണ്ടത് ഒരു മനുഷ്യനെയായിരുന്നില്ല, കാറിനെയായിരുന്നു. ഇതാ ഒരു സ്‌കോര്‍പിയോ കാര്‍ തന്നിരിക്കുന്നു, ഇനി അതുമായി പൊയ്‌ക്കോളൂ' എന്ന് വധുവിന്റെ ബന്ധുക്കള്‍ പറയുന്നതും വൈറലായ വീഡിയോയിലുണ്ട്.
ഉത്തര്‍പ്രദേശിലെ ഗ്യാന്‍പൂര്‍ ഗ്രാമത്തിലാണ് സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏകദേശം അഞ്ച് മാസം മുമ്പാണ് ഗ്യാന്‍പൂര്‍ സ്വദേശിയായ യുവാവും സലോനയിലെ യുവതിയും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്. വിവാഹ നിശ്ചയ സമയത്ത് വധുവിന്റെ കുടുംബം വരന്റെ വീട്ടുകാര്‍ക്ക് സ്ത്രീധനമായി പല വസ്തുക്കളും അതിന് പുറമെ ഒരു ലക്ഷം രൂപയും നല്‍കിയിരുന്നു.
എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വധുവിന്റെ കുടുംബം ഒരു സ്ഥലം വിറ്റത് അറിഞ്ഞതോടെയാണ് വരന്റെ വീട്ടുകാര്‍ സ്ത്രീധനമായി ഥാർ ആവശ്യപ്പെട്ടതെന്നാണ് കുടുംബം ആരോപിക്കുന്നത്. കുടുംബം ഇവരെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ലാല്‍ ഖത്ത് ചടങ്ങിനായി വരന്റെ കുടുംബത്തെ ക്ഷണിച്ചത്. രാത്രി 10 മണിയോടെ കളിപ്പാട്ട കാര്‍ കൈമാറി വിവാഹം റദ്ദാക്കിയതായി അറിയിക്കുകയായിരുന്നു. വിവാഹനിശ്ചയ സമയത്ത് നല്‍കിയ സമ്മാനങ്ങളും തിരികെ നല്‍കിയതായി വീഡിയോയില്‍ പറയുന്നുണ്ട്.
Content Highlights: Meerut bride's family cancels wedding over a car dowry demand, handing the groom's father a toy Scorpio in a viral video