

കുവൈറ്റിലെ പ്രവാസികൾ തിങ്ങിപ്പാർക്കുന്ന ഖൈത്താൻ മേഖലയിൽ രണ്ട് ദിവസം നീണ്ടുനിന്ന വ്യാപക സുരക്ഷാ പരിശോധനയിൽ 1,340 നിയമനടപടികൾ സ്വീകരിച്ച് ആഭ്യന്തര മന്ത്രാലയം. അനധികൃത താമസം, കാലാവധി കഴിഞ്ഞ താമസരേഖകൾ തുടങ്ങി വിവിധ നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. സർക്കാർ ഭൂമിയിലെ അനധികൃത കൈയേറ്റങ്ങൾ അനുവദിക്കില്ലെന്നും നിയമലംഘകർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസഫ് മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ മാസം ജിലീബ് അൽ ശുയൂഖിൽ നടത്തിയ പരിശോധനയുടെ തുടർച്ചയായാണ് ഖൈത്താനിലും സുരക്ഷാ നടപടികൾ വ്യാപിപ്പിച്ചത്. മേഖലയുടെ പ്രവേശന കവാടങ്ങളും പുറത്തേക്കുള്ള വഴികളും നിയന്ത്രിച്ചായിരുന്നു പരിശോധന. വിവിധ കെട്ടിടങ്ങളിലും താമസകേന്ദ്രങ്ങളിലും ഉദ്യോഗസ്ഥർ നേരിട്ടെത്തി പരിശോധന നടത്തി. വിവിധ കേസുകളിൽ പ്രതികളായവരെയും താമസനിയമങ്ങൾ ലംഘിച്ചവരെയും കണ്ടെത്തി നടപടി സ്വീകരിച്ചു. സർക്കാർ സ്വത്ത് രാജ്യത്തിന്റെ പൊതുസ്വത്താണെന്നും അത് സംരക്ഷിക്കപ്പെടേണ്ടതാണെന്നും ഷെയ്ഖ് ഫഹദ് അൽ യൂസഫ് വ്യക്തമാക്കി. സർക്കാർ ഭൂമി കൈയേറുന്നതും നിയമങ്ങൾ ലംഘിച്ച് കെട്ടിടങ്ങൾ പ്രവർത്തിപ്പിക്കുന്നതും അനുവദിക്കില്ല. ഇത്തരം കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിന് കർശന നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ജിലീബ് അൽ ശുയൂഖിലും ഖൈത്താനിലും നടത്തിയ പരിശോധനകൾക്ക് പിന്നാലെ രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിലേക്കും സംയുക്ത പരിശോധന വ്യാപിപ്പിക്കാനാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം. ആഭ്യന്തര മന്ത്രാലയത്തിന് പുറമെ കുവൈത്ത് മുനിസിപ്പാലിറ്റി, ഫയർ ഫോഴ്‌സ്, ജല-വൈദ്യുതി മന്ത്രാലയം, പബ്ലിക് അതോറിറ്റി ഫോർ മാൻപവർ തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പരിശോധനയിൽ പങ്കെടുത്തു. വരും ദിവസങ്ങളിലും വിവിധ മേഖലകളിൽ പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു.
Content Highlights: Kuwait's security inspection campaign in Khaitan resulted in 1,340 legal actions over a two-day period.