

പ്യോങ്യാങ്: വ്യത്യസ്ത ദൗത്യങ്ങള്‍ക്കായി തന്ത്രപരമായ ആണവായുധങ്ങള്‍ (Tactical Nuclear Weapons) വിവിധ മേഖലകളിലുടനീളം വിന്യസിക്കുന്നതില്‍ ഉത്തര കൊറിയ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന നിര്‍ദേശവുമായി രാജ്യത്തിന്റെ പരമോന്നത നേതാവ് കിം ജോങ് ഉന്‍ (Kim Jong Un). രാജ്യത്തിന്റെ ആണവ സാമഗ്രികളുടെ ഉത്പാദന ശേഷി വികസിപ്പിച്ചു വരികയാണെന്നും ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ കെസിഎന്‍എ (KCNA) വ്യാഴാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

ആണവ സാമഗ്രികളുടെ ഉത്പാദന കേന്ദ്രങ്ങളും ആയുധ ഗവേഷണ സ്ഥാപനങ്ങളും സന്ദര്‍ശിക്കുന്നതിനിടെയാണ് കിം നിര്‍ണായക പ്രസ്താവന നടത്തിയത്. എന്നാല്‍ ഈ കേന്ദ്രങ്ങള്‍ ഏതാണെന്നോ അവയുടെ സ്ഥാനമോ കെസിഎന്‍എ വെളിപ്പെടുത്തിയിട്ടില്ല. ആണവായുധ രാഷ്ട്രമെന്ന ഉത്തര കൊറിയയുടെ പദവി 'തീര്‍ത്തും അലംഘനീയമാണ്' (Absolutely Inviolable) എന്ന് കിം കൂട്ടിച്ചേര്‍ത്തു. നിലവിലെ യാഥാര്‍ത്ഥ്യങ്ങള്‍ അവഗണിക്കുന്ന ശക്തികളുടെ ആണവായുധ നിരായുധീകരണം പ്രസ്താവനകള്‍ കാരണം രാജ്യത്തിന്റെ പദവിയില്‍ മാറ്റമുണ്ടാകില്ലെന്നും, 'ഞങ്ങളുടെ ആണവശേഷി ഇപ്പോള്‍ ഒരു യാഥാര്‍ത്ഥ്യമാണ്' എന്നും അദ്ദേഹം പറഞ്ഞു.
2023ല്‍ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയ ഉത്തര കൊറിയയുടെ ആണവ പദവി നിഷേധിക്കാനുള്ള ഏത് ശ്രമവും 'പരസ്യമായ യുദ്ധപ്രഖ്യാപനമായി' കണക്കാക്കുമെന്ന് കിം മുന്നറിയിപ്പ് നല്കി. തങ്ങളുടെ പരമാധികാരത്തിന്റെയും ദേശീയ സുരക്ഷയുടെയും പ്രധാന ഉറപ്പായ ഈ ശേഷി ഉത്തര കൊറിയ ഒരിക്കലും ഉപേക്ഷിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ആണവായുധങ്ങളെ ആധിപത്യം സ്ഥാപിക്കാനുള്ള ഉപാധിയായി കാണുന്ന ശത്രുതാപരമായ ശക്തികള്‍ നിലനില്‍ക്കുന്നിടത്തോളം കാലം ആണവായുധങ്ങള്‍ സ്വന്തമാക്കാനുള്ള തീരുമാനം മാറ്റാനാവില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആധുനിക യുദ്ധതന്ത്രങ്ങളിലെ ആണവായുധങ്ങളുടെ പ്രാധാന്യവും ഏറ്റവും അപകടകാരിയായ ശത്രുരാജ്യത്തിന്റെ അതിര്‍ത്തിയിലെ സാഹചര്യങ്ങളും കണക്കിലെടുക്കുമ്പോള്‍, തന്ത്രപ്രധാന ആണവായുധങ്ങള്‍ വിവിധ രീതികളില്‍ പ്രയോഗിക്കാനുള്ള ശേഷി വികസിപ്പിക്കുന്നത് അടിയന്തര പ്രാധാന്യമുള്ള ദൗത്യമാണെന്നും കിം വിശദീകരിച്ചു.

സെപ്റ്റംബര്‍ 21ന് ദക്ഷിണ-ഉത്തര കൊറിയൻ അതിർത്തിക്കിടയിലുള്ള സൈനികവിമുക്ത മേഖലയില്‍ (Demilitarized Zone - DMZ) ലാന്ഡ്മൈന് സ്ഫോടനത്തില്‍ മൂന്ന് ദക്ഷിണ കൊറിയന്‍ സൈനികര്‍ക്ക് പരിക്കേറ്റതിനെത്തുടര്‍ന്ന് പിരിമുറുക്കം നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് കിമ്മിന്റെ ഈ പ്രസ്താവന വരുന്നത്. ഈ ലാന്ഡ്മൈനുകള് ഒരു വര്‍ഷം മുമ്പ് ഉത്തര കൊറിയ സ്ഥാപിച്ചതാണെന്ന് ദക്ഷിണ കൊറിയ-ഐക്യരാഷ്ട്രസഭ സംയുക്ത അന്വേഷണത്തില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ദക്ഷിണ കൊറിയ ഒക്ടോബറില്‍ മാപ്പ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സ്ഫോടനം ദക്ഷിണ കൊറിയ കെട്ടിച്ചമച്ചതാണെന്ന് ആരോപിച്ച് ഉത്തര കൊറിയ ഐക്യരാഷ്ട്രസഭ രക്ഷാസമിതിക്ക് കത്തയക്കുകയും, തൊട്ടുപിന്നാലെ കിഴക്കന്‍ തീരത്ത് നിന്ന് ജപ്പാന് കടലിലേക്ക് 10 ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിക്കുകയും ചെയ്തു.
2006 മുതല്‍ ഉത്തര കൊറിയ ആറ് ആണവ പരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്; ഇതില്‍ ഏറ്റവും ശക്തമായ പരീക്ഷണം നടന്നത് 2017ലാണ്. ഉത്തര കൊറിയയുടെ പക്കല്‍ 80 മുതല്‍ 120 വരെ ആണവ വാര്‍ഹെഡ്ഡുകള്‍ (Nuclear Warheads) ഉണ്ടെന്നാണ് ദക്ഷിണ കൊറിയ വിലയിരുത്തുന്നത്.
Content Highlight: North Korean leader Kim Jong Un has called for expanding the deployment of tactical nuclear weapons across different sectors to serve various military purposes. During visits to nuclear material production facilities and weapons research institutions, Kim reaffirmed that North Korea's nuclear status was irreversible and declared that any attempt to deny its status as a nuclear-armed state would be considered an open declaration of war. He also stressed the importance of developing diverse tactical nuclear capabilities in response to modern warfare and perceived security threats. The statements come amid heightened tensions with South Korea following a landmine explosion in the Demilitarized Zone. North Korea has conducted six nuclear tests since 2006, with its most powerful test taking place in 2017.