

അബുദാബിയിൽ നിന്ന് ലിവ, മദീനത്ത് സായിദ് എന്നിവിടങ്ങളിലേക്കുള്ള ഇത്തിഹാദ് റെയിൽ പാസഞ്ചർ സർവീസുകളുടെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. നവംബർ 30 തിങ്കളാഴ്ച മുതലാണ് ട്രെയിൻ സർവീസുകൾ ആരംഭിക്കുന്നത്. ഇത്തിഹാദ് റെയിലിന്റെ ഔദ്യോഗിക വെബ്സൈറ്റ്, മൊബൈൽ ആപ്പ് എന്നിവ വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാം.
ഇത്തിഹാദ് റെയിലിന്റെ പാസഞ്ചർ ശൃംഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ലിവ, മദീനത്ത് സയീദ് എന്നീ പുതിയ സ്റ്റേഷനുകൾ തുറക്കുന്നത്. അബുദാബിയിൽ നിന്ന് മദീനത്ത് സയീദിലേക്ക് 55 മിനിറ്റും ലിവയിലേക്ക് ഒരു മണിക്കൂറും 20 മിനിറ്റുമാണ് യാത്രാസമയം വരുന്നത്.
നവംബർ 27നാണ് അൽ ദഫ്റ മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധി ഷെയ്ഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാൻ സ്റ്റേഷനുകൾ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. ഇത്തിഹാദ് റെയിൽ ചെയർമാൻ ഷെയ്ഖ് ദിയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ചടങ്ങിൽ പങ്കെടുത്തു. ഇരുവരും മദീനത്ത് സായിദിൽ നിന്ന് ലീവയിലേക്ക് ട്രെയിനിൽ യാത്ര ചെയ്ത് സ്റ്റേഷനുകളിലെ സൗകര്യങ്ങളും പ്രവർത്തനസജ്ജീകരണങ്ങളും വിലയിരുത്തി.
ഡിസംബർ 11 മുതൽ ജനുവരി രണ്ട് വരെ നടക്കുന്ന ലീവ ഇന്റർനാഷണൽ ഫെസ്റ്റിവലിനോടനുബന്ധിച്ച് അധിക ട്രെയിൻ സർവീസുകളും ഒരുക്കും. ഡിസംബർ ഒമ്പത് മുതൽ ജനുവരി മൂന്ന് വരെ ദിവസവും ലീവയിലേക്ക് നാല് സർവീസുകളും തിരിച്ചുള്ള നാല് സർവീസുകളും ഉൾപ്പെടെ എട്ട് യാത്രകളാണ് നടത്തുക. ഇതോടെ ഫെസ്റ്റിവലിനെത്തുന്നവർക്ക് കൂടുതൽ സൗകര്യമൊരുങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ രണ്ട് സ്റ്റേഷനുകൾ കൂടി പ്രവർത്തനം ആരംഭിക്കുന്നതോടെ യുഎഇയിലെ പാസഞ്ചർ റെയിൽവേ സ്റ്റേഷനുകളുടെ എണ്ണം ആറാകും.
Content Highlights: Etihad Rail has opened ticket bookings for its Liwa and Madinat Zayed routes, offering passengers new travel options across the UAE.