രാഹുല്‍ ഗാന്ധിക്ക് ആശ്വാസം; വരവില്‍ കവിഞ്ഞ സ്വത്ത് ആരോപണം പരിശോധിക്കാനുള്ള ഹൈക്കോടതി ഉത്തരവ് റദ്ദാക്കി

കേസ് പുതുതായി പരിഗണിക്കാന്‍ സുപ്രീം കോടതി ഹൈക്കോടതിയിലേക്ക് തിരിച്ചയച്ചു

രാഹുല്‍ ഗാന്ധിക്ക് ആശ്വാസം; വരവില്‍ കവിഞ്ഞ സ്വത്ത് ആരോപണം പരിശോധിക്കാനുള്ള ഹൈക്കോടതി ഉത്തരവ് റദ്ദാക്കി
representative image
dot image

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് വരവില്‍ കവിഞ്ഞ് സ്വത്തുക്കളുണ്ടെന്ന ആരോപണം പരിശോധിക്കാന്‍ സിബിഐക്കും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും (ഇഡി) നല്‍കിയ അലഹബാദ് ഹൈക്കോടതി ഉത്തരവുകള്‍ സുപ്രീംകോടതി റദ്ദാക്കി. കേസ് പുതുതായി പരിഗണിക്കാന്‍ ഹൈക്കോടതിയിലേക്ക് തിരിച്ചയച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ബുധനാഴ്ച ഈ ഉത്തരവ് പുറപ്പെടുവിച്ചത്. രാഹുല്‍ ഗാന്ധി സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് നടപടി. കര്‍ണാടക സ്വദേശിയായ ബിജെപി പ്രവര്‍ത്തകന്‍ വിഗ്‌നേഷ് ശിശിര്‍ നല്‍കിയ പരാതിയിലെ ആരോപണങ്ങള്‍ പരിശോധിക്കാനും അന്വേഷണ പുരോഗതി അറിയിക്കാനും നേരത്തെ അലഹബാദ് ഹൈക്കോടതി കേന്ദ്ര അന്വേഷണ ഏജന്‍സികളോട് നിര്‍ദേശിച്ചിരുന്നു. ഹര്‍ജിയില്‍ രാഹുല്‍ ഗാന്ധിയെ കക്ഷി ചേര്‍ക്കും.

മേയില്‍ പുറപ്പെടുവിച്ച ഉത്തരവില്‍, ലോക്‌സഭ പ്രതിപക്ഷ നേതാവിനെതിരായ പരാതി ലഭിച്ചിട്ടുണ്ടെങ്കില്‍ ആരോപണങ്ങള്‍ നിയമപ്രകാരം പരിശോധിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. സിബിഐക്കും ഇഡിക്കും നിയമപരമായി അനുവദനീയമായ നടപടികള്‍ സ്വീകരിക്കാമെന്നും കോടതി നിരീക്ഷിച്ചു. പിന്നീട് അന്വേഷണ പുരോഗതി കോടതിയെ അറിയിക്കാനും ഏജന്‍സികളോട് ആവശ്യപ്പെട്ടു. ജൂലൈ 20ലെ ഉത്തരവില്‍ സിബിഐ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. നേരത്തെ നല്‍കിയ നിര്‍ദേശങ്ങള്‍ പാലിക്കുന്ന തരത്തിലുള്ള വിശദീകരണം സിബിഐ നല്‍കിയിട്ടില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. എന്നാല്‍ ഇഡി ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായി ഹൈക്കോടതി അന്ന് വ്യക്തമാക്കിയിരുന്നു.

അന്വേഷണ ഏജന്‍സികള്‍ക്ക് ആരോപണങ്ങള്‍ പരിശോധിക്കാന്‍ നിര്‍ദേശം നല്‍കിയ ഹൈക്കോടതി ഉത്തരവുകളെ ചോദ്യം ചെയ്താണ് രാഹുല്‍ ഗാന്ധി സുപ്രീംകോടതിയെ സമീപിച്ചത്. കേസ് വീണ്ടും പരിഗണിക്കാന്‍ അലഹബാദ് ഹൈക്കോടതിയിലേക്ക് തിരിച്ചയച്ചതോടെ ആരോപണങ്ങളും നേരത്തെയുള്ള നിര്‍ദേശങ്ങളും ഹൈക്കോടതി പുതുതായി പരിശോധിക്കും.

Content Highlights: The Supreme Court has set aside Allahabad High Court orders directing the CBI and Enforcement Directorate to examine allegations of disproportionate assets against Congress leader Rahul Gandhi. A bench headed by Chief Justice Surya Kant remitted the matter to the High Court for fresh consideration. The proceedings stemmed from a complaint filed by Karnataka-based BJP worker Vignesh Shishir, who had sought verification of the allegations and details of the investigation. Rahul Gandhi had challenged the High Court's directions before the Supreme Court.

dot image
To advertise here,contact us
dot image