റാസൽഖൈമ അപകടം; 5 പേരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു, ചെലവ് വഹിച്ച് ഇന്ത്യൻ കോൺസുലേറ്റ്

കുടുംബങ്ങളുടെ സഹായത്തോടെ ഇന്ത്യൻ റിലീഫ് കമ്മിറ്റി (IRC), കെഎംസിസി പ്രവർത്തകർ എന്നിവരാണ് മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ ഏകോപിപ്പിക്കുന്നത്

റാസൽഖൈമ അപകടം; 5 പേരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു, ചെലവ് വഹിച്ച് ഇന്ത്യൻ കോൺസുലേറ്റ്
ras al khaima incident/google
dot image

റാസൽഖൈമയിലുണ്ടായ അപകടത്തിൽ മരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള മുഴുവൻ ചെലവും വഹിച്ച് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്. ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ടിൽ (ICWF) നിന്നാണ് ഇതിനായുള്ള തുക അനുവദിക്കുന്നത്. അപകടം നടന്ന് അഞ്ച് ദിവസത്തിനിടെ അഞ്ച് പേരുടെ മൃതദേഹങ്ങൾ ഇതിനകം ഇന്ത്യയിലെത്തിച്ചതായി കോൺസുലേറ്റ് സ്ഥിരീകരിച്ചു.

കേരളത്തിൽ നിന്നുള്ള നാലുപേരടക്കം അഞ്ച് പേരുടെ മൃതദേഹങ്ങളാണ് ഞായറാഴ്ച ഉച്ചവരെ നാട്ടിലെത്തിച്ചത്. സങ്കീർത്തന സുരേഷ് (26), അഷ്റഫ് കൊളങ്ങരാടി അറ്റിങ്ങാനം (53), ഹേമന്ത് പുതിയ കാവിൽ (29), ഗുജറാത്ത് സ്വദേശി ജിഗ്നേഷ് ധൻജിഭായ് ശർമ (42), മുഹമ്മദ് ആഷിഖ് (29) എന്നിവരുടെ മൃതദേഹങ്ങളാണ് എത്തിച്ചത്. ആന്ധ്രാപ്രദേശ് സ്വദേശി വിനോദ് കുമാറിൻ്റെ മൃതദേഹം ഇന്ന് രാത്രി നാട്ടിലേക്ക് കൊണ്ടുപോകാൻ നിശ്ചയിച്ചിരുന്നു. ശേഷിക്കുന്ന ഇന്ത്യക്കാരുടെ മൃതദേഹങ്ങളും ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ നാട്ടിലെത്തിക്കുമെന്നാണ് പ്രതീക്ഷ.

കുടുംബങ്ങളുടെ സഹായത്തോടെ ഇന്ത്യൻ റിലീഫ് കമ്മിറ്റി (IRC), കെഎംസിസി പ്രവർത്തകർ എന്നിവരാണ് മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ ഏകോപിപ്പിക്കുന്നത്. കോൺസുലേറ്റിന്റെ അനുമതിയോടെയാണ് നടപടികൾ പൂർത്തിയാക്കുന്നതെന്നും ചെലവുകൾ ആദ്യം സാമൂഹിക പ്രവർത്തകർ വഹിക്കുകയും പിന്നീട് ICWF വഴി തിരികെ ലഭിക്കുകയും ചെയ്യുന്നതായി IRC പ്രസിഡന്റ് ഡോ. നിഷാം നൂറുദ്ദീൻ പറഞ്ഞു. ചിലരുടെ മരണ സർട്ടിഫിക്കറ്റുകളും നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റുകളും (NOC) യുഎഇ അധികൃതരിൽ നിന്ന് ലഭിക്കാനുണ്ടെന്നും കോൺസുലേറ്റ് അറിയിച്ചു. നടപടികൾ വേഗത്തിലാക്കാൻ സഹായിച്ച റാസൽഖൈമ പൊലീസ്, കോടതികൾ, എമിറേറ്റ്സ് ഹെൽത്ത് സർവീസസ് (EHS) എന്നിവയ്ക്ക് സാമൂഹിക പ്രവർത്തകർ നന്ദി അറിയിച്ചു. രാത്രിയിലും നടപടികൾ പൂർത്തിയാക്കാൻ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ സഹായിച്ചെന്നും കുടുംബങ്ങൾക്കൊപ്പം നിരവധി സന്നദ്ധ പ്രവർത്തകർ പ്രവർത്തിച്ചെന്നും കെഎംസിസി പ്രവർത്തകൻ ഫൈസൽ പുരത്തൂർ പറഞ്ഞു.

നവംബർ 24 ചൊവ്വാഴ്ച പുലർച്ചെയാണ് അൽ വത്തൻ റോഡിൽ 41 യാത്രക്കാരുമായി സഞ്ചരിച്ച ബസ് തകരാറിനെ തുടർന്ന് റോഡരികിൽ നിർത്തിയിട്ടിരുന്ന ട്രക്കിൽ ഇടിച്ചത്. അപകടത്തിൽ ആകെ 13 പേർ മരിച്ചു. ഒമാനിൽ നിന്ന് വിസ മാറ്റ നടപടികൾ പൂർത്തിയാക്കി യുഎഇയിലേക്ക് മടങ്ങുകയായിരുന്നവരാണ് ബസിലുണ്ടായിരുന്നതെന്നാണ് യാത്ര ഒരുക്കിയ ട്രാവൽ ഏജൻസി അറിയിച്ചത്.

ജോലി മാറുന്നതിനും പുതിയ തൊഴിൽ വിസ നടപടികൾ പൂർത്തിയാക്കുന്നതിനുമായി സന്ദർശക വിസ എടുത്ത് മടങ്ങിയവരും വിവാഹത്തിനായി തയ്യാറെടുക്കുകയായിരുന്നവരും യാത്രക്കാരിലുണ്ടായിരുന്നു. അപകടത്തിൽ ഒരു ഫിലിപ്പീൻസ് പൗരനും മരിച്ചതായി ദുബായിലെ ഫിലിപ്പീൻസ് കോൺസുലേറ്റ് സ്ഥിരീകരിച്ചിട്ടുണ്ട്.

Content Highlights: The Indian Consulate has supported families with arrangements to bring five individuals from Ras Al Khaimah back to India.

dot image
To advertise here,contact us
dot image