

ന്യൂഡല്‍ഹി: ഡീ ലിമിറ്റേഷന്‍ ബില്‍ നാളെ പാര്‍ലമെന്റില്‍ അവതരിപ്പിക്കാനിരിക്കെ കേന്ദ്രസര്‍ക്കാരിന്റെ അടുത്ത പ്രധാന നീക്കം എന്തായിരിക്കുമെന്ന ചര്‍ച്ചകള്‍ ശക്തമാകുന്നു. 'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' പദ്ധതി കേന്ദ്രത്തിന്റെ അടുത്ത അജണ്ടയിലുണ്ടാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷണങ്ങള്‍. പ്രത്യേക സമ്മേളനത്തില്‍ ഇതുസംബന്ധിച്ച സംയുക്ത പാര്‍ലമെന്ററി സമിതിയുടെ റിപ്പോര്‍ട്ട് അവതരിപ്പിക്കുമോ എന്നതും ശ്രദ്ധേയമാണ്. ഡീ ലിമിറ്റേഷന്‍ ബില്‍ പാസായാല്‍ 'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' വിഷയത്തിന് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുമെന്നാണ് സൂചനകള്‍. 2029ലെ ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം പദ്ധതി നടപ്പാക്കാനുള്ള നീക്കമുണ്ടാകുമോ എന്നതും ചര്‍ച്ചയാകുന്നുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളും നടത്തുന്നതിനുള്ള നടപടികളാണ് പദ്ധതിയുടെ ലക്ഷ്യം.
രാജ്യത്ത് ഇതുവരെ നിരവധി മണ്ഡല പുനര്‍നിര്‍ണയ നടപടികള്‍ നടന്നിട്ടുണ്ട്. 1963ല്‍ രൂപീകരിച്ച രണ്ടാമത്തെ ഡീ ലിമിറ്റേഷന്‍ കമ്മീഷന് ലോക്സഭാ സീറ്റുകളുടെ എണ്ണം 522 ആയും നിയമസഭാ സീറ്റുകള്‍ 3,771 ആയും ഉയര്‍ത്തി. 1973ല്‍ രൂപീകരിച്ച മൂന്നാമത്തെ കമ്മീഷന് 1971ലെ സെന്‍സസ് അടിസ്ഥാനമാക്കി ലോക്സഭാ സീറ്റുകളുടെ എണ്ണം 522ല്‍ നിന്ന് 543 ആക്കി. നിയമസഭാ സീറ്റുകളുടെ എണ്ണം 3,997 ആയി ഉയര്‍ത്തുകയും ചെയ്തു. 2002ല്‍ ജസ്റ്റിസ് കുല്‍ദീപ് സിങിൻ്റെ നേതൃത്വത്തില്‍ നാലാമത്തെ കമ്മീഷന് രൂപീകരിച്ചു. 2001ലെ സെന്‍സസ് അടിസ്ഥാനമാക്കിയായിരുന്നു നടപടികള്‍. ലോക്സഭാ സീറ്റുകളുടെ എണ്ണം 543 ആയി നിലനിര്‍ത്തിയെങ്കിലും നിയമസഭാ സീറ്റുകള്‍ 3,997ല്‍ നിന്ന് 4,123 ആയി ഉയര്‍ത്തി. 2007 ഡിസംബറില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച കമ്മീഷന്റെ നിര്‍ദേശങ്ങള്‍ക്ക് 2008ല്‍ രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചു. തുടര്‍ന്ന് 2008ലെ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത് നടപ്പാക്കി. പിന്നീട് 2022ല്‍ ജമ്മു കശ്മീരിലും 2023ല്‍ അസമിലും ഡീ ലിമിറ്റേഷന്‍ നടന്നു. ഈ നടപടികളെ പ്രതിപക്ഷം വിമര്‍ശിച്ചിരുന്നു.
ഡീ ലിമിറ്റേഷന്‍ കമ്മീഷന്റെ തീരുമാനങ്ങള്‍ കോടതിയില്‍ ചോദ്യം ചെയ്യാന്‍ കഴിയില്ലെന്നതാണ് നടപടിയുടെ പ്രധാന പ്രത്യേകത. കമ്മീഷന്റെ തീരുമാനം അന്തിമമായിരിക്കും. കമ്മീഷനില്‍ കേന്ദ്രസര്‍ക്കാരിന് പൂര്‍ണ നിയന്ത്രണം ലഭിക്കുമെന്ന ആശങ്ക കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷം ഉയര്‍ത്തുന്നുണ്ട്. ലോക്സഭാ മണ്ഡലങ്ങളുടെ അതിര്‍ത്തികള്‍ സര്‍ക്കാര്‍ നേരത്തെ തന്നെ തീരുമാനിച്ചിട്ടുണ്ടെന്നും കമ്മീഷന് അത് ഔദ്യോഗികമായി നടപ്പാക്കുക മാത്രമായിരിക്കുമെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചിട്ടുണ്ട്. നിര്‍ദിഷ്ട കമ്മീഷന് വിരമിച്ച സുപ്രീംകോടതി ജഡ്ജി അധ്യക്ഷനായിരിക്കും. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറോ അദ്ദേഹം നാമനിര്‍ദേശം ചെയ്യുന്ന തെരഞ്ഞെടുപ്പ് കമ്മീഷണറോ, അതത് സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് കമ്മീഷണറോ അംഗങ്ങളാകും. കൂടാതെ ഓരോ സംസ്ഥാനത്തുനിന്നും പത്ത് അസോസിയേറ്റ് അംഗങ്ങളുണ്ടാകും. ലോക്സഭാ സ്പീക്കര്‍ നാമനിര്‍ദേശം ചെയ്യുന്ന അഞ്ച് എംപിമാരും സംസ്ഥാന നിയമസഭാ സ്പീക്കര്‍ നാമനിര്‍ദേശം ചെയ്യുന്ന അഞ്ച് എംഎല്‍എമാരുമാണ് ഇവര്‍. എന്നാല്‍ റിപ്പോര്‍ട്ടില്‍ വോട്ട് ചെയ്യാനോ ഒപ്പിടാനോ ഇവര്‍ക്ക് അധികാരമുണ്ടാകില്ല. നിര്‍ദേശങ്ങള്‍ നല്‍കുക മാത്രമായിരിക്കും ഇവരുടെ ചുമതല.
കമ്മീഷന്റെ രൂപീകരണവും അധികാരങ്ങളും സംബന്ധിച്ച ഈ വ്യവസ്ഥകളാണ് സര്‍ക്കാരിന് പൂര്‍ണ നിയന്ത്രണം ലഭിക്കുമെന്ന കോണ്‍ഗ്രസിന്റെ ആരോപണത്തിന് അടിസ്ഥാനം. പുതിയ കമ്മീഷന് രണ്ട് വര്‍ഷത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കഴിയുമോ, 2029ലെ തെരഞ്ഞെടുപ്പിന് മുമ്പ് നടപടികള്‍ പൂര്‍ത്തിയാക്കാനാകുമോ തുടങ്ങിയ ചോദ്യങ്ങളും ഉയരുന്നുണ്ട്. സമയബന്ധിതമായി പദ്ധതി നടപ്പാക്കാനുള്ള തയ്യാറെടുപ്പുകള്‍ സര്‍ക്കാര്‍ നടത്തിയിട്ടുണ്ടെന്നാണ് സൂചനകള്‍. 1951ലെ സെന്‍സസ് അടിസ്ഥാനമാക്കി 1952ല്‍ രൂപീകരിച്ച ആദ്യ ഡീ ലിമിറ്റേഷന്‍ കമ്മീഷന് ലോക്സഭാ സീറ്റുകളുടെ എണ്ണം 498 ആയും നിയമസഭാ സീറ്റുകളുടെ എണ്ണം 3,280 ആയും നിശ്ചയിച്ചിരുന്നു. പുതിയ മണ്ഡല പുനര്‍നിര്‍ണയ നടപടികള്‍ രാജ്യത്തെ രാഷ്ട്രീയ പ്രാതിനിധ്യത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുമെന്നതിനാല്‍ കമ്മീഷന്റെ ഘടനയും സമയക്രമവും നിര്ണായകമാകുകയാണ്.
Content Highlights: With the delimitation bill set to be introduced in Parliament, speculation is growing that One Nation, One Election could be the Centre's next major agenda. Attention is on whether the Joint Parliamentary Committee report on simultaneous elections will be presented during the special session. If the delimitation bill moves forward, the government may prioritise synchronising Lok Sabha and Assembly elections, with discussions focusing on the possibility of implementing the plan alongside the 2029 general elections.