

ലഖ്നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞടുപ്പിന് മുന്നോടിയായി സമാജ്വാദി പാര്‍ട്ടി - കോണ്‍ഗ്രസ് സഖ്യത്തില്‍ ഭിന്നതയുണ്ടെന്ന അഭ്യൂഹങ്ങള്‍ തള്ളി മുതിര്‍ന്ന എസ്പി നേതാവ് അസം ഖാന്. സഖ്യം തകരുന്നതിനെക്കുറിച്ച് ചോദ്യമേയുദിക്കുന്നില്ലെന്നും ഇരു പാര്‍ട്ടികളും തമ്മിലുള്ള പങ്കാളിത്തം ശക്തമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി. സീറ്റ് വിഭജനവും സഖ്യത്തിന്റെ നയങ്ങളും സംബന്ധിച്ച അന്തിമ തീരുമാനങ്ങള്‍ എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവ്, കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരായിരിക്കും കൈക്കൊള്ളുക എന്ന് അസം ഖാന് പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് നിലവില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും കാര്യങ്ങള്‍ അന്തിമഘട്ടത്തില്‍ എത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ആദ്യഘട്ട ചര്‍ച്ചകളില്‍ സമാജ്വാദി പാര്‍ട്ടി കോണ്‍ഗ്രസിന് 26 സീറ്റുകളാണ് വാഗ്ദാനം ചെയ്തത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കോണ്‍ഗ്രസ് 120 സീറ്റുകള്‍ ആവശ്യപ്പെടുകയും അതില്‍ കുറഞ്ഞ എണ്ണത്തില്‍ വഴങ്ങാന്‍ തയാറാകാതിരിക്കുകയും ചെയ്തു. ഇരു പാര്‍ട്ടികളും തമ്മില്‍ ധാരണയിലെത്താനായി ചര്‍ച്ചകള്‍ ഇപ്പോഴും തുടരുകയാണ്.
എസ്പി സ്വന്തമായി പ്രകടനപത്രിക പുറത്തിറക്കിയതില്‍ സഖ്യത്തില്‍ അമര്‍ഷമുണ്ടെന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് അദ്ദേഹം പറഞ്ഞു. സഖ്യത്തിലെ ഏതൊരു പാര്‍ട്ടിക്കും സ്വന്തമായി പ്രകടനപത്രിക പുറത്തിറക്കാന്‍ അവകാശമുണ്ടെന്നും പിന്നീട് സഖ്യത്തിന്റെ പൊതുവായ പ്രകടനപത്രിക പുറത്തിറക്കുമെന്നും ഇതില്‍ അഭിപ്രായവ്യത്യാസങ്ങളൊന്നുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആസാദ് സമാജ് പാര്‍ട്ടി തലവന്‍ ചന്ദ്രശേഖര്‍ ആസാദും എഐഎംഐഎം തലവന്‍ അസദുദ്ദീന്‍ ഉവൈസിയും ചേര്‍ന്ന് ഒരു മുസ്ലിം ഉപമുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചേക്കുമെന്ന അഭ്യൂഹങ്ങളോട് അദ്ദേഹം പരിഹാസത്തോടെയാണ് പ്രതികരിച്ചത്. ഉറുദുവില്‍ പ്രധാനമന്ത്രിയെ വിശേഷിപ്പിക്കുന്ന 'വസീര്‍-ഇ-അസം' എന്ന പദം സൂചിപ്പിച്ച്, 'എന്നെ പ്രധാനമന്ത്രിയാക്കൂ, എന്റെ പേരിനൊപ്പം 'വസീര്‍' എന്ന് കൂടി ചേര്‍ത്താല്‍ മതി; ഞാന്‍ ഇപ്പോള്‍ തന്നെ 'അസം' ആണ്' എന്ന് അദ്ദേഹം പറഞ്ഞു.
2017, 2022 നിയമസഭാ തെരഞ്ഞെടുപ്പുകളിലെ തോല്‍വിക്ക് ശേഷം ഉത്തര്‍പ്രദേശില്‍ അധികാരം തിരിച്ചുപിടിക്കാനാണ് സമാജ്വാദി പാര്‍ട്ടി ശ്രമിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 111 സീറ്റുകളാണ് എസ്പി നേടിയത്.
അതേസമയം, യുവാക്കളെ ലക്ഷ്യം വെച്ചാണ് എസ്പി കഴിഞ്ഞ ദിവസം തങ്ങളുടെ പ്രകടനപത്രിക പുറത്തിറക്കിയത്. തൊഴില്‍രഹിതര്‍ക്ക് 5,000 പ്രതിമാസ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. രണ്ട് കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. 2032 ആകുമ്പോഴേക്കും ഒരു കോടി എംഎസ്എംഇ തൊഴിലവസരങ്ങളും അഞ്ച് വര്‍ഷത്തിനുള്ളില്‍ 25 ലക്ഷം സര്‍ക്കാര്‍ ജോലികളും സൃഷ്ടിക്കുമെന്നും എസ്പിയുടെ വാഗ്ദാനത്തിലുണ്ട്
ജാതി സെന്‍സസ്, മിനിമം താങ്ങുവിലയ്ക്ക് നിയമപരമായ ഉറപ്പ്, പാവപ്പെട്ടവര്‍ക്ക് 10 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ്, പുതിയ പൊലീസ് നിയമനങ്ങളില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം എന്നിവയും പ്രധാന വാഗ്ദാനങ്ങളാണ്. ജലസേചനത്തിന് സൗജന്യ വൈദ്യുതി, ഗ്രാമീണ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതിയും അഖിലേഷ് യാദവും പാര്‍ട്ടിയും വാഗ്ദാനം ചെയ്യുന്നു.
जन जन का मैनिफेस्टो - 2027#PDA_का_प्रणपत्र https://t.co/67QUez0qdB
— Samajwadi Party (@samajwadiparty) November 26, 2026
പ്രകടനപത്രികയില്‍ വിദ്യാഭ്യാസ മേഖലയ്ക്കും കാര്യമായ പ്രാധാന്യം നല്‍കിയിട്ടുണ്ട്. അടച്ചുപൂട്ടിയെന്ന് ആരോപിക്കുന്ന 26,000 പ്രൈമറി സ്കൂളുകള്‍ വീണ്ടും തുറക്കുമെന്നും പന്ത്രണ്ടാം ക്ലാസ് പാസാകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്പുകള് വിതരണം ചെയ്യുമെന്നും വാഗ്ദാനമുണ്ട്. സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ ആറ് ശതമാനം വിദ്യാഭ്യാസ മേഖലയ്ക്കായി നീക്കിവെക്കും. പുതിയ സംസ്ഥാന വിദ്യാഭ്യാസ നയം നടപ്പാക്കുക, എല്ലാ പ്രൈമറി, സെക്കന്‍ഡറി സ്കൂളുകളിലും വൈ-ഫൈ സൗകര്യം ഒരുക്കുക, പ്രധാന നഗരങ്ങളില്‍ ഹോസ്റ്റലുകള്‍ നിര്‍മിക്കുക, ഉന്നത വിദ്യാഭ്യാസ പാഠ്യപദ്ധതികള്‍ പരിഷ്കരിക്കുക എന്നിവയാണ് പ്രധാന നിര്‍ദേശങ്ങള്‍. വിദ്യാഭ്യാസ മേഖലയിലെ മുഴുവന്‍ ഒഴിവുകളും ഒരു വര്‍ഷത്തിനുള്ളില്‍ നികത്തുമെന്നും കരാര്‍ നിയമനങ്ങള്‍ അവസാനിപ്പിക്കുമെന്നും വാഗ്ദാനമുണ്ട്.
Content Highlight: Senior Samajwadi Party leader Azam Khan has dismissed reports of differences within the SP-Congress alliance ahead of the Uttar Pradesh Assembly elections, asserting that there is no question of the partnership breaking down. He said final decisions on seat-sharing and alliance policies would be taken by Akhilesh Yadav, Rahul Gandhi and Priyanka Gandhi, while negotiations over the reported offer of 26 seats to Congress and its demand for 120 seats are still underway. Khan also rejected reports of resentment over the SP releasing its own manifesto, arguing that every alliance partner has the right to publish a separate manifesto before issuing a common one. He sarcastically responded to speculation about a Muslim deputy chief ministerial candidate backed by Chandrashekhar Azad and Asaduddin Owaisi. The report also details the SP's election promises, including unemployment assistance, job creation, caste census, legal guarantee for MSP, healthcare coverage, women's reservation in police recruitment, free electricity and major education reforms.