

ന്യൂ ഡൽഹി: ചൈന, തുർക്കി, അമേരിക്ക, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങൾ പാകിസ്താനായുള്ള സൈനിക സാമ്പത്തിക സഹായങ്ങൾ വർധിപ്പിക്കുന്ന പശ്ചാത്തലത്തിൽ പടിഞ്ഞാറൻ അതിർത്തിയിൽ പ്രതിരോധം കടുപ്പിക്കാൻ ഇന്ത്യ. ജമ്മു കശ്മീരിലെ 740 കിലോമീറ്റർ വരുന്ന നിയന്ത്രണരേഖയ്ക്ക് കാവലായി അഞ്ചാമത്തെ എസ്-400 വ്യോമപ്രതിരോധ സംവിധാനം വിന്യസിക്കാൻ ഒരുങ്ങി ഇന്ത്യ. 2027 ഫെബ്രുവരിയോടെ ഇത് പ്രവർത്തനസജ്ജമാകുമെന്ന് ഉന്നത സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.
ഇതിനുപുറമെ, അടുത്ത വർഷം റഷ്യയിൽ നിന്ന് അഞ്ച് എസ് 400 യൂണിറ്റുകൾ കൂടി വാങ്ങാനും ഇന്ത്യ ലക്ഷ്യമിടുന്നുണ്ട്. പുതിയ സംവിധാനം കൈമാറുന്നതിന് മുന്നോടിയായുള്ള പരിശോധനയ്ക്കായി വ്യോമസേനാ സംഘം അടുത്ത മാസം റഷ്യ സന്ദർശിക്കും.
നിലവിൽ പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത് എന്നിവിടങ്ങളിലായി മൂന്ന് എസ്-400 യൂണിറ്റുകൾ പാക്കിസ്ഥാൻ അതിർത്തിയിൽ വിന്യസിച്ചിട്ടുണ്ട്. നാലാമത്തേത് അരുണാചൽ പ്രദേശിലെ 1,126 കിലോമീറ്റർ വരുന്ന അതിർത്തിപ്രദേശം സംരക്ഷിക്കാനായി അസമിലുമാണ് വിന്യസിച്ചിരിക്കുന്നത്. 40 മുതൽ 400 കിലോമീറ്റർ വരെ ദൂരപരിധിയിലുള്ള ബാലിസ്റ്റിക് മിസൈലുകൾ, യുദ്ധവിമാനങ്ങൾ, ഡ്രോണുകൾ എന്നിവയെ തകർക്കാൻ ശേഷിയുള്ളതാണ് എസ്-400.
'ഓപ്പറേഷൻ സിന്ദൂറി'നിടെ പാക്കിസ്ഥാൻ തൊടുത്ത മിസൈലുകളെ ഇന്ത്യൻ മണ്ണിൽ പതിക്കാതെ തകർത്തുക്കൊണ്ട് എസ് 400 അതിൻ്റെ കരുത്ത് തെളിയിച്ചിരുന്നു. 2027 ൽ ചൈന തങ്ങളുടെ അഞ്ചാം തലമുറ യുദ്ധവിമാനമായ J-35 പാക്കിസ്താന് കൈമാറാൻ ഒരുങ്ങുന്ന സാഹചര്യത്തിൽ ദീർഘദൂര 'സ്റ്റാൻഡ്-ഓഫ്' ആയുധങ്ങളും ലോയിറ്ററിങ് മ്യൂണിഷനുകളും വൻതോതിൽ നിർമ്മിക്കാനും വാങ്ങാനും ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്.
ചൈനയുടെ ദീർഘദൂര മിസൈലായ PL-15E, വ്യോമപ്രതിരോധ സംവിധാനമായ HQ-9BE എന്നിവയെ പ്രതിരോധിക്കാനാണിത്. ഭാവിയിലെ യുദ്ധങ്ങൾ നേരിട്ടുള്ള ഏറ്റുമുട്ടലുകളല്ല, മറിച്ച് ദീർഘദൂര മിസൈലുകളും മിസൈൽ പ്രതിരോധ സംവിധാനങ്ങളും തമ്മിലുള്ള പോരാട്ടമായിരിക്കുമെന്ന് മുതിർന്ന സൈനിക ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
സാമ്പത്തിക പ്രതിസന്ധിയിലായി ഐഎംഎഫ് സഹായം തേടുമ്പോഴും വിദേശ രാജ്യങ്ങളുടെ പിന്തുണയോടെ പാക്കിസ്ഥാൻ വൻതോതിൽ ആയുധങ്ങൾ വാങ്ങിക്കൂട്ടുന്നതായി റിപ്പോർട്ടുകളുണ്ട്. ചൈനയിൽ നിന്ന് 500 കോടി ഡോളറിലധികം ചെലവിൽ എട്ട് 'ഹാങ്കർ' ക്ലാസ് മുങ്ങിക്കപ്പലുകളും 'വിങ് ലൂങ്-2' സായുധ ഡ്രോണുകളും പാകിസ്താൻ വാങ്ങിയിട്ടുണ്ട്. തുർക്കിയിൽ നിന്നുമ പാക്കിസ്താന് അഗോസ്റ്റ 90-ബി മുങ്ങിക്കപ്പലുകൾ നവീകരിക്കുന്നതിനൊപ്പം ദീർഘദൂര കാമികാസെ ഡ്രോണുകളും കൈമാറിയിട്ടുണ്ട്.
അതേസമയം അമേരിക്കയും പാകിസ്താന് എഫ്-16 യുദ്ധവിമാനങ്ങൾ നവീകരിക്കാനുള്ള പാക്കേജ് നൽകുമ്പോൾ, ഹൂതി വിമതർക്കെതിരായ 'മക്ക സഖ്യ'ത്തിന് നൽകുന്ന പിന്തുണയ്ക്കുള്ള പ്രതിഫലമായി സൗദി അറേബ്യ പാക്കിസ്ഥാന് സാമ്പത്തിക സഹായം നൽകുന്നുണ്ട്. ഈ സാഹചര്യത്തിൽ കര-വ്യോമ-നാവിക മേഖലകളിലെ പ്രഹരശേഷി വർധിപ്പിക്കുന്നതിനൊപ്പം ചൈനീസ് അതിർത്തിയിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനും ഇന്ത്യ നടപടികൾ വേഗത്തിലാക്കിയിട്ടുണ്ട്.
Content Highlights: India plans to deploy its fifth S-400 air defence system along the Pakistan border by February 2027 and is exploring the purchase of five more units from Russia.